വഴികാട്ടി എന്ന് അർഥം വരുന്ന പേരാണ് ‘ഇക്ഷക്’. പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാ നാവികർക്കും വഴി കാട്ടുന്ന കപ്പലാണ് ഐഎൻഎസ് ഇക്ഷക്. നിർഭയം, ധീരത, വഴികാട്ടൽ എന്നിവയാണ് ഈ കപ്പലിൻ്റെ സന്ദേശം.
ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകാനൊരുങ്ങി ഐഎൻഎസ് ഇക്ഷക്. കൊച്ചി നേവൽ ബേസിൽ ഇന്ന് (വ്യാഴാഴ്‌ച) നടക്കുന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കെ ത്രിപാഠിയുടെ നേതൃത്വത്തിലാകും കപ്പൽ ഔദ്യോഗികമായി സൈനിക സേവനത്തിൻ്റെ ഭാഗമാകുക. തദ്ദേശീയമായി നിര്‍മിച്ച മൂന്നാമത്തെ വലിയ സര്‍വേ കപ്പലാണ് ഐഎൻഎസ് ഇക്ഷക്.
വഴികാട്ടി എന്ന് അർഥം വരുന്ന പേരാണ് ‘ഇക്ഷക്’. പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാ നാവികർക്കും വഴി കാട്ടുന്ന കപ്പലാണ് ഐഎൻഎസ് ഇക്ഷക് എന്ന് കപ്പലിൻ്റെ ക്യാപ്റ്റനും കമാൻ്റിങ് ഓഫിസറുമായ ത്രിഭുവൻ സിങ് പറഞ്ഞു. നിർഭയം, ധീരത, വഴികാട്ടൽ എന്നിവയാണ് ഈ കപ്പലിൻ്റെ സന്ദേശമെന്നും ത്രിഭുവൻ സിങ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സർവേ കപ്പൽ ഇന്ത്യൻ നാവിക സേനയുടെ മുന്നേറ്റ ചരിത്രത്തിലൊരു സുപ്രധാന അധ്യായമാവും രചിക്കുക. വിശാലമായ സമുദ്രമേഖലകളെ രേഖപ്പെടുത്തിയും, നാവികര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കിയും, ഇന്ത്യയുടെ സമുദ്ര ശക്തിയെ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ഐഎൻഎസ് ഇക്ഷക് നിറഞ്ഞു നിൽക്കുക.
ഹൈഡ്രോഗ്രാഫിക് സര്‍വേയാണ് പ്രാഥമിക ദൗത്യമെങ്കിലും ദുരിതാശ്വാസ ദൗത്യങ്ങളിലും അടിയന്തര സാഹചര്യങ്ങളിൽ വൈദ്യ ചികിത്സ നൽകുന്ന കപ്പലായും പ്രവര്‍ത്തിക്കാന്‍ ഇക്ഷകിന് കഴിയും. പ്രകൃതി ദുരന്തങ്ങളിലും, യുദ്ധവേളകളിലും, കപ്പലപകടവേളകളിലും ഇക്ഷകിൻ്റെ കാര്യക്ഷമത നാവിക സേനയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കും.
ഐഎൻഎസ് ഇക്ഷകിൻ്റെ പ്രത്യേകതകൾ
ഡെറാഡൂണിലെ നാഷണൽ ഹൈഡ്രോ ഗ്രാഫിക് കാര്യാലയത്തിന് കീഴിലാണ് ഐഎൻഎസ് ഇക്ഷക് പ്രവർത്തിക്കുകയെന്ന് പ്രതിരോധ സേനാ വക്താവ് അതുൽ പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ ഷിപ്പാണ് ഐഎൻഎസ് ഇക്ഷക്. ഇതിന് ആവശ്യമായ നാല് സർവേ ബോട്ടുകളും കപ്പലിലുണ്ട്. അണ്ടർ വാട്ടർ ഒട്ടോണമസ് വെഹിക്കിൾ കപ്പലിൻ്റെ ഭാഗമാണ്. റിമോട്ടിൽ പ്രവർത്തിപ്പിക്കുന്ന എച്ച്ഡി ക്യാമറകളുള്ള വാഹനവും കപ്പലിൻ്റെ ഭാഗമാണ്. സമുദ്രത്തിലെ ഒരു ഭാഗത്ത് സർവേ നടത്തി മാപ്പ് തയാറാക്കി ചരക്ക്, യുദ്ധ കപ്പലുകൾക്ക് നൽകും.
