സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പോഷക രഹസ്യങ്ങൾ

0
5

സ്ത്രീകളുടെ ആരോഗ്യത്തെ നിശബ്ദമായി ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ അദൃശ്യമായ കുറവ്. എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കുകയെന്നത് പ്രായോഗികമായ ഒന്നല്ല. എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഉറപ്പുവരുത്തുകയും ചെയ്യും.

വിട്ടുമാറത്തെ ക്ഷീണം, പൊട്ടുന്ന നഖങ്ങൾ, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം വിറ്റാമിൽ കുറവുമൂലമാണ് സ്ത്രീകളിൽ അനുഭവപ്പെടുന്നത്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പോഷകാഹാരം ആവശ്യമാണ്. ഈ പോഷക ആവശ്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാറിക്കൊണ്ടിരിക്കും.

വിറ്റാമിൻ കെ

ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് വിറ്റാമിൻ കെ. ഇത് പ്രധാനമായും ഇലക്കറികളായ ചീര, ബ്രോക്കോളി, കാബേജ് തുടങ്ങിയവയിലും, ചിലതരം മാംസങ്ങളിലും കാണപ്പെടുന്നു.

വിറ്റാമിൻ ഡി

രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, ആസ്ത്മ എന്നിവയുടെ സാധ്യത വർധിപ്പിക്കും. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, മീനെണ്ണ, മുട്ടയുടെ മഞ്ഞക്കരു, കൂൺ എന്നിവയിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ബി 9 (ഫോളേറ്റ്)

പ്രത്യുൽപാദന ശേഷിയുള്ള പ്രായത്തിലുള്ള സ്ത്രീകൾക്ക് ഏറ്റവും അത്യന്താപേക്ഷിതമായ വിറ്റാമിനുകളിൽ ഒന്നാണ് ഫോലേറ്റ്. കോശവിഭജനത്തിനും ഡിഎൻഎ നിർമാണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഈ പ്രായത്തിൽ അപ്രതീക്ഷിതമായ ഗർഭധാരണം സാധാരണമായതിനാൽ, ശരീരത്തിൽ ഫോലേറ്റിന്റെ അളവ് കൃത്യമായി നിലനിർത്തുന്നത് വളരുന്ന ഭ്രൂണങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ ‘ന്യൂറൽ ട്യൂബ്’ വൈകല്യങ്ങളെ തടയാൻ സഹായിക്കുന്നു. ചീര, ബ്രൊക്കോളി, പരിപ്പ്, കടല, ബീൻസ്, ഓറഞ്ച്, വാഴപ്പഴം, പപ്പായ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഇരുമ്പ്

ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിത ഘടകമാണ് ഇരുമ്പ്. മാസമാസം ഉണ്ടാകുന്ന ആർത്തവ രക്തനഷ്ടത്തിലൂടെ സ്ത്രീകളിൽ ഇരുമ്പിൻ്റെ അളവ് കുറയാം. ഇത് പലപ്പോഴും അനീമിയത്തിലേക്ക് നയിക്കാറുണ്ട്. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിന് ഉത്തരവാദിയായ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീന്റെ പ്രധാന ഘടകമാണ് ഇരുമ്പ്. ശരീരത്തിലെ ഇരുമ്പിന്റെ അളവ് ഗണ്യമായി കുറയുമ്പോൾ സ്ത്രീകൾക്ക് കടുത്ത ക്ഷീണം, ചിന്താക്കുഴപ്പം, ഏകാഗ്രതക്കുറവ് എന്നിവ അനുഭവപ്പെടുന്നു. കൊഴുപ്പ് കുറഞ്ഞ മാംസം, പരിപ്പ് വർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ, ഇരുമ്പ് അടങ്ങിയ ധാന്യങ്ങളിലൂടെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാം.

മഗ്നീഷ്യം

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം. എന്നാൽ സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു പ്രധാന ഘടകമായി വിശേഷിപ്പിക്കപ്പെടുന്നു. ഹോർമോൺ വ്യതിയാനങ്ങൾ കാരണം നാല്പതുകളിലെത്തുന്ന സ്ത്രീകൾക്ക് ഉറക്കക്കുറവ്, പേശീവലിവ്, ഉത്കണ്ഠ എന്നിവ വർധിക്കാൻ സാധ്യതയുണ്ട്. നാഡീവ്യൂഹത്തെ സ്വാഭാവികമായി ശാന്തമാക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കുന്നു. ചീര, ബദാം, മത്തങ്ങ വിത്തുകൾ, വാഴപ്പഴം, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഇതിന്റെ മികച്ച ഉറവിടങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here