പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് സർക്കാരിന്‍റെ പൂർണ പിന്തുണ ഉറപ്പ് നൽകി മന്ത്രി മോൻസ് ജോസഫ്. ജലോത്സവത്തിൽ വിശിഷ്‌ടാതിഥിയായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്‌ണൻ പങ്കെടുക്കും. അതിനാൽ ഇത്തവണ കൂടുതൽ തയ്യാറെടുപ്പ് ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ജലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ശ്രദ്ധേയമായ ജലോത്സവങ്ങളിൽ ഒന്നാണ് ഓഗസ്റ്റ് 30ന് ആറന്മുളയിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ക്രമീകരണം ചർച്ച ചെയ്‌തിരുന്നു. വള്ളംകളിക്ക് പമ്പ നദിയിലെ ജലനിരപ്പ് കൃത്യമായി നിലനിർത്തുന്നതിന് ജില്ല കലക്‌ടർ എ നിസാമുദീന്‍റെ അധ്യക്ഷതയിൽ ഡാം സേഫ്റ്റി, ഇറിഗേഷൻ എന്നിവയുടെ പ്രത്യേക യോഗം ചേരും. വാട്ടർ അതോറിറ്റി കുടിവെള്ള ലഭ്യത ഉറപ്പാക്കും.
വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളും യോഗം ചർച്ച ചെയ്‌തു. ഉപരാഷ്ട്രപതിയുടെ സുരക്ഷ, ഗതാഗത ക്രമീകരണം, പാർക്കിങ് എന്നിവയ്ക്ക് പൊലീസ് സംവിധാനമൊരുക്കും. ഫയർഫോഴ്‌സിന്‍റെ സ്‌കൂബ ടീം, പട്രോളിങ്ങിനായി പ്രത്യേകം സ്ക്വാഡുകൾ എന്നിവയോടൊപ്പം എൻഡിആർഎഫ് സംഘവും ഉണ്ടാകും. വേദിയിലെ പന്തലിന്‍റെ സുരക്ഷ, റസ്റ്റ് ഹൗസിലെ സൗകര്യങ്ങൾ എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കും.
പാര്‍ക്കിങ്ങിനായി 12 ഇടങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു. ഇവിടങ്ങളില്‍ നിന്നും ആറന്മുളയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസ് ഏര്‍പ്പെടുത്തും. ജലമേള കുറ്റമറ്റതാക്കാനുള്ള ശ്രമം തുടരുകയാണ്. ഇത് 28ഓടെ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു.
ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം സ്ഥലത്ത് ലഭ്യമാക്കും. നദിയിലെ മണൽപുറ്റ്, മുള, കമ്പ് തുടങ്ങിയവ തടങ്ങളെല്ലാം ഇറിഗേഷൻ വകുപ്പ് നീക്കും. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ വേലി സ്ഥാപിക്കും. വേദിയുടെയും പരിസരത്തിന്‍റെയും ശുചിത്വം, മാലിന്യനിർമാർജനം, ബയോ ടോയ്‌ലറ്റ് എന്നിവയുടെ ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. ജലോത്സവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 28 മുതൽ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും.
എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, സിവി ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടികെ രാമചന്ദ്രൻനായർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷാജി ചാക്കോ, ജോമോൻ പുതുപ്പറമ്പിൽ, ബെന്നി കുഴിക്കാലാ, പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെവി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, കൺവീനർമാരായ അനൂപ് ഉണ്ണികൃഷ്‌ണൻ, ബി.കൃഷ്‌ണകുമാർ മുതവഴി തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.







