കേരളത്തിലേത് മോശം സര്‍ക്കാര്‍, മോദിയുടെ സ്വപ്‌നം നടപ്പിലാക്കാനാകുന്നില്ല”, വിമര്‍ശിച്ച് കേന്ദ്രമന്ത്രി,

0
11

എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മധ്യമേഖലയിൽ തുടക്കം കുറിച്ച് എൻഡിഎ. എറണാകുളം റീജിയണൽ ഓഫിസ് കേന്ദ്രമന്ത്രികിരൺ റിജിജു ഉദ്ഘാടനം ചെയ്‌തു. കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കേന്ദ്രമന്ത്രി, വികസിനത്തിനായി എൻഡിഎ സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ പ്രാപ്‌തിയുള്ള ഒരു സർക്കാർ നിലവിൽ സംസ്ഥാനത്തില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൊച്ചിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വികസിത കേരളം’ എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായകമായ ഒരു ചുവടുവെപ്പാണ് ഈ പുതിയ ഓഫിസ് എന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾ കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കാൻ അനുയോജ്യമായ ഒരു ഭരണസംവിധാനം സംസ്ഥാനത്തില്ലെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കൂടിയായ അദ്ദേഹം വിമര്‍ശിച്ചു. “കേരളത്തിൻ്റെ ഊർജ്ജസ്വലതയെ ശരിയായ രീതിയിൽ ഉപയോഗിക്കാനും സംസ്ഥാനത്തെ അടുത്ത ഘട്ടത്തിലുള്ള അഭിവൃദ്ധിയിലേക്ക് നയിക്കാനും കഴിയുന്ന ഒരു സർക്കാർ കേരളത്തിന് എപ്പോഴും അന്യമാണ്,” റിജിജു പറഞ്ഞു.

എൻഡിഎ ഓഫിസ് ഉദ്ഘാടനം ചെയ്‌തതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും, ബിജെപിക്കും സഖ്യകക്ഷികൾക്കും കേരളത്തിൽ ഇതൊരു നല്ല തുടക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതൊരു നല്ല തുടക്കമാണ്. കേരളത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ടതും ശോഭനവുമായ ദിനങ്ങൾ ഉടൻ വരുമെന്ന് തങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവരുന്ന പദ്ധതികളിൽ വളരെ കുറച്ചുമാത്രമേ കേരളത്തിൽ എത്തുന്നുള്ളൂവെന്നും, ഇതിന് കാരണം സംസ്ഥാന സർക്കാരിൻ്റെ നിസഹകരണമാണെന്നും റിജിജു ആരോപിച്ചു. കേരളത്തിലെ ജനങ്ങൾ ദീർഘകാലമായി എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭരണത്തിൽ മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ മാത്രമല്ല, കേരളത്തിലെ ജനങ്ങളും ആവേശത്തിലാണ്. പ്രധാനമന്ത്രി മോദിയുടെ കാഴ്‌ചപ്പാടുകൾ മുന്നോട്ട് കൊണ്ടുപോകാനും ജനങ്ങളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും നിറവേറ്റാനും എൻഡിഎ എന്ന ശരിയായ ബദൽ കേരളത്തിന് ലഭിക്കാൻ പോകുകയാണ്,” അദ്ദേഹം പറഞ്ഞു. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കേന്ദ്ര പാർലമെൻ്ററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു ഇന്ന് (ഫെബ്രുവരി 23) കേരളത്തിലെത്തിയത്.

എറണാകുളം-കൊച്ചി മേഖലയിൽ എൻഡിഎ പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫിസ് അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായാണിത് പ്രവർത്തിക്കുക.

ബിജെപി. സംസ്ഥാന അധ്യക്ഷനും എൻഡിഎ. ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ, എൻഡിഎ. വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