മുംബൈ: മുംബൈ മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ. മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 18 സ്റ്റോപ്പുകളുമായാണ് സ്പെഷ്യൽ ട്രെയിൻ സർവീസ്. ഓണാവധിയ്ക്ക് നാട്ടിലേക്ക് വരാനും അവധി കഴിഞ്ഞ് മടങ്ങാനും ഉപകരിക്കുന്ന സർവീസാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 23 ഞായറാഴ്ച്ച വൈകീട്ട് 04:00 മണിക്കാണ് മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ (01463) പുറപ്പെടുക.പിറ്റേന്ന് (തിങ്കളാഴ്ച) രാത്രി 11:30ന് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കുള്ള സർവീസ് (01464) ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് 02:00 മണിയ്ക്കാണ് പുറപ്പെടുക. ഞായറാഴ്ച അർധരാത്രി (12:55ന്) ട്രെയിൻ മുംബൈയിലെത്തും.
കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം ജങ്ഷൻ, വർക്കല ശിവഗിരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
മൂന്ന് എസി ടു ടയർ കോച്ച്, നാല് എസി ത്രീ ടയർ കോച്ചുകൾ, 11 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനുള്ളത്. ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിങ് നാളെ (ഓഗസ്റ്റ് 22) രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും. ഐ ആർ സി ടി സി സൈറ്റ് വഴി നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
നേരത്തെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് 120 ഓളം ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇതിന് പിന്നാലെയാണ് മുംബൈയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്.
മുംബൈയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കാൻ വൈകിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെൻട്രൽ റെയിൽവേ പുതിയ സർവീസ് പ്രഖ്യാപിച്ചത്. മലയാളി സംഘടനകൾ ട്രെയിൻ ആവശ്യപ്പെടാത്തതുകൊണ്ടാണ് സ്പെഷ്യൽ സർവീസുകൾ വൈകിയതെന്നായിരുന്നു റെയിൽവേ ആദ്യ നൽകിയ വിശദീകരണം. യാത്രക്കാരുടെ പ്രതിഷേധവും ജനപ്രതിനിധികളുടെ ഇടപെടലും വന്നതോടെയാണ് മുംബൈയിൽ നിന്നും കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്.








