നവരാത്രി 2026: പൂജവയ്പ്പ് എന്ന്, ഏത് സമയത്ത്?

0
1

സംസ്ഥാനത്ത് ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഒക്ടോബർ 11-ന് തുടക്കമായി. ഒക്ടോബർ 18-ന് വൈകുന്നേരമാണ് പൂജവയ്പ്പ് ചടങ്ങുകൾ നടക്കുക. തിഥികൾക്ക് പ്രാധാന്യം നൽകുന്ന പൂജവയ്പ്പിന് വൈകുന്നേരത്തെ അഷ്ടമി തിഥി നിർബന്ധമാണ്.

ഒക്ടോബർ 19-ന് രാവിലെ 11 മണിക്ക് മുൻപായി അഷ്ടമി തിഥി അവസാനിക്കും. അന്ന് വൈകുന്നേരം നവമി തിഥി ആയതിനാലാണ് ഗ്രന്ഥങ്ങൾ 18-ന് വൈകിട്ട് തന്നെ പൂജയ്ക്ക് വയ്ക്കേണ്ടത്. നവരാത്രി ആഘോഷങ്ങളിലെ അതിപ്രധാനമായ ഒരു ദിവസമാണ് ദുർഗാഷ്ടമി. ഒൻപത് രാത്രികളിലുമായി ദുർഗാദേവിയുടെ വിവിധ ഭാവങ്ങളെ ഭക്തജനങ്ങൾ ആരാധിക്കുമ്പോൾ, എട്ടാം ദിനമായ ദുർഗാഷ്ടമിക്ക് കേരളത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. ദേവിയുടെ എട്ടാമത്തെ രൂപമായ ശ്രീ മഹാഗൗരിയെയാണ് ഈ ദിവസം പ്രധാനമായും ആരാധിക്കുന്നത്. ശുദ്ധിയെയും ശാന്തതയെയും ഐശ്വര്യത്തെയുമാണ് ഈ ദേവീഭാവം പ്രതിനിധീകരിക്കുന്നത്.

ശുക്ലപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ദുർഗാഷ്ടമി വരുന്നത്. ഈ വർഷം ഒക്ടോബർ 11 മുതൽ 21 വരെയാണ് നവരാത്രി ആചരിക്കുന്നത്. ഇതിൻ്റെ 10-ാമത്തെയും അവസാനത്തെയും ദിവസം ദീപാവലിക്ക് മുന്നോടിയായുള്ള വിജയദശമിയായി ആഘോഷിക്കുന്നു. ദുർഗാദേവി മഹിഷാസുരനുമായി യുദ്ധം ചെയ്ത് വിജയം വരിച്ചതിൻ്റെ പാരമ്യത്തെയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ ഈ ദിനം സരസ്വതി പൂജയുടെ ആരംഭമായിട്ടാണ് ആഘോഷിക്കുന്നത്. അജ്ഞാനത്തിൻ്റെ അന്ധകാരത്തെ അകറ്റി അറിവിൻ്റെ വെളിച്ചം പകരുന്ന ദേവതയായ സരസ്വതിയെയാണ് ഈ ദിവസം പൂജിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേരളത്തിൽ പൂജവയ്പ്പ് നടക്കുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും തൊഴിൽ ഉപകരണങ്ങളും പൂജയ്ക്ക് വയ്ക്കുന്നു. ദുർഗാഷ്ടമി, മഹാനവമി ദിനത്തിലെ ആയുധപൂജ, വിജയദശമി ദിനത്തിലെ വിദ്യാരംഭം എന്നിവയാണ് പൂജവയ്പ്പുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ എന്ന് പ്രമുഖ ജ്യോത്സ്യർ ഡോ. എൻ.ആർ പൊതുവാൾ ഇടിവി ഭാരതിനോട് പറഞ്ഞു. പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായിരുന്ന കെ.സി ശ്രീകണ്ഠപ്പൊതുവാളുടെ ചെറുമകനാണ് പയ്യന്നൂർ സ്വദേശിയായ ഡോ. എൻ.ആർ പൊതുവാൾ. പ്രമുഖ ജ്യോതിഷിയും സംസ്കൃത പണ്ഡിതനും ഡോക്ടറും ബഹുഭാഷാ പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും പിഎസ്പി നേതാവുമായിരുന്ന ഡോ. കെ.എം പൊതുവാളാണ് ഇദ്ദേഹത്തിൻ്റെ പിതാവ്.

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിൽ ദേവിയെ മൂന്ന് പ്രധാന ഭാവങ്ങളിലാണ് ആരാധിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസങ്ങൾ ധൈര്യത്തിൻ്റെയും ശക്തിയുടെയും പ്രതീകമായ ദുർഗാ ഭാവത്തിലും, അടുത്ത മൂന്ന് ദിവസങ്ങൾ ഐശ്വര്യത്തിൻ്റെയും ദാരിദ്ര്യമുക്തിയുടെയും പ്രതീകമായ ലക്ഷ്മി ഭാവത്തിലും, അവസാനത്തെ മൂന്ന് ദിവസങ്ങൾ അറിവിൻ്റെയും വിദ്യയുടെയും പ്രതീകമായ സരസ്വതി ഭാവത്തിലുമാണ് ആരാധന നടക്കുന്നത്. ഈ ഒൻപത് ദിവസങ്ങളിൽ ദേവി ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ നവദുർഗമാരായി ആരാധിക്കപ്പെടുന്നു. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളായ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നവരാത്രിയോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിദ്യാരംഭ ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രസന്നിധികളിൽ എത്തിച്ചേരുക.

LEAVE A REPLY

Please enter your comment!
Please enter your name here