ഇന്ത്യന്‍ നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക താമസ സൗകര്യമൊരുക്കിയ സേനയിലെ ആദ്യത്തെ വലിയ സര്‍വേ കപ്പലാണ് ‘ഇക്ഷക്’. ഭാവിയിൽ നിർമിക്കുന്ന നാവികസേനയുടെ കപ്പലുകളെല്ലാം ഈ മാതൃക പിന്തുടരുമെന്നും അതുൽ പിള്ള ചൂണ്ടിക്കാണിച്ചു. നിർമിത ബുദ്ധിയുൾപ്പടെ ഏറ്റവും ആധുനിക സര്‍വേ, നാവിഗേഷന്‍ സംവിധാനങ്ങളുള്ള കപ്പൽ ആഴക്കടലിലും തീരപ്രദേശങ്ങളും കൃത്യമായി മാപ്പ് ചെയ്യുന്നതിനും നാവിക ചാര്‍ട്ടുകളുടെ കൃത്യത ഉറപ്പാക്കുകയും ചെയ്യുന്നു. സമുദ്ര അടിത്തട്ടിലെ മഞ്ഞു മലകൾ ഉൾപ്പെടെയുള്ള തടസങ്ങൾ തിരിച്ചറിഞ്ഞ് കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാനുള്ള അവസരമാണ് ഇക്ഷക് സൃഷ്ടിക്കുന്നത്.
ആശുപത്രിയാകുന്ന കപ്പൽ: സർവേ ഗണത്തിൽ പെടുന്ന ഐഎൻഎസ് ഇക്ഷകിൻ്റെ പ്രധാന പ്രവർത്തനം കടലിനെ കുറിച്ചുള്ള പഠനമാണ്. കടലിൻ്റെ ആഴം നിർണയിക്കുക, കടലിൻ്റെ നാവിഗേഷൻ മാപ്പ് തയറാക്കുക, കടലിൻ്റെ അടിതട്ടിലുള്ള മാറ്റങ്ങളെ പഠിക്കുക തുടങ്ങിയവയാണ് പ്രാഥമിക പ്രവർത്തനം. എന്നാൽ രണ്ടാം ഘട്ടത്തിൽ ഇതൊരു ആശുപത്രിയായും പ്രവർത്തിക്കും.
കപ്പലിലെ വൈദ്യസഹായ സൗകര്യങ്ങളെ പൊതുവെ പറയുന്നത് ‘സിഗ് ബേ’ എന്നാണ്. നിലവിൽ ആറ് കിടക്കകളുള്ള ഒരു ആശുപത്രി കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ തിയേറ്റർ, ബ്ലഡ് ബാങ്ക് , അൾട്രാ സ്‌കാൻ ഉൾപ്പെടെ എല്ലാ ചികിത്സാ സൗകര്യങ്ങളും ഈ സിഗ് ബേയിലുണ്ട്. ആവശ്യമെങ്കിൽ 40 കിടക്കകൾ വരെയുള്ള ആശുപത്രി കപ്പലിൽ സജ്ജമാക്കാൻ കഴിയും. പ്രാഥമികമായ ചികിത്സ മുതൽ ശസ്ത്രക്രിയ വരെ കപ്പലിനുള്ളിൽ തന്നെ നൽകാൻ കഴിയുമെന്നും പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ അതുൽ എൻ ഗോപിനാഥ് വ്യക്തമാക്കി.
ഇക്ഷകിൻ്റെ നിർമ്മാണം.
‘വാർഷിപ്പ് ഡിസൈൻ ബ്യൂറോ’യുടെയും ‘വാർഷിപ്പ് ഓവർസീയിങ് ടീമി’ൻ്റെയും മേൽനോട്ടത്തിൽ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ ‘റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്’ (ജിആർഎസ്‌സി) ആണ് ഈ കപ്പല്‍ നിർമിച്ചത്. 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങള്‍ ഉപയോഗിച്ചാണ് നിർമാണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ എംഎസ്എംഇ മേഖലയുമായി സഹകരിച്ചാണ് ജിആര്‍എസ്ഇ ഇക്ഷക് യാഥാർഥ്യമാക്കിയത്. ഇരട്ട എഞ്ചിനുള്ള കപ്പലാണ് ഐഎൻഎസ് ഇക്ഷക്.
110 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള ഇക്ഷകിന് 3400 ടൺ വഹിക്കാനുള്ള ശേഷിയുണ്ട്. 20 ഓഫീസർമാരും 211 നാവികരും ഉൾപ്പെടെ 231 പേരാണ് കപ്പലിലെ ജീവനക്കാർ. 16 നോട്ടിക്കൽ മുതൽ പരമാവധി 18 നോട്ടിക്കൽ മൈൽ വരെയാണ് ക്രൂയിസിൻ്റെ വേഗത. പ്രൊപ്പൽഷൻ ഫിക്‌സ്‌ഡ്-പിച്ച് പ്രൊപ്പല്ലറുകൾ, സ്റ്റേൺ ത്രസ്റ്ററുകൾ എന്നിവയുള്ള ഇരട്ട എംഎഎൻ ഡീസൽ എഞ്ചിനുകളാണ് ഐഎൻഎസ് ഇക്ഷകിനുള്ളത്. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്റർ സൂക്ഷിക്കാനുള്ള സൗകര്യവും ഈ കപ്പലിലുണ്ട്. സർവേ വെസൽ (ലാർജ്) വിഭാഗത്തിലെ മൂന്നാമത്തെയും ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആദ്യത്തേതുമായ കപ്പലാണ് ഐഎൻഎസ് ഇക്ഷാക്.







