ഐപിഎൽ 2026-ൽ അവിശ്വസനീയ കുതിപ്പ് തുടരുന്ന 15-കാരൻ വൈഭവ് സൂര്യവംശി വീണ്ടും ചരിത്രം കുറിച്ചു. ഏപ്രിൽ 28-ന് പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ, ഒരു ഐപിഎൽ സീസണിൽ ഏറ്റവും വേഗത്തിൽ 400 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തമാക്കിയത്. ആന്ദ്രെ റസൽ, അഭിഷേക് ശർമ്മ തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കിയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണറുടെ ഈ നേട്ടം.
വെറും 167 പന്തുകളിൽ നിന്നാണ് വൈഭവ് ഈ സീസണിൽ 400 റൺസ് പിന്നിട്ടത്. പഞ്ചാബ് ഉയർത്തിയ 223 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വേണ്ടി 16 പന്തിൽ 43 റൺസ് നേടി വൈഭവ് തകർപ്പൻ തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ വൈഭവ് പുറത്താകുമ്പോഴേക്കും രാജസ്ഥാൻ 51 റൺസ് അടിച്ചുകൂട്ടിയിരുന്നു. വൈഭവിന്റെ ഈ വെടിക്കെട്ട് തുടക്കം നൽകിയ ആത്മവിശ്വാസത്തിൽ 19.2 ഓവറിൽ ലക്ഷ്യം കണ്ട രാജസ്ഥാൻ, ആറ് വിക്കറ്റിന് വിജയം സ്വന്തമാക്കി. പഞ്ചാബ് കിംഗ്സിന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്.
നേരിട്ട പന്തുകളുടെ എണ്ണം കണക്കാക്കുമ്പോൾ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 400 റൺസ് ക്ലബ്ബിലെത്തുന്ന താരമായി വൈഭവ് മാറി.
ഒരു സീസണിൽ ഏറ്റവും വേഗത്തിൽ 400 റൺസ് നേടിയവർ (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ):
1. വൈഭവ് സൂര്യവംശി (2026) – 167 പന്തുകൾ
2. ആന്ദ്രെ റസൽ (2019) – 188 പന്തുകൾ
3. അഭിഷേക് ശർമ്മ (2024) – 195 പന്തുകൾ
4. നിക്കോളാസ് പൂരൻ (2025) – 197 പന്തുകൾ
5. ഗ്ലെൻ മാക്സ്വെൽ (2014) – 200 പന്തുകൾ
ഈ സീസണിൽ 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്ന വൈഭവ്, ഈ പ്രകടനത്തോടെ ഓറഞ്ച് ക്യാപ് വീണ്ടും തിരിച്ചുപിടിച്ചു.
രാജസ്ഥാൻ്റെ പോരാട്ടം
223 റൺസ് പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് വേണ്ടി വൈഭവിനൊപ്പം യശസ്വി ജയ്‌സ്വാളും തകർപ്പൻ പ്രകടനം പുറത്തെടുത്തു. 27 പന്തിൽ 51 റൺസ് നേടിയ ജയ്‌സ്വാൾ വൈഭവ് നൽകിയ വേഗത നിലനിർത്തി. മധ്യനിരയിൽ ഡോണോവൻ ഫെരേരയും ശുഭം ദുബെയും ചേർന്ന് പടുത്തുയർത്തിയ 77 റൺസിന്റെ കൂട്ടുകെട്ടാണ് രാജസ്ഥാനെ വിജയതീരത്തെത്തിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി മാർക്കസ് സ്റ്റോയിനിസ് 22 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയിരുന്നു. എന്നാൽ രാജസ്ഥാൻ ബാറ്റിംഗ് നിര ഒത്തൊരുമയോടെ പൊരുതിയപ്പോൾ സ്റ്റോയിനിസിന്റെ പ്രകടനം നിഷ്പ്രഭമായി.
‘അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് അത്ഭുതം’: ജയ്‌സ്വാൾ
വൈഭവിന്റെ ഭയമില്ലാത്ത ബാറ്റിംഗ് ശൈലിയെ മുൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. തന്റെ ഓപ്പണിംഗ് പങ്കാളിയെക്കുറിച്ച് ജയ്‌സ്വാൾ പറഞ്ഞത് ഇങ്ങനെ: “അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് മനോഹരമായ അനുഭവമാണ്. അവൻ പന്ത് അടിക്കുന്ന രീതി മറുവശത്ത് നിന്ന് നോക്കിനിൽക്കാൻ തന്നെ സന്തോഷമാണ്. ഞാനും പ്രായം കുറഞ്ഞ ആളാണെങ്കിലും, വൈഭവ് എന്നെക്കാളും ഒരുപാട് ചെറുപ്പമാണ്. അവന്റെ കഴിവിനെക്കുറിച്ച് എന്ത് പറയണമെന്ന് എനിക്കറിയില്ല.”
വെറും 15 വയസ്സിൽ ഐപിഎൽ വേദിയിൽ വിസ്മയം തീർക്കുന്ന വൈഭവ് സൂര്യവംശിയുടെ ജൈത്രയാത്ര തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.









