ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അമേരിക്കയിലെ മരിയ ബ്രാന്യാസ് മൊറേറയെ തിരഞ്ഞെടുക്കപ്പെട്ടു. 115-ാമത്തെ വയസിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് മരിയ നേടിയത്. ജനവുവരി 17-നാണ് ലോക റെക്കോര്‍ഡിന് ഉടമയായിരുന്ന 118 വയസുള്ള ഫ്രഞ്ച് കന്യാസ്ത്രീ ലുസൈന്‍ റാന്‍ഡന്‍ മരിച്ചത്. ഇതിനു പിന്നാലെയാണ് മരിയ ബ്രാന്യാസ് മൊറേറ ഈ പദവിയിലേയ്ക്ക് എത്തുന്നതെന്നാണ് ജെറന്‍റോളജി സീനിയര്‍ കണ്‍സള്‍ച്ചന്‍റ് റോബര്‍ട്ട് ഡിയംഗ് പറയുന്നത്.
1907 മാര്‍ച്ച് 4-ന് അമേരിക്കയിലാണ് മരിയയുടെ ജനനം. ടെക്സാസില്‍ പത്രപ്രവര്‍ത്തകനായിരുന്നു മരിയയുടെ പിതാവ്. ഒന്നാംലോക മഹായുദ്ധകാലത്ത് സ്പെയിനിലേയ്ക്ക് മടങ്ങുന്നതിനിടെ അദ്ദേഹം ക്ഷയം ബാധിച്ച് മരിച്ചു. പിന്നീട് മരിയയും അമ്മയും ബാഴ്സലോണയില്‍ സ്ഥിര താമസമാക്കി. 1931-ന് മരിയ ഡോക്ടറായ ജോണ്‍ മോററ്റിനെ വിവാഹം ചെയ്തു, ഭര്‍ത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976-ല്‍ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തൊണ്ണൂറ്റി രണ്ടാമത്തെ വയസില്‍ ഒലോട്ടയിലെ നഴ്സിങ് ഹോമിലേയ്ക്ക് താമസം മാറിയ മരിയ ഇപ്പോഴും അവിടത്തെ അന്തേവാസികള്‍ക്കൊപ്പം ആണ് താമസം. ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലാത്ത അവര്‍ ഇന്നും ഊര്‍ജസ്വലയായ വ്യക്തിയാണ്. ഒഴിവ് സമയങ്ങളില്‍ പിയാനോ വായനയും വ്യായാമവുമൊക്കെ ചെയ്യും.