Jammu on alert as terrorists: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐഎസ് അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് നാല് തീവ്രവാദ ലോഞ്ച് പാഡുകൾ സജീവമാക്കിയതായി സൂചന.
മസ്രൂർ ബഡാ ഭായ്, ചപ്രാൽ, ലൂണി, ഷകർഗഡ് എന്നീ തീവ്രവാദ ലോഞ്ച് പാഡുകൾ സജീവമാക്കിയാതായാണ് സൂചന. ഈ ലോഞ്ച് പാഡുകളിൽ ലഷ്‌കർ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ തീവ്രവാദികൾ ഒത്തുകൂടുന്നതായാണ് റിപ്പോർട്ട്.
മേഖലയിൽ ഭീകരാക്രമണം ഉണ്ടാകാതിരിക്കാൻ സൈന്യം അതീവ ജാഗ്രതയിലാണ്. അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ പാക്കിസ്ഥാൻ റേഞ്ചർമാർ ഈ ഭീകരരെ സഹായിക്കുന്നുണ്ട്. നിലവിൽ 50ൽ അധികം തീവ്രവാദികൾ ഈ ലോഞ്ച് പാഡിലുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
2022 ഡിസംബറിൽ, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിർമ്മിച്ച ലോഞ്ച് പാഡിൽ ലഷ്‌കർ, ഐഎസ്ഐ ഭീകരർ എന്നിവരുമായി പാകിസ്ഥാൻ ഐഎസ്ഐ ഒരു കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അതിർത്തികളിലേക്കുള്ള പുതിയ നുഴഞ്ഞുകയറ്റ പാതകൾ കണ്ടെത്തുന്നതിനും ഡ്രോണുകളിൽ നിന്ന് ആയുധങ്ങൾ വിതരണം ചെയ്യുന്നതിനുമാണ് യോഗം ചേർന്നത്.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ ബുദ്ഗാം ജില്ലയിൽ കോടതി സമുച്ചയത്തിന് സമീപം രണ്ട് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരർ പുൽവാമ ജില്ലയിൽ നിന്നുള്ള അർബാസ് മിർ, ഷാഹിദ് ഷെയ്ഖ് എന്നിവരാണ്.