ന്യൂഡല്‍ഹി: തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നും കര്‍ഷകര്‍ ഗുസ്തി താരങ്ങളുടെ സമരവേദിയിലെത്തി.
കര്‍ഷകര്‍ ജന്തര്‍ മന്തറിലെ സമരവേദിയിലെത്തുന്നത് തടയാനായാണ് ഡല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് റോഡ് അടച്ചത്. പഞ്ചാബ്, ഹരിയാന, യു.പി എന്നിവിടങ്ങളിലെ കര്‍ഷകരാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഗുസ്തി താരങ്ങളുടെ സമരത്തില്‍ അണിചേര്‍ന്നത്.
ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്. ഇന്നലെ കര്‍ഷക സമര നേതാവ് രാകേഷ് ടികായതിന്‍റെ നേതൃത്വത്തിലെത്തിയ കര്‍ഷകര്‍ ഗുസ്തി താരങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
കര്‍ഷകരെ തടയാന്‍ ഡല്‍ഹി അതിര്‍ത്തിയായ സിംഗു, തിക്രി തുടങ്ങിയ പ്രദേശങ്ങളില്‍ പാരാമിലിട്ടറിയേയും സമരവേദിയായ ജന്തര്‍മന്തറില്‍ 2,000ത്തിലധികം പൊലീസുകാരെയും വിന്യസിച്ചിരിക്കുകയാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ഞായറാഴ്ച രാത്രി ഏഴിന് ജന്തര്‍മന്തറില്‍ മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. നിരന്തര ലൈംഗികാതിക്രമം ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്നുണ്ടായെന്നാണ് താരങ്ങള്‍ വ്യക്തമാക്കുന്നത്. പരാതി നല്‍കിയിട്ടും ബ്രിജ് ഭൂഷനെതിരെ നടപടിയല്ലാത്ത സാഹചര്യത്തിലാണ് താരങ്ങളുടെ സമരം. ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റങ് പുനിയ, ലോക ചാമ്ബ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെ താരങ്ങള്‍ സമരപ്പന്തലിലുണ്ട്.