163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 13 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം നേടിയത്. സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിന്റെ തുടക്കവും മികച്ചതായിരുന്നില്ല.പ്രഭ്‌സിമ്രാന്‍ സിംഗ്(13) വേഗത്തില്‍ തന്നെ പുറത്തായി. ഒരു സിക്‌സറും ബൗണ്ടറിയും താരം അടിച്ചിരുന്നു. പക്ഷേ പിന്നീട് പഞ്ചാബ് മത്സരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. ജോണി ബെയര്‍സ്റ്റോ(46) റൈലി റൂസ്സോ(43) എന്നിവര്‍ ചേര്‍ന്നായിരുന്നു ചെപ്പോക്കില്‍ പടനയിച്ചത്. 64 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു ഇവരുടേത്.
ബെയര്‍സ്റ്റോ 30 പന്തിലാണ് 46 റണ്‍സടിച്ചത്. 7 ബൗണ്ടറിയും ഒരു സിക്‌സറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ സെഞ്ച്വറിയടിച്ച ബെയര്‍സ്റ്റോയുടെ അതേ പ്രകടനമാണ് ചെപ്പോക്കിലും കണ്ടത്. റൂസ്സോയുടെ ബാറ്റിംഗും അതിവേഗത്തിലായിരുന്നു. 23 പന്തിലാണ് താരം 43 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
ഇരുവരും പുറത്തായെങ്കിലും മധ്യനിരയും വീണ്ടും കരുത്ത് കാണിച്ചതോടെ പഞ്ചാബ് എളുപ്പത്തില്‍ ജയം പിടിക്കുകയായിരുന്നു. ശശാങ്ക് സിംഗ്(25*) സാം കറന്‍(26*) എന്നിവരുടെ ബാറ്റിംഗാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സിഎസ്‌കെ ബൗളര്‍മാരില്‍ ഷാര്‍ദുല്‍ താക്കൂര്‍, റിച്ചാര്‍ഡ് ഗ്ലീസന്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. പക്ഷേ വിചാരിച്ച വേഗം ഇന്നിംഗ്‌സിനുണ്ടായിരുന്നില്ല.
അജിന്‍ക്യ രഹാനെ(29) റുതുരാജ് ഗെയക്വാദ്(62) എന്നിവര്‍ ചേര്‍ന്ന് 8.2 ഓവറില്‍ 64 റണ്‍സാണ് ചേര്‍ത്തത്. രഹാനെ 24 പന്തില്‍ അഞ്ച് ബൗണ്ടറികളാണ് 29 റണ്‍സടിച്ചത്. എന്നാല്‍ രഹാനെ പുറത്തായതോടെ മത്സരത്തില്‍ ചെന്നൈ പതറുന്ന കാഴ്ച്ചയാണ് കണ്ടത്. സ്‌കോറിംഗ് വളരെ പിന്നോട്ട് പോവുകയായിരുന്നു. ശിവം ദുബെ(0) രവീന്ദ്ര ജഡേജ(2) എന്നിവര്‍ വേഗത്തില്‍ പുറത്തായി. റുതുരാജും സമീര്‍ റിസ്വി(21)യും ചേര്‍ന്നായിരുന്നു പിന്നീട് ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയത്. പക്ഷേ ഇന്നിംഗ്‌സിന് വേഗമുണ്ടായിരുന്നില്ല.
മൂന്നിന് എഴുപത് എന്ന നിലയിലായിരുന്നു റിസ്വിയുമായി ചേര്‍ന്ന് റുതുരാജ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. 37 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു ഇത്. എന്നാല്‍ ബൗണ്ടറികളില്ലാത്ത 56 പന്തുകളാണ് കടന്നുപോയത്. റിസ്വി ആകെ ഒരു ബൗണ്ടറിയാണ് അടിച്ചത്. ഗെയ്ക്വാദ് 48 പന്തില്‍ അഞ്ച് ബൗണ്ടറികളുടെയും രണ്ട് സിക്‌സറുകളുടെയും സഹായത്തോടെയാണ് 62 റണ്‍സടിച്ചത്. മോയിന്‍ അലി(15)യാണ് സിഎസ്‌കെയുടെ മറ്റൊരു സ്‌കോറര്‍. പഞ്ചാബിന്റെ സ്പിന്നര്‍മാരാണ് ചെന്നൈയെ ശരിക്കും പൂട്ടിയത്. ഹര്‍പ്രീത് ബ്രാറും, രാഹുല്‍ ചാഹറും ചേര്‍ന്ന് നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദയും അര്‍ഷ്ദീപ് സിംഗും ഓരോ വിക്കറ്റെടുത്തു.