നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ നിലപാടിനെ ചൊല്ലി യുഡിഎഫിൽ ചർച്ചകൾ മുറുകുന്നതിനിടെ തൃണമൂൽ കോൺഗ്രസ് നാളെ അടിയന്തരയോഗം ചേരും. നിലമ്പൂരിൽ നടക്കുന്ന യോഗം പി വി അൻവർ ഉദ്ഘാടനം ചെയ്യും. അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിച്ച നിരവധി ചരിത്രം എൽഡിഎഫിന് ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.
നിലമ്പൂർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് ജോയ്ക്കുവേണ്ടി പി വി അൻവർ സമ്മർദ്ദം ചിലത്തിയിരുന്നു. വാർത്തകൾ പുറത്തുവന്നതിനുശേഷം സ്ഥാനാർഥി പ്രഖ്യാപനം വരെ ഇനി മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നും അദ്ദേഹം നിലപാടെടുത്തു. ഇതിന് തൊട്ടുപിന്നാലെയാണ് നാളെ നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിൻറെ അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് മുഖ്യ അജണ്ട. 9 വർഷത്തോളം പിവി അൻവറിൻ്റെ എംഎൽഎ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടം തൃണമൂൽ കോൺഗ്രസിന്റെ ഓഫീസാക്കി മാറ്റി. ആര്യാടൻ മുഹമ്മദിൻ്റെ വീടിനു സമീപമുള്ള ഓഫീസാണ് ടി എം സി മണ്ഡലം ഓഫീസാക്കിയത്. പിവി അൻവർ സിപിഐഎമ്മിന് അടഞ്ഞ അധ്യായമാണെന്നും സ്വതന്ത്രരെ വിജയിപ്പിച്ച നിരവധി ചരിത്രം പാർട്ടിക്ക് ഉണ്ടെന്നും ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സർക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തൽ ആകുമെന്ന് പി.പി സുനീർ എം.പി. സ്വതന്ത്രരെ പരീക്ഷിക്കുമ്പോൾ സൂക്ഷ്മത വേണമെന്ന നിലപാട് സിപിഐ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം 24 നോട് പറഞ്ഞു. അനൗദ്യോഗിക പ്രചാരണവും സ്ഥാനാർത്ഥിനിർണയ ചർച്ചകളുമായി നിലമ്പൂർ മണ്ഡലം സജീവമായി കഴിഞ്ഞു.