കുഞ്ഞുങ്ങളുടെ കൈയിലെ മൊബൈൽ ഫോൺ ഡിജിറ്റൽ ലഹരി,

0
30

ഒരു കൊച്ചുകുട്ടിയുടെ കൈയിൽ നിന്ന് എപ്പോഴെങ്കിലും മൊബൈൽ ഫോൺ വാങ്ങി നോക്കിയിട്ടുണ്ടോ? കരച്ചിലും അലർച്ചയും ഉടൻ തുടങ്ങും, ഫോൺ തിരിച്ചുപിടിക്കാൻ വേണ്ടി അവർ നടത്തുന്ന ആ ഒരു മൽപിടുത്തം കണ്ടാൽ അത്ഭുതം തോന്നിപ്പോകും….

ഇത് വെറുമൊരു വാശിയല്ല, മറിച്ച് ആ കുഞ്ഞിൻ്റെ തലച്ചോറിനുള്ളിൽ നടക്കുന്ന വലിയൊരു മാറ്റത്തിൻ്റെ സൂചനയാണ്. അതുകൊണ്ട് തന്നെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ് എയിംസിൻ്റെ പഠനം. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം, അവർക്ക് മൂന്ന് വയസ്സാകുമ്പോഴേക്കും ഓട്ടിസം സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാമെന്ന് എയിംസ് നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തിയത്. അതായത് ഭക്ഷണം കഴിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുന്ന ശീലം ഒഴിവാക്കണം, അല്ലെങ്കില്‍ കുട്ടിയുടെ ഭാവി തന്നെ ഇല്ലാതാകുമെന്നാണ് പഠനം നല്‍കുന്ന മുന്നറിയിപ്പ്.

എന്താണ് എയിംസ് പഠനം പറയുന്നത്?

3 മുതൽ 6 വയസുവരെയുള്ള 250 കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിൽ സ്ക്രീൻ ഉപയോഗം കൂടുതലുള്ള കുട്ടികളിൽ ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട്, സാമൂഹികമായ ഇടപെടലുകളിൽ പിന്നാക്കം പോകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇത് മൊബൈൽ ഫോൺ ഓട്ടിസത്തിന് കാരണമാകുന്നു എന്നല്ല, മറിച്ച് അമിതമായ ഉപയോഗം കുട്ടിയുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്നാണ് അർത്ഥമാക്കുന്നത്.

ആദ്യത്തെ 3 വർഷങ്ങൾ: തലച്ചോറിൻ്റെ നിർമ്മാണ കാലം

ഒരു കുഞ്ഞിൻ്റെ തലച്ചോർ ഒരു വീട് നിർമ്മാണ സൈറ്റ് പോലെയാണ്. ആദ്യത്തെ മൂന്ന് വർഷമാണ് അതിൻ്റെ അടിത്തറയും വയറിങ്ങും എല്ലാം മിന്നൽ വേഗത്തിൽ നടക്കുന്നത്. ഇതിനെ ‘ബ്രെയിൻ പ്ലാസ്റ്റിസിറ്റി’ എന്ന് വിളിക്കുന്നു. കുഞ്ഞിനോട് സംസാരിക്കുന്നത്, കണ്ണ് നോക്കി ചിരിക്കുന്നത്, ഒളിച്ചുകളിക്കുന്നത് ഇതെല്ലാം തലച്ചോറിലെ കോശങ്ങളെ ബന്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതാണ് പിന്നീട് സംസാരശേഷിയും ബുദ്ധിശക്തിയുമായി മാറുന്നത്.

സ്ക്രീൻ എന്ന ‘ജങ്ക് ഫുഡ്’: സ്ക്രീനിലെ തിളങ്ങുന്ന നിറങ്ങളും വേഗത്തിലുള്ള ചലനങ്ങളും കുഞ്ഞിന് ഒന്നിനോടും പ്രതികരിക്കേണ്ട സാഹചര്യം നൽകുന്നില്ല. ഇത് തലച്ചോറിന് ലഭിക്കേണ്ട പോഷകസമൃദ്ധമായ ഭക്ഷണത്തിന് പകരം ‘ജങ്ക് ഫുഡ്’ നൽകുന്നത് പോലെയാണെന്നും പഠനത്തില്‍ കണ്ടെത്തി.

സ്ക്രീൻ ഉപയോഗം കുട്ടിയെ എങ്ങനെയൊക്കെ ബാധിക്കുന്നു?

ശ്രദ്ധ പെട്ടെന്ന് മാറുന്ന ദൃശ്യങ്ങൾ കണ്ട് ശീലിക്കുന്ന കുട്ടികൾക്ക് സാധാരണ ജീവിതത്തിലെ വേഗത കുറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. സ്ക്രീൻ വെറുമൊരു കാഴ്ചയാണ്. സംസാരശേഷി വളരണമെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കണം. ഇത് കുറയുന്നത് സംസാരം വൈകാൻ കാരണമാകുന്നു. കണ്ണിൽ നോക്കി സംസാരിക്കാനും മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനും കുട്ടിക്ക് കഴിയാതെ വരുന്നു. സ്‌ക്രീനിലെ നീല വെളിച്ചം ഉറക്കത്തിന് സഹായിക്കുന്ന ‘മെലറ്റോണിൻ’ ഹോർമോണിനെ നശിപ്പിക്കുന്നു. സ്ക്രീൻ നൽകുന്ന താൽക്കാലിക സന്തോഷം കുട്ടിയെ മൊബൈലിന് അടിമയാക്കുന്നു.

മാതാപിതാക്കൾ എന്ത് ചെയ്യണം?

ഡോക്ടർമാരുടെ നിർദേശപ്രകാരം 18 മാസം പ്രായമാകും വരെ കുട്ടികൾക്ക് മൊബൈല്‍ ഫോണ്‍ നൽകരുത്. മൂന്ന് വയസ്സ് വരെ പരമാവധി ഒഴിവാക്കുക. ഫോണിന് പകരം കുഞ്ഞിനോട് സംസാരിക്കാനും കളിക്കാനും സമയം കണ്ടെത്തുക.

ഭക്ഷണ സമയത്ത് ഫോൺ വേണ്ട: ഭക്ഷണം നൽകാൻ ഫോണിനെ ആശ്രയിക്കുന്ന ശീലം ഒഴിവാക്കുക.

ഉറങ്ങുന്നതിന് മുമ്പ് ഫോൺ പാടില്ല: ഇത് കുട്ടിയുടെ ഉറക്കത്തെയും വളർച്ചയെയും ബാധിക്കും.

നിങ്ങൾ മാതൃകയാവുക: കുഞ്ഞിൻ്റെ മുന്നിൽ അമിതമായി ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഓർക്കുക: ലോകത്തിലെ ഏറ്റവും മികച്ച ആപ്പിനേക്കാളും വീഡിയോയേക്കാളും നിങ്ങളുടെ കുഞ്ഞിന് ആവശ്യം നിങ്ങളുടെ മുഖവും ശബ്‌ദവുമാണ്. ആ കുഞ്ഞു തലച്ചോറിൻ്റെ വളർച്ച നിങ്ങളുടെ കൈകളിലാണ്!

LEAVE A REPLY

Please enter your comment!
Please enter your name here