കൊച്ചി: സ്വകാര്യ ബസ്സുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ഹൈക്കോടതി. കൊച്ചി നഗരത്തില്‍ ബസ്സുകള്‍ കാതടപ്പിച്ച് ഹോണ്‍ മുഴക്കുന്നതും വാഹനങ്ങളെ മറികടക്കുന്നതും ഹൈക്കോടതി തടഞ്ഞു. ഇതേ ഉത്തരവ് ഓട്ടോറിക്ഷകള്‍ക്കും ബാധകമാണ്.
ഹൈക്കോടതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കി. പെരുമ്പാവൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഉടമകള്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് അമിത് റാവല്‍ ഇത്തരമൊരു ഉത്തരവിറക്കിയത്.
സ്വകാര്യ ബസ്സുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും ഹൈക്കോടി നിര്‍ദേശിച്ചു. ഇതിന് പുറമേ വേഗ നിയന്ത്രണം കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. കാതടപ്പിക്കുന്ന ഹോണ്‍ മുഴക്കി വരി നോക്കാതെ തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ.
ബസ്സുകള്‍ റോഡില്‍ കാണരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നഗര പരിധിയില്‍ ഹോണ്‍ മുഴക്കാനും പാടില്ല. കര്‍ശനമായ നിയന്ത്രണം സ്വകാര്യ ബസ്സുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ആവശ്യമാണെന്ന് ജസ്റ്റിസ് അമിത് റാവല്‍ പറഞ്ഞു.
ഓട്ടോറിക്ഷകള്‍ റോഡില്‍ ഇഷ്ടം പോലെ കറങ്ങി നടന്ന് ഏതെങ്കിലും സ്ഥലത്ത് നിന്നും യാത്രക്കാരെ കയറ്റുന്നുണ്ട്. ഈ രീതി അവസാനിപ്പിക്കണം. ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് മാത്രം ഓട്ടം തുടങ്ങണമെന്ന നിര്‍ദേശം നല്‍കണം.
അതേസമയം സിറ്റി പോലീസ് കമ്മീഷണറോടും മോട്ടോര്‍ വാഹന വകുപ്പിനോടും വേഗത്തില്‍ തന്നെ ഉത്തരവിറക്കാനാണ് ജസ്റ്റിസ് റാവല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്ക് ജനസംഖ്യാനുപാതമില്ലാതെ പെര്‍മിറ്റ് അനുവദിക്കരുതെന്നും, ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പ് വരുത്തണമെന്നും ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്.