ഇന്ത്യയിൽ ഏകദേശം 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. രോഗ ബാധിരായ 90 ശതമാനം പേരിലും ലക്ഷണങ്ങൾ ഉണ്ടായിട്ടില്ല.
ഗ്ലോക്കോമ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും എന്ന് തന്നെ പറയാം. അന്ധതക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഗ്ലോക്കോമ. പക്ഷെ പലർക്കും ഈ രോഗത്തെ കുറിച്ച് വലിയ ധാരണയില്ല. ഈ രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാണ് മാർച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുന്നത്.
കാഴ്‌ചയുടെ നിശബ്‌ദ കൊലയാളി എന്നും ഗ്ലോക്കോമയെ പറയപ്പെടുന്നു. ഇന്ത്യയിൽ ഏകദേശം 12 ദശലക്ഷം രോഗികളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഗ്ലോക്കോമ ബാധിരായ 90 ശതമാനം പേരിലും ഇതിൻ്റെ യാതൊരു വിധ ലക്ഷണവും കാണുകയില്ല. അതുകൊണ്ട് തന്നെയാണ് ഗ്ലോക്കോമയെ നിശബ്‌ദ കൊലയാളി എന്ന് വിളിക്കുന്നത്.
കണ്ണിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ എത്തിക്കുന്ന ഒപ്‌റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. അന്ധതയാണ് 90 ശതമാനം ആളുകളിലും കാണുന്ന ഈ രോഗത്തിൻ്റെ ആദ്യ ലക്ഷണം. അന്ധത ബാധിച്ചു കഴിഞ്ഞാൽ കാഴ്‌ച ഒരിക്കലും തിരിച്ചു കിട്ടില്ല.
അതേസമയം രോഗം നേരത്തെ തിരിച്ചറിഞ്ഞാല്‍ പ്രതിവിധിയുണ്ട്. നേത്രരോഗവിദഗ്‌ധൻ്റെ അടുത്ത് നിന്നും കൃത്യമായ ചികിത്സയിലൂടെ ബാക്കി കാഴ്‌ച നിലനിർത്താനാകും.
“ഗ്ലോക്കോമ സാധാരണയായി പെരിഫറൽ കാഴ്‌ചയെയാണ് ആദ്യം ബാധിക്കുന്നത്. അതായിത് ഗ്ലോക്കോമയുടെ ആദ്യ ഘട്ടത്തിൽ നിങ്ങൾക്ക് വായിക്കാനോ ഡ്രൈവ് ചെയ്യാനോ ദൈനംദിനം ജോലികൾ ചെയ്യാനോ ഒരു തടസവും ഉണ്ടായിരിക്കില്ല.
ഇതിനെല്ലാം ബുദ്ധിമുട്ടുകൾ തോന്നി തുടങ്ങുമ്പോഴേക്കും ഒപ്‌റ്റിക് നാഡിക്ക് സാരമായ കേടുപാടുകൾ സംഭവിച്ച് തുടങ്ങിയിട്ടുണ്ടാവും”, കനകപുരിയിലെ ഡോ. അഘഗർവാൾസ് ഐ ഹോസപിറ്റലിലെ കൺസൾട്ടൻ്റ് ഓഫ്‌താൽമോളജിസ്‌റ്റ് ഡോ സന്ധ്യ ഇ.എസ് പറഞ്ഞു.
കാഴ്‌ചയിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെട്ടില്ലെങ്കിൽ പലരും നേത്ര പരിശോധന നടത്താറില്ല. അവബോധത്തിൻ്റെ കുറവ് കൊണ്ടാണ് പലരും നേത്ര പരിശോധന നടത്താത്തത്. പ്രാരംഭ ഘട്ടത്തിൽ തന്നെ ഗ്ലോക്കോമ കണ്ടെത്താനുള്ള ഏക മാർഗം പതിവായ നേത്ര പരിശോധനകളും ഡൈലേറ്റഡ് കെയ്‌ഇ പരിശോധനകളുമാണ്. എന്നാൽ ഇത് പലർക്കും അറിയില്ലെന്ന് പൂനെയിലെ വെൻസർ ഹോസ്‌പിറ്റലിൻൻ്റെ മാനേജിംഗ് ഡയറക്‌ടറും നേത്രരോഗ വിദഗ്‌ധനുമായ ഡോ.ഷാരൂൺ ഷിറ്റോൾ പറഞ്ഞു.
