സ്തനങ്ങളിലെ മുഴകൾ കാൻസറാണോ? ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

0
6

സ്തനങ്ങളിൽ ഒരു മുഴ കണ്ടാൽ അത് ഹോർമോൺ വ്യതിയാനമാണെന്ന് കരുതി അവഗണിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ഈ നിസ്സാരവത്കരണം ചിലപ്പോൾ വലിയൊരു വിപത്തിലേക്കാകും വഴിതുറക്കുക. സ്തനാർബുദം അഥവാ കാൻസർ സ്ത്രീകളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ അവബോധം അനിവാര്യമാണ്.

ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ സ്തനാർബുദ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 2024-ൽ മാത്രം 2,37,231 പുതിയ സ്തനാർബുദ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഏജൻസി പ്രവചിച്ചിരുന്നത്. ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ ഇതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

പ്രായം ഒരു പ്രധാന ഘടകമാണെങ്കിലും, ആർത്തവാരംഭം കുറിച്ച ഏത് സ്ത്രീക്കും സ്തനാർബുദം വരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ സ്തനങ്ങളിൽ കാണുന്ന മുഴകൾ പണ്ടുമുതലേ ഉള്ളതാണോ അതോ പുതിയതായി ഉണ്ടായതാണോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് സ്തനാർബുദം. എന്നിട്ടും കൃത്യമായ പരിശോധനകളുടെ അഭാവം മൂലം പലരിലും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് കണ്ടെത്തുന്നത്.

മാറ്റങ്ങൾ തിരിച്ചറിയുക
ആർത്തവ ചക്രത്തിനിടയിൽ സ്തനങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ജയ്‌പൂരിലെ കൊക്കൂൺ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. പംഖുരി ഗൗതം വ്യക്തമാക്കുന്നു. ആർത്തവത്തിന് മുൻപായി സ്തനങ്ങളിൽ വലിപ്പം വയ്ക്കുന്നതും, വേദന അനുഭവപ്പെടുന്നതും, ചെറിയ മുഴകൾ പോലെ തോന്നുന്നതും സാധാരണമാണ്.

ആർത്തവം കഴിയുന്നതോടെ ഇത് പഴയപടിയാകും. അതിനാൽ എല്ലാ ദിവസവും ആശങ്കപ്പെടുന്നതിന് പകരം സ്വന്തം ശരീരത്തിൻ്റെ സ്വാഭാവിക അവസ്ഥയെക്കുറിച്ച് ഓരോ സ്ത്രീയും കൃത്യമായി മനസ്സിലാക്കിയിരിക്കണം. എന്തെങ്കിലും അസാധാരണ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് വിവരങ്ങൾ പങ്കുവയ്ക്കണം. ഇതിലൂടെ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാൻ സാധിക്കും.

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
സ്തനാർബുദ ലക്ഷണങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും രോഗം തിരിച്ചറിയാൻ വൈകുന്നതിന് പ്രധാന കാരണം. സ്തനങ്ങളിലോ കക്ഷത്തിലോ പുതിയതായി കാണുന്ന മുഴകൾ, സ്തനങ്ങളുടെ വലിപ്പത്തിലോ ആകൃതിയിലോ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, ചുവപ്പ് നിറം, മുലക്കണ്ണുകളിലെ മാറ്റങ്ങൾ, അസാധാരണമായ സ്രവങ്ങൾ എന്നിവ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോ. പംഖുരി ഗൗതം നിർദേശിക്കുന്നു. മുഴകളിൽ വേദന ഇല്ലെങ്കിൽ പോലും പരിശോധന അനിവാര്യമാണ്. എന്നാൽ സ്തനങ്ങളിൽ കാണുന്ന ഭൂരിഭാഗം മുഴകളും കാൻസർ ആകണമെന്നില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

പരിശോധനകൾ എപ്പോൾ തുടങ്ങണം?
അമേരിക്കൻ കോളജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിൻ്റെ മാർഗനിർദേശ പ്രകാരം, സാധാരണ ആരോഗ്യനിലയുള്ള സ്ത്രീകൾ നാൽപ്പത് വയസ്സ് മുതൽ മാമോഗ്രാം പരിശോധനകൾ ആരംഭിക്കണം. എന്നാൽ കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിലോ മറ്റ് അപകടസാധ്യതകൾ ഉണ്ടെങ്കിലോ ഡോക്ടറുടെ നിർദേശപ്രകാരം നേരത്തെ തന്നെ പരിശോധനകൾ തുടങ്ങേണ്ടി വരും.

പ്രായം എത്രയാണെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാകണം. സ്തനാർബുദ ബോധവത്കരണ മാസത്തിൽ സ്വന്തം ശരീരത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനും, അസാധാരണമായ മാറ്റങ്ങൾ കണ്ടാൽ ഗൈനക്കോളജിസ്റ്റിനെ സമീപിക്കാനും സ്ത്രീകൾ തയ്യാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here