കൊടുംചൂട്: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി; സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും

0
29

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെയും, ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങളെയും പരിഗണിച്ചാണ് നടപടിയെന്ന് വകുപ്പ് അറിയിച്ചു. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും.

സംസ്ഥാനത്ത് ചൂട് ഉഷ്ണതരംഗ നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. 40 ഡിഗ്രി കടന്നിരിക്കുകയാണ് പല ജില്ലകളിലും താപനില. പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നീ ജില്ലകളിലാണ് ഉയർന്ന താപനില. കനത്ത ചൂട് പ്രമാണിച്ച് കൊല്ലം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ കളക്ടർ. ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്. അതെസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ബാധകമല്ല.

 

കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം

ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് – ഓറഞ്ച് അലർട്ട്
പുറപ്പെടുവിച്ച സമയം 01.15 PM 23/04/2026


കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (23/04/2026 & 24/04/2026) ഉഷ്‌ണതരംഗത്തിന് സാധ്യത- ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്നും (23/04/2026) നാളെയും (24-04-2026) ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 41 °C വരെയും; കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ 25/04/2026, 26/04/2026 തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം* ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (23/04/2026) മുതൽ 26/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ചിലയിടങ്ങളിൽ മഴ


അതെസമയം ഒറ്റപ്പെട്ട നിലയിൽ ചിലയിടങ്ങളിൽ മഴ പെയ്യുന്നതായി കാലാവസ്ഥാ വകുപ്പ് പറഞ്ഞു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here