ന്യൂഡൽഹി• കേരളത്തിൽ നിന്ന് മറ്റുള്ളവർ പഠിക്കുന്നതുപോലെ കേരളവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഠിക്കണമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ‘മനോരമ’യോട്. ഇതാണ് നല്ല ഫെഡറിലസമെന്നും അദ്ദേഹം പറഞ്ഞു. കേരള ചീഫ് സെക്രട്ടറി വി.പി ജോയി ഗുജറാത്ത് ഭരണമാതൃക പഠിക്കാൻ പോയതു സംബന്ധിച്ചാണ് അമിതാഭ് കാന്തിന്റെ പ്രതികരണം.
പദ്ധതികൾ നിരീക്ഷിക്കാനായി ഗുജറാത്ത് വികസിപ്പിച്ച ‘സിഎം ഡാഷ്ബോർഡി’നെ മികച്ച മാതൃകയെന്നാണ് നിതി ആയോഗ് 2020ൽ വിശേഷിപ്പിച്ചത്. ഡാഷ്ബോർഡിനെക്കുറിച്ച് പഠിക്കാനായി അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള നിതി ആയോഗ് സംഘം ഗുജറാത്തിൽ പോയിരുന്നു. ഏറ്റവും ശക്തമായ ഭരണനിർവഹണ സംവിധാനമെന്നാണ് അദ്ദേഹം അന്ന് എഴുതിയത്. അതേ ഡാഷ്ബോർഡിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി പോയത്.വികസനവിഷയങ്ങളിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്ന് അമിതാഭ് കാന്ത് പറഞ്ഞു. കേരളത്തിന്റെ സവിശേഷമായ വികസനമാതൃക മറ്റു പല സംസ്ഥാനങ്ങളും പിന്തുടർന്നിട്ടുണ്ട്.
നിതി ആയോഗിന്റെ പല സൂചികകളിലും കേരളം തുടർച്ചയായി മുന്നിലുമാണ്. ഇന്ത്യ പോലെ വലിയൊരു രാജ്യത്ത്, കേരളവും മറ്റു സംസ്ഥാനങ്ങളുടെ നല്ല രീതികൾ മനസ്സിലാക്കണം. സ്കൂളുകളുമായി ബന്ധപ്പെട്ട് ഡേറ്റ അധിഷ്ഠിതമായി ഗുജറാത്ത് ഒരു കമാൻഡ് ആൻഡ് കണ്ട്രോൾ സെന്റർ തുടങ്ങിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, മെഷീൻ ലേണിങ് എന്നിവ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിൽ മികച്ച തീരുമാനമെടുക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു. ഇതുവഴി സ്കൂളുകളിലെ ഹാജർ വർധിപ്പിക്കാനും കുട്ടികളുമായി ബന്ധപ്പെട്ട സമഗ്രമായ അക്കാദമിക് റിപ്പോർട്ട് തയാറാക്കാനും കഴിയുന്നു. ഇതൊരു ടോപ് ക്ലാസ് ഇന്നവേഷൻ ആണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് പഠിക്കുന്നതുവഴി കേരളം കൂടുതൽ പുരോഗമനപരമാകും. സംസ്ഥാനങ്ങൾ വളരുമ്പോഴാണ് ഇന്ത്യയും വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.