തിരുവനന്തപുരം • സിൽവർലൈൻ യാഥാർഥ്യമായാൽ കേരളം രണ്ടായി പിളരുമെന്ന് ഇ.ശ്രീധരൻ അഭിപ്രായപ്പെട്ടു. സംസ്ഥാനം കിഴക്കൻ കേരളമെന്നും പടിഞ്ഞാറൻ കേരളമെന്നും വിഭജിക്കപ്പെടാൻ പദ്ധതി ഇടയാക്കുമെന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു.
5 വർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കാനാവില്ല. 15 വർഷമെങ്കിലും വേണ്ടിവരും. കാൽലക്ഷം കുടുംബങ്ങളെങ്കിലും കുടിയൊഴിക്കപ്പെടും. പരിസ്ഥിതി പ്രശ്നങ്ങൾ വേറെ. എണ്ണൂറിലേറെ മേൽപാലങ്ങളാണു വേണ്ടിവരിക. ഒരു പാലത്തിനു മാത്രം 20 കോടി വേണം. ചെറിയ പാലങ്ങളെക്കുറിച്ചു പദ്ധതിരേഖയിൽ മിണ്ടുന്നില്ല. ഇപ്രകാരം 5,000 പാലങ്ങൾ വേണ്ടി വരും. ഒരു കോടിയോളം രൂപയാണ് ഓരോന്നിനും ചെലവ്.
വരുമാനത്തിന്റെ കാര്യത്തിൽ പദ്ധതി പരാജയമാകും. അറ്റകുറ്റപ്പണികൾക്കു മാത്രം ദിവസം 6 മണിക്കൂറോളം വേണ്ടിവരുമെന്നതിനാൽ രണ്ടോ മൂന്നോ സർവീസുകൾ മാത്രമേ പ്രതിദിനം സാധിക്കൂ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരമൊരു പദ്ധതി വേണമോ എന്ന് അധികൃതർ ചിന്തിക്കണം – ശ്രീധരൻ പറഞ്ഞു.