ഗ്ലോക്കോമ തിരിച്ചറിയാനുള്ള പരിശോധനകൾ
- ഇൻട്രാക്യുലർ പ്രഷർ മെഷർമെൻ്റസ് (ഇത് ഒന്നിൽ കൂടുതൽ തവണ ചെയ്യേണ്ടി വന്നേക്കാം)
- ഒപ്‌റ്റിക് നാഡി പരിശോധന
- വിഷ്വൽ ഫീൽഡ് പരിശോധന
- റെറ്റിനൽ നാഡി നാരുകളുടെ പാളി സ്‌കാനിങ്
- ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി (OCT)
മറ്റൊരു പ്രധാന പ്രശ്‌നമായി കാണുന്നത് ഇന്ത്യയിൽ ഗ്ലോക്കോമ സ്‌പെഷ്യലിസ്‌റ്റുകളുടെ കുറവുണ്ട്. രാജ്യത്ത് പല രോഗികൾക്കും കൃത്യ സമയത്ത് ശരിയായ ഒരു നേത്ര വിദഗ്‌ധനെ കണ്ടെത്താൻ കഴിയുന്നില്ല എന്നതും ഒരു പ്രധാന പ്രശ്‌നമാണ്.
എഐയുടെ കടന്നുകയറ്റം
പല മേഖലയിലും ഇപ്പോൾ എഐയുടെ കടന്നുകയറ്റം വളരെ അധികം മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്. അതുപോലെ ഗ്ലോക്കോമ രോഗ നിർണയത്തിലും എഐയുടെ കടന്നു കയറ്റം ഗുണമുണ്ടാക്കുന്നു.
നൂതന എഐയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് റെറ്റിനയിലെ അസാധാരണത്വങ്ങൾ, ഒപ്‌റ്റിക് നാഡിയിലെ മാറ്റങ്ങൾ എന്നിവ പ്രാരംഭ ഘട്ടത്തിൽ തന്നെ വളരെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്ന് ഡോ ഭാസിൽ പറഞ്ഞു.
ജപ്പാനിലെ തോഹോകു സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഒരു അടുത്ത തലമുറ ഗ്ലോക്കോമ സ്ക്രീനിംഗ് സംവിധാനമാണ് എഐ-ജിഎസ് (AI-GS). റെറ്റിന ഫോട്ടോഗ്രാഫിയുടെ എഐ വിശകലനം, ഒസിടി സ്‌കാനുകൾ, വിഷ്വൽ ഫീൽഡുകൾ, കോർണിയൽ മാപ്പുകൾ എന്നിവ സംയോജിപ്പിക്കുന്ന ഒക്കുലോജിക്‌സിൻ്റെ ജെൻ എഐ സ്യൂട്ട് പോലുള്ള സംയോജിത പ്ലാറ്റ്ഫോമുകൾ ഇതിലുണ്ട്.
റെറ്റിന ഇമേജുകളിലെ സൂക്ഷ്‌മമായ അസാധാരണത്വങ്ങൾ, ഒപ്റ്റിക് നാഡി ഘടന, പതിവ് പരിശോധനകളിൽ കാണാതെ പോകുന്ന വിഷ്വൽ ഫീൽഡ് പാറ്റേണുകൾ എന്നിവ വിശകലനം ചെയ്യാൻ എഐയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് കഴിയുമെന്ന് ഡോ ഷാരൂൺ ഷിറ്റോൾ പറഞ്ഞു.
അപകട സാധ്യത കൂടുന്നത് എപ്പോൾ?
- കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും അത് ബാധിക്കാൻ സാധ്യത കൂടുതലാണ്.
- 40 വയസിന് ശേഷം രോഗസാധ്യത വർധിക്കുന്നു
- പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉള്ളവരിൽ രോഗ സാധ്യത കൂടുതലാണ്.
എങ്ങനെ നേരിടാം
- രോഗം വരാനുള്ള സാധ്യത മനസിലാക്കി കഴിഞ്ഞാൽ നേത്ര പരിശോധന പതിവായി നടത്തുക
- ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക
- പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങള്‍ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യുക









