സഞ്ചാരികളുടെ ഇഷ്‌ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് മേഘാലയ. വെള്ളച്ചാട്ടങ്ങളും മലനിരകളും ഒക്കെ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലം. തെളിനീരുറവകളും ശുദ്ധ വായുവും നിത്യഹരിത വനങ്ങളും കാണണമെങ്കിൽ മേഘാലയ നല്ലൊരു ഓപ്‌ഷനാണെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ കണക്റ്റിവിറ്റി, പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാരണം യാത്ര ചെയ്യുന്നത് പലരും മാറ്റിവയ്ക്കാറുണ്ട്.
എന്നാൽ ഇനി വിഷമിക്കണ്ട. അത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മേഘാലയ സർക്കാർ. മേഘാലയയിലും ത്രിപുരയിലും ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കാൻ ലക്ഷ്യമിടുകയാണ്. അതിനായി സർക്കാർ 1,100 കോടി രൂപ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്. ടൂറിസം സർക്യൂട്ടുകൾ വരുന്നതോടെ പ്രധാന സ്ഥലങ്ങൾ തമ്മിലുള്ള റോഡുകൾ ബന്ധിപ്പിക്കുകയും മറ്റ് സൗകര്യങ്ങൾ, വികസനം എന്നിവയും ഉറപ്പ് വരുത്തുന്നു. ചുരുക്കി പറഞ്ഞാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം.
എന്താണ് ടൂറിസം സർക്യൂട്ടുകൾ
ഒരേ പ്രദേശത്തുള്ളതോ അടുത്തടുത്തുള്ളതോ ആയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാ രീതിയാണ് ടൂറിസം സർക്യൂട്ടുകൾ എന്നത്. കുറഞ്ഞത് മൂന്നോ അതിൽ കൂടൂതലോ സ്ഥലങ്ങളായാണ് ഇത് ബന്ധിപ്പിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയിലെ ഗോൾഡൻ ട്രയാംഗിൾ (ഡൽഹി-ആഗ്ര-ജയ്‌പൂർ), കേരളത്തിലെ ബാക്ക്‌വാട്ടർ സർക്യൂട്ട് (കൊച്ചി-ആലപ്പുഴ-കുമാരകം) എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാനാണ് ഇത്തരം മാർഗങ്ങൾ തെരഞ്ഞെടുക്കുന്നത്. സർക്യൂട്ടുകൾ വന്നാൽ അവിടുത്തെ ജനങ്ങളുടെ ജീവിത രീതികളും സംസ്‌കാരവും ആചാരങ്ങളുമെല്ലാം നേരിട്ടെത്തി ആസ്വദിക്കാനും മറ്റും സാധിക്കുന്നു.
പ്രത്യേകതകൾ
- എളുപ്പത്തിലുള്ള യാത്ര
- സാമ്പത്തിക, പ്രാദേശിക വികസനം
- വ്യക്തമായ പ്രവേശന-പുറത്തുകടക്കൽ പോയിൻ്റുകൾ
- നിരവധി സ്ഥലങ്ങൾ കാണാൻ സാധിക്കുന്നു
കാണാനും അറിയാനും നിരവധി
പച്ചപ്പിൻ്റെയും ഹരിതാഭയുടെയും കാര്യത്തിൽ കേരളത്തിനൊത്ത എതിരാളി എന്ന് വേണമെങ്കിൽ മേഘാലയെ വിശേഷിപ്പിക്കാം. മേഘാലയ എന്നാൽ “മേഘങ്ങളുടെ വാസസ്ഥലം” എന്നാണ് അർഥം. ചിറാപുഞ്ചി, നോഹ്വെറ്റ് ലിവിങ് റൂട്ട് ബ്രിഡ്‌ജ്, ഡാവ്‌കി തുടങ്ങി നിരവധി ടൂറിസ്‌റ്റ് പ്ലേയ്‌സുകളും ഇവിടെയുണ്ട്. ഏറ്റവും കൂടതൽ മഴ ലഭിക്കുന്നതും മേഘാലയിലാണ്. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.
വർഷത്തിലെ ഏതു സമയവും മേഘാലയ സന്ദർശിക്കാൻ അനുയോജ്യമാണ്. വെള്ളച്ചാട്ടങ്ങും മറ്റും കാണണമെങ്കിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസമാണ് ഉചിതം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ തണുപ്പുകാലമാണ്. മേഘാലയയിലെത്താൻ വളരെ എളുപ്പമാണ്. അസാമിലെ ഗുവാഹത്തിയിൽ വിമാനമിറങ്ങി, അവിടെ നിന്ന് ടാക്‌സിയിൽ ഷില്ലോങ്ങിലേക്ക് എത്താം. ഗുവാഹത്തിയിലേക്ക് ട്രെയിൻ സൗകര്യവും ഉണ്ട്. ഗുവാഹത്തി-ഷില്ലോങ്ങ് റൂട്ടിൽ എപ്പോഴും ടാക്‌സി സേവനം ലഭ്യമാണ്.
- ജോവായ്:ഷില്ലോങ്ങിൽ നിന്ന് 66 കിലോമീറ്റർ അകലെയായി, ജയന്തിയ ഹില്‍സിലാണ് ജോവായ് സ്ഥിതിചെയ്യുന്നത്. ചിറാപുഞ്ചി പോലെ തന്നെ, പ്രകൃതിരമണീയമായ തടാകങ്ങളുടെയും വിശാലമായ താഴ്‌വരകളുടെയും വെള്ളച്ചാട്ടങ്ങളുടെയുമെല്ലാം കാഴ്ചകള്‍ ഇവിടെയുണ്ട്.
- മൗലിന്നോങ്:ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള വില്ലേജ് എന്ന കേളിയും മൗലിന്നോങ്ങിന് സ്വന്തമാണ്. ഇവിടുത്തെ വിസ്‌മയ കാഴ്‌ചയാണ് മരവേരുകള്‍ കൊണ്ട് നിര്‍മിച്ച നോഹ്വെറ്റ് ലിവിങ് റൂട്ടി ബ്രിഡ്‌ജ്. തെളിനീരുറവയായ അരുവികള്‍ക്ക് കുറുകെയുള്ള ഇത് ആരുടെയും മനം കവരും.
- ചിറാപുഞ്ചി:മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരത്താണ് ഈ സുന്ദര ഭൂമിയുള്ളത്. സഥാസമയവും മഞ്ഞും മഴയും കുളിര് പകരുന്നയൊരിടം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഇടം കൂടിയാണ് ‘ഓറഞ്ചുകളുടെ നാട്’ എന്ന് അറിയപ്പെടുന്ന ചിറാപുഞ്ചി. നഗര തിരക്കുകളില്‍ നിന്നെല്ലാം മാറി ശാന്തവും സുന്ദരവുമായ കാഴ്‌ചകള്‍ ആസ്വദിക്കാനും ഇവിടം അനുയോജ്യമാണ്.








