17 വർഷം 14 കളക്ടർമാരുടെ ഡ്രൈവർ

0
81

ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിൽ, അതും എല്ലാക്കാര്യങ്ങൾക്കും ചുക്കാൻപിടിക്കുന്ന കളക്ടറുടെ സാരഥിയാകുക അത്ര അനായാസമല്ലെന്ന് മറ്റാരേക്കാൾ നന്നായി അറിയാം ഡ്രൈവർ അനിൽകുമാറിന്. അതു കൊണ്ട് സർക്കാർ സർവീസിൽ കയറി നാലാംപക്കം ആ അവസരം തേടിയെത്തുമ്പോൾ അതിൽനിന്നെങ്ങനെ ഒഴിവാകാമെന്നാണ് നോക്കിയത്. പക്ഷേ അന്നത്തെ കളക്ടർ റാണി ജോർജിന്റെ ഉത്തരവ് പാലിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ മീനച്ചിൽ താലൂക്ക് തഹസിൽദാറുടെ ഡ്രൈവറായ അനിൽകുമാർ ഹോട്ട് സീറ്റായ കളക്ടറുടെ ഡ്രൈവർ പദവിയിലേക്ക്.

അന്ന് മുതൽ 17 വർഷമായി കളക്ടർമാരുടെ മാത്രം ഡ്രൈവറായി സേവനംചെയ്ത് ചൊവ്വാഴ്ച സർവീസിൽനിന്ന് വിരമിക്കുമ്പോൾ ഭാരിച്ച ഉത്തരവാദിത്വം സമർത്ഥമായി ചെയ്തതിന്റെ ചാരിതാർഥ്യമുണ്ട് ആ മുഖത്ത്. എത്രയോ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പോലും അവിചാരിതമായി ആദ്യം അടുത്ത് കേൾക്കാം. അതൊക്കെ ആ ഹൃദയത്തിൽമാത്രം സൂക്ഷിക്കുക. ഏറ്റവും അടുത്തവരോട് പോലും പങ്കുവെയ്ക്കാതിരിക്കുക. ആർക്കും അത്ര എളുപ്പം സാധ്യമാകില്ല. അക്കാര്യം ഭംഗിയോടെ നടപ്പാക്കിയപ്പോൾ കഴിഞ്ഞ കാലങ്ങളിൽ നേതൃത്വം കൊടുത്ത 14 കളക്ടർമാരുടെയും ഗുഡ് ബുക്കിൽ ഇടംപിടിച്ചു.

അത് കൊണ്ട് കളക്ടർമാർ അനിൽകുമാറിന്റെ തസ്തിക ഇളകാതിരിക്കാൻ ആവുംവിധം ശ്രമിച്ചിരിക്കണം. അതുകൊണ്ടെന്താ കോട്ടയം കളക്ടർമാരുടെ ചരിത്രത്തിൽ ഈ ഡ്രൈവറും ഇടംപിടിച്ചു. തുടർച്ചയായി 14 കളക്ടർമാരുടെ സാരഥിപ്പട്ടം. ”ചൊവ്വാഴ്ച കടപ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയത് കളക്ടറുടെ കാറിൽ. ഇത്രയും നാൾ ഒരിക്കൽ പോലും ഇരുന്നിട്ടില്ലാത്ത പിൻസീറ്റിൽ കളക്ടർക്കൊപ്പം ഇരിക്കാൻ മാഡം ക്ഷണിക്കുമ്പോൾ എനിക്ക് കണ്ണുനിറയുന്നുണ്ടായിരുന്നു. പരിഭ്രമവും തോന്നി.”

കടപ്പൂരെ കുഴിമുള്ളിൽ വീട്ടിൽ കളക്ടർ ഡോ.പി.കെ. ജയശ്രീയാണ് അനിൽകുമാറിനെ ഒപ്പംകൊണ്ടുപോയിവിട്ടത്. ഒരിക്കൽ ഏതോ സംസ്ഥാനത്ത് വിരമിച്ച ഡ്രൈവറെ, കളക്ടർ ഡ്രൈവ്ചെയ്ത് വീട്ടിൽ കൊണ്ടാക്കിയ വാർത്തയാണ് അപ്പോൾ അനിൽകുമാർ ഓർത്തത്. കളക്ടർമാരുടെ സ്ഥിരം ഡ്രൈവറാകാൻ അവസരം കിട്ടിയതിന് പിന്നിൽ അർപ്പണബോധം തന്നെയെന്ന് അനിലും. ഒരു കാര്യങ്ങളിലും അനാവശ്യമായി ഇടപെട്ടിട്ടില്ല. കളക്ടർ കാറിലിരുന്നു കാര്യങ്ങൾ സംസാരിച്ചാൽ അതെന്താണെന്ന് അന്വേഷിക്കാറില്ല.

നിർത്തിയിട്ട കാറിലിരുന്നു കളക്ടർ സംസാരിച്ചാൽ ഡോർ തുറന്ന് പുറത്തുനിൽക്കും. ഇത്രയും ഉത്തരവാദിത്വത്തോടെ ജോലിചെയ്യുന്നവർ അപൂർവമെന്ന് കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ സാക്ഷ്യപ്പെടുത്തൽ. ആ മികവ് തിരിച്ചറിഞ്ഞ മുൻ കളക്ടർമാർ പലരും ചൊവ്വാഴ്ച അനിലിനെ ഫോണിൽ വിളിച്ച് ആശംസിച്ചു. മുൻ കളക്ടർ പി.കെ. സുധീർബാബു ഭാര്യയ്ക്കൊപ്പം വീട്ടിലെത്തി. ഭാര്യ: രാജിമോൾ, ഫാർമസിസ്റ്റ് (മാതാ ആശുപത്രി). മക്കൾ: സത്യജിത്, അനുശ്രീ.

LEAVE A REPLY

Please enter your comment!
Please enter your name here