ജീവകാരുണ്യ പരിപാടികള്‍ക്കായി സ്വരൂപിച്ച കോടികള്‍ ധൂര്‍ത്തടിച്ച കൊച്ചിയിലെ ഭാഗ്യോദയം ചാരിറ്റബിൾ കമ്പനിക്ക്, ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ പത്തുലക്ഷം രൂപ പിഴ ചുമത്തി. ലോണെന്ന പേരില്‍ ഇഷ്ടക്കാര്‍ക്ക് വന്‍തുകകള്‍ വിതരണം ചെയ്തു. പൊന്നുംവിലയുള്ള ഭൂസ്വത്തുക്കള്‍ വിറ്റഴിക്കാന്‍ നീക്കം നടത്തി എന്നിങ്ങനെ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് നിലവില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് കമ്പനി.
ഒരു നൂറ്റാണ്ടോളമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ഭാഗ്യോദയം കമ്പനിയിലെ ക്രമക്കേടുകള്‍ക്കെതിരെ കമ്പനിയുടെ തന്നെ ഡയറക്‌ടർമാരിൽ ഒരു വിഭാഗമാണ് ആദ്യം രംഗത്തെത്തിയത്. കമ്പനി ലോ ട്രിബ്യൂണലിന് ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പാണ് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. അഡ്മിനിസ്ട്രേറ്റര്‍ ആയി നിയോഗിക്കപ്പെട്ട ഹൈക്കോടതി മുൻ ജഡ്ജി കെ നാരായണക്കുറുപ്പ് ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വന്‍ ക്രമക്കേടിന്റെ വിവരങ്ങള്‍ ഉള്ളത്.
കൊച്ചി നഗരത്തിൽ കമ്പനിയുടെ പേരിലുള്ള കോടികൾ വിലമതിക്കുന്ന ഭൂസ്വത്തുകൾ കോടതി വിധികളെയും മറികടന്ന് വിറ്റഴിക്കാൻ ശ്രമിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച കോടിക്കണക്കിന് തുക കമ്പനി ഡയറക്ടർമാർക്കും സ്വന്തക്കാർക്കുമായി ലോൺ എന്ന പേരിൽ വിതരണം ചെയ്തു. പ്രഥമികമായി ഒരു അപേക്ഷ സ്വീകരിക്കാതെയാണ് ഈ ഇടപാടുകളെല്ലാം നടന്നത്. ഇതടക്കം എല്ലാത്തിന്റെയും രേഖകള്‍ ആവശ്യപ്പെട്ട അഡ്മിനിസ്ടേറ്റര്‍ക്ക് അവ നല്‍കാതെ അന്വേഷണം തടസപ്പെടുത്താനും ശ്രമിച്ചുവെന്ന് നിരീക്ഷിച്ചാണ് മുൻ മാനേജിങ് ഡയറക്ടർ പോൾ ജോസഫിന് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ അഡ്മിനിസ്ടേറ്റര്‍ ആയി ജസ്റ്റിസ് നാരായണക്കുറുപ്പിനെ നിയമിച്ച ട്രിബ്യൂണലിന്റെ നടപടി ചോദ്യം ചെയ്താണ് മുന്‍ ഭരണസമിതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. ഈ അപ്പിലുകള്‍ തള്ളിയതിന് പുറമെയാണ് പത്തുലക്ഷം രൂപയുടെ പിഴയും ചുമത്തിക്കിട്ടിയത്. 30 ദിവസത്തിനുള്ളിൽ പിഴ ഒടുക്കിയില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ട്. ഇതിനെല്ലാം പുറമെ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കാൻ ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തോട് കമ്പനി ലോ ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.