മലയാളത്തിന്റെ എവർഗ്രീൻ കോമ്പോ ആയ മീരാ ജാസ്മിനും (Meera Jasmine) നരേനും (Narain) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്യൂൻ എലിസബത്ത്’ (Queen Elizabeth) ചിത്രത്തിന് സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ്. ഡിസംബർ 29 ന് തിയെറ്ററുകളിലെത്തുന്ന ചിത്രം ഒരിടവേളക്ക് ശേഷമുള്ള മീരാ ജാസ്മിന്റെ മടങ്ങി വരവ് കൂടിയാണ്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായി എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എം. പത്മകുമാർ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും, എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേർന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ശ്വേത മേനോൻ, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്തി’ലൂടെ തന്റെ ഉജ്ജ്വലമായ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മീരാ ജാസ്മിൻ. അർജുൻ ടി. സത്യനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.