പത്തനംതിട്ട: ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്നത്. തിരുവോണ ദിവസം സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണ സദ്യ നൽകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. ഓണസദ്യയുടെ പേരിലുള്ള സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓണസദ്യ നേരിട്ട് നടത്താൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കും
ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന സമയങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവർത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കലക്‌ടർ എ.നിസാമുദ്ദീൻ നിയമിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സാനിറ്റേഷൻ സൂപ്പർവൈസർ, സ്‌ക്വാഡ് ലീഡർ, സ്‌ക്വാഡ് അംഗങ്ങള്‍ എന്നീ ചുമതലകളും ജോലികളും ഉദ്യോഗസ്ഥർ നിർവഹിക്കും.
സ്‌ക്വാഡ് പ്രവർത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉത്‌പന്ന നിരോധനം, നിരോധിത ഉത്‌പന്നങ്ങളുടെ വില്‍പ്പന തടയല്‍ തുടങ്ങിയ ചുമതല നിർവഹിക്കും. സാനിറ്റേഷൻ സൂപ്പർവൈസർ ചുമതലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് കീഴില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് നിയോഗിക്കുന്ന ശബരിമല വിശുദ്ധിസേന അംഗങ്ങള്‍ നടത്തുന്ന പ്രവർത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച് ആവശ്യമായ നിർദേശം നല്‍കും. മാലിന്യം നദിയില്‍ നിക്ഷേപിക്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മാലിന്യം നീക്കം ചെയ്യാതെയിരിക്കുന്ന സംഭവങ്ങള്‍ എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. ഓണം പൂജയുമായി ബന്ധപ്പെട്ട് 24 മുതല്‍ 28 വരെ ശബരിമല നട തുറക്കുന്നത്.






