ബംഗാൾ അക്രമങ്ങള്‍ക്കെതിരായ പരാമര്‍ശത്തിന് ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

0
37
വഖഫ് ഭേദഗതി ബില്ലിനെതിരേ പശ്ചിമബംഗാളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബംഗ്ലാദേശ് നടത്തിയ പ്രസ്താവന ഇന്ത്യ തള്ളി. ധാക്കയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ക്ക് സമാന്തരമായുള്ള ”കപടശ്രമ”മാണിതെന്ന് ഇന്ത്യ വിശേഷിപ്പിച്ചു.

സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ ന്യൂനപക്ഷമായ മുസ്ലിം ജനതയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് വ്യാഴാഴ്ച ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

”പശ്ചിമബംഗാളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ തള്ളിക്കളയുന്നു,” വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ”ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ പീഡനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളുമായി സമാന്തരമായി വരച്ചുകാട്ടാനുള്ള കപടശ്രമമാണിത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന കുറ്റവാളികള്‍ സ്വതന്ത്രമായി വിഹരിക്കുന്നത് തുടരുകയാണ്,” പ്രസ്താവന കൂട്ടിച്ചേര്‍ത്തു.പശ്ചിമബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയും മൂര്‍ഷിദാബാദ്, സൗത്ത് പര്‍ഗാനസിലെ ഭംഗര്‍ എന്നിവടങ്ങളില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിന് പകരം ബംഗ്ലാദേശ് സ്വന്തം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ബംഗ്ലാദേശ് പറഞ്ഞതെന്ത്?

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ വര്‍ഗീയ ആക്രമണങ്ങളുമായി ബംഗ്ലാദേശിനെ ബന്ധപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീം ജനതയെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.” മൂര്‍ഷിദാബാദിലെ വര്‍ഗീയ അക്രമത്തില്‍ ബംഗ്ലാദേശിലെ ഉള്‍പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു,” മുഹമ്മദ് യൂസഫിന്റെ പ്രസ് സെക്രട്ടറി ഷഫീഖുല്‍ ആലം പറഞ്ഞു.

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ മൂന്ന് അതിര്‍ത്തിപ്രദേശങ്ങളില്‍ അടുത്തിടെയുണ്ടായ അക്രമത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൊവ്വാഴ്ച ആശങ്ക ഉന്നയിച്ചിരുന്നു. മുന്‍കരുതലെന്നോണം കൂടുതല്‍ അര്‍ധ സൈനികരെ പ്രദേശത്ത് വിന്യസിക്കാന്‍ ഉത്തരവിട്ടതായി വിവിധ വൃത്തങ്ങള്‍ അറിയിച്ചു.

അക്രമസംഭവങ്ങളിൽ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ പങ്കാളിത്തം കണ്ടെത്തിയതായും തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

മൂര്‍ഷിദാബാദ് ജില്ലയിലെ ധൂലിയന്‍ പട്ടണത്തില്‍ നിന്നുള്ള 400ലധികം ഹിന്ദുക്കള്‍ അക്രമങ്ങളെ ഭയന്ന് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായെന്ന് പശ്ചിമബംഗാളിലെ ബിജെപി യൂണിറ്റ് അവകാശപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here