മുംബൈയിലെ ധാരാവിയുടെ പരിവർത്തനത്തിന് വഴിയൊരുങ്ങുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി വികസനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറായി. 96,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. 2032- ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ധാരാവിയുടെ പുനർവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈയിലെ ഈ ചേരിയിൽ ഒരു ദശലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. . മഹാരാഷ്ട്ര സർക്കാർ ധാരാവിയുടെ പുനർനിർമ്മാണത്തിന് അനുമതി നൽകി. 96,000 കോടി രൂപയാണ് ധാരാവി വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്.
ഈ വർഷം ആദ്യം തന്നെ ധാരാവി പുനർവികസന പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. ആദ്യ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയതിനെത്തുടർന്ന് റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏഴ് വർഷത്തിനുള്ളിൽ മുഴുവൻ പരിവർത്തനവും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, 2032 ഓടെ പദ്ധതി പൂർത്തീകരിക്കുമെന്നാണ് സൂചന.
മഹാരാഷ്ട്ര സർക്കാരിൻ്റെ ചേരി പുനരധിവാസ അതോറിറ്റിയും അദാനി ഗ്രൂപ്പും കൈകോർത്താണ് ധാരാവി വികസിപ്പിക്കുന്നത്. 251.24 ഹെക്ടർ വിസ്തൃതിയുള്ള സ്ഥലമാണ് പുനർവികസിപ്പിക്കുന്നത്. ഭവന, വാണിജ്യ മേഖലയുടെ വികസനത്തിനായി 108.99 ഹെക്ടർ സ്ഥലം വിനിയോഗിക്കുന്നു. ശേഷിക്കുന്ന ഭൂമി റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതു സേവനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി ഉപയോഗിക്കും.
സ്ഥലത്തിൻ്റെ 56.01 ശതമാനം താമസക്കാരുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. വാണിജ്യാവശ്യങ്ങൾക്കായും ഭൂമി നൽകും. അർഹരായ ചേരി നിവാസികൾക്കായി 49,832 റെസിഡൻഷ്യൽ യൂണിറ്റുകൾ മാറ്റി വയ്ക്കും.8,700 യൂണിറ്റുകൾ പുതുക്കി പണിത് നൽകും. 1,010 വാണിജ്യ യൂണിറ്റുകൾ ഉണ്ടായിരിക്കും. യോഗ്യരായ വാടകക്കാർക്ക് ധാരാവിയിൽ ആകെ 58,532 റെസിഡൻഷ്യൽ യൂണിറ്റുകളുണ്ടാകും. 13,468 വാണിജ്യ,വ്യാവസായിക യൂണിറ്റുകളും നിർമ്മിക്കും.
നിലവിലുള്ള 2.5 ചതുരശ്ര കിലോമീറ്റർ ചേരി വികസിപ്പിക്കും. ഇവിടെ കച്ചവടം നടത്തുന്നവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങളുണ്ടാകും. വസ്ത്രം, മൺപാത്രങ്ങൾ, തുകൽ, ഭക്ഷണം, പുനരുപയോഗ വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കും. മ്യൂസിയങ്ങൾ, ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയ്ക്കായി അനുവദിച്ച ഭൂമി. വീടുകളിൽ നിന്ന് 15 മിനിറ്റ് നടക്കാവുന്ന ദൂരത്തിൽ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്കും, സ്കൂളുകൾ, മാർക്കറ്റുകൾ, പാർക്കുകൾ എന്നിവടങ്ങളിലേക്കും പ്രവേശനം ലഭിക്കും.