കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ചുപേരുടെ മരണത്തില്‍ ഇന്ന് വ്യക്തതവരും

0
26

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വെള്ളിയാഴ്ച ഉണ്ടായ അഞ്ചുമരണം ആശുപത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചത് മൂലമാണോ എന്നതില്‍ ഇന്ന് വ്യക്തത വരും. അപകടത്തിന് പിന്നാലെ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചതായി ടി. സിദ്ദിഖ് എം.എല്‍.എ. ആരോപിച്ചിരുന്നു. ആരോപണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.ജി. സജീത്ത് കുമാര്‍ നിഷേധിക്കുകയും ചെയ്തു.

പുക ശ്വസിച്ചല്ല ഇവര്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ മരണം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണുള്ളത്. സംശയം ഉന്നയിക്കുന്നവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയാകും മരണകാരണം കണ്ടെത്തുക.

പത്ത് മണിയോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ യോഗം ചേരും. മരിച്ചവരുടെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ നടത്തും. നസീറയുടെയും ഗംഗയുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. മറ്റുള്ളവരുടേത് സംബന്ധിച്ച് ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

പിഎംഎസ്എസ്വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തില്‍ എംആര്‍ഐ യൂണിറ്റിന്റെ യുപിഎസില്‍ (ബാറ്ററി യൂണിറ്റ്) ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പൊട്ടിത്തെറിയും പുകപടലവും ഉണ്ടായത്. വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമ ബംഗാളുകാരിയായ ഗംഗ, വയനാട് സ്വദേശി നസീറ, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ മരണകാരണം സംബന്ധിച്ചാണ് വ്യക്തത വരുത്തുക.

മൂന്നുപേര്‍ അവരുടെ രോഗം കാരണം മരിച്ചതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇവരുടെ ബന്ധുക്കളും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടില്ല. വയനാട് സ്വദേശി നസീറയേയും പശ്ചിമ ബംഗാള്‍ സ്വദേശിനി ഗംഗയേയും ആത്മഹത്യാശ്രമത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗംഗ ആശുപത്രിയിലെത്തും മുമ്പേ മരിച്ചതായാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചത്. നസീറയുടെ മരണത്തില്‍ സഹോദരന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വെന്റിലേറ്ററില്‍നിന്ന് മാറ്റിയതുകൊണ്ടാണ് നസീറ മരിച്ചതെന്നാണ് ആക്ഷേപം.

‘നസീറ ഐസിയുവിലാണ് ഉണ്ടായിരുന്നത്. ഇവിടെ എമര്‍ജന്‍സി ഡോര്‍ ഉണ്ടായിരുന്നത് ചങ്ങല വെച്ച് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഓക്‌സിജനും മറ്റും നല്‍കിയതിനാല്‍ ഐസിയിവിലുള്ളവരെ ഡോര്‍ ചവിട്ടി പൊളിച്ചാണ് പുറത്തേക്കെത്തിച്ചത്. വെന്റിലേറ്ററിന്റെ സഹായമില്ലാതെ മുറ്റത്താണ് നിര്‍ത്തിയത്. പിന്നീട് അവിടെനിന്ന് മാറ്റി, പള്‍സ് കുറഞ്ഞതോടെ നസീറ മരിച്ചു’ സഹോദരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here