
ഇന്ന് ജനിക്കുന്ന 161 വ്യക്തികളിൽ ഒരാൾക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ മസ്‌തിഷ്‌ക, നാഡീവ്യൂഹ അർബുദം കണ്ടെത്തുന്നുവെന്ന് പഠനം. ആഗോളതലത്തിൽ, ഓരോ വർഷവും പുരുഷന്മാരിലും സ്ത്രീകളിലുമായി ഏകദേശം 308,000 പേർ തലച്ചോറിലും നാഡീവ്യൂഹത്തിലും ഉണ്ടാകുന്ന കാൻസറിന് ചികിത്സ തേടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. കൂടാതെ 251,000-ലധികം മരണങ്ങൾ ഈ രോഗം മൂലം സംഭവിക്കുന്നു.
മസ്‌തിഷ്‌ക ട്യൂമർ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. സമ്മർദ്ദം, മൈഗ്രെയ്ൻ, ക്ഷീണം, അല്ലെങ്കിൽ വാർദ്ധക്യത്തിൻ്റെ സ്വാഭാവിക ഫലങ്ങൾ എന്നിവ പോലെയുള്ള സാധാരണ അവസ്ഥകളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതാണ് കാരണം. പലരും വളരെ വൈകിയാണ് രോഗനിർണയം നടത്തുന്നതെന്ന് ഭാരത് സിഎംആർഐ ആശുപത്രിയിലെ ന്യൂറോ സർജറി ഡയറക്‌ടർ ഡോ അമിതാഭ ചന്ദ പറയുന്നു.
“ഞങ്ങൾ ലോക ബ്രെയിൻ ട്യൂമർ ദിനത്തിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന്, മാസങ്ങളോളം ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നതാണ്” ഭാരത് സിഎംആർഐ ആശുപത്രിയിലെ ന്യൂറോ സർജറി ഡയറക്‌ടർ ഡോ അമിതാഭ ചന്ദ പറഞ്ഞു.
സ്ഥിരമായ തലവേദന, ആവർത്തിച്ചുള്ള ഛർദ്ദി, കാഴ്‌ച വൈകല്യങ്ങൾ, ഓർമ്മക്കുറവ്, വ്യക്തിത്വ മാറ്റങ്ങൾ, ബാലൻസിങ് നഷ്‌ടപ്പെടുക, കൈകാലുകളിൽ ബലഹീനത എന്നിവ വൈദ്യസഹായം ആവശ്യപ്പെടുന്ന മുന്നറിയിപ്പ് സൂചനകളിൽ ഉൾപ്പെടുന്നു. രോഗനിർണയം നടത്തിക്കഴിഞ്ഞാൽ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. എന്നാൽ പല ബ്രെയിൻ ട്യൂമറുകളും ദോഷകരമല്ല. മാരകമായ ട്യൂമറുകൾക്കിടയിൽ പോലും, ട്യൂമർ തരം, സ്ഥാനം, എത്ര നേരത്തെ തിരിച്ചറിഞ്ഞു എന്നതിനെ ആശ്രയിച്ച് ഫലങ്ങൾ ഗണ്യമായി വ്യത്യാസപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
നേരത്തെയുള്ള രോഗനിർണയം, ലഭ്യമായ ചികിത്സാരീതികൾ എന്നിവ വേഗത്തിൽ രോഗ ശാന്തിയുണ്ടാക്കുന്നു. ന്യൂറോ നാവിഗേഷൻ സിസ്റ്റങ്ങൾ, ഇൻട്രാ ഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ്, ഫ്ലൂറസെൻസ്-ഗൈഡഡ് സർജറി, വേക്ക് ക്രാനിയോടോമി, മിനിമലി ഇൻവേസിവ് എൻഡോസ്കോപ്പിക് എന്നീ ചികിത്സാരീതികളിലൂടെയാണ് രോഗനിർണ്ണയവും ചികിത്സയും പുരോഗമിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശസ്ത്രക്രിയ സുരക്ഷയും ഫലങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, രോഗികൾ നേരത്തെ തന്നെ വൈദ്യപരിശോധന നടത്തുമ്പോൾ അവയുടെ പ്രയോജനങ്ങൾ പരമാവധി ലഭിക്കുമെന്ന് ഡോ. ചന്ദ പറഞ്ഞു. ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ഉടനടി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.





