തട്ടിയെടുത്ത പണം ബിജുലാൽ 5 അക്കൗണ്ടുകളിലേക്ക് മാറ്റി; ട്രഷറി തട്ടിപ്പിൽ വകുപ്പുതല അന്വേഷണം

0
138

തിരുവനന്തപുരം: വഞ്ചിയൂർ സബ്ട്രഷറിയിൽനിന്ന് പണംതട്ടാൻ സീനിയർ അക്കൗണ്ടൻ്റ് ബിജുലാലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വകുപ്പുതല അന്വേഷണം. ഇതിന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായം തേടും. തട്ടിയെടുത്ത പണം ബിജുലാൽ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്ക് മാറിയതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

സബ്ട്രഷറി ഓഫിസറുടെ ലോഗിനും പാസ് വേഡും ഉപയോഗിച്ച് പണം തട്ടിയ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണത്തിന് ട്രഷറി വകുപ്പ് തീരുമാനിച്ചത്. ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ട്രഷറിയുടെ സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫൊർമാറ്റിക്സ് സെൻ്ററിൻ്റെയും സഹായം തേടും.

ട്രഷറിയിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെൻ്റ് സെൽ വിരമിച്ച ഉദ്യോഗസ്ഥൻ്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കിൽ ബിജുലാലിന് പണം തട്ടാൻ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം. തട്ടിയെടുത്ത രണ്ടു കോടിയിൽ 61 ലക്ഷം രൂപ ബിജുലാൽ തൻ്റെ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിൻ്റെ ട്രഷറി അക്കൗണ്ടുകളിൽ തന്നെ കണ്ടെത്തി. ഇതേസമയം പണം തട്ടിപ്പിൽ വഞ്ചിയൂർ പൊലീസ് എടുത്ത കേസിൽ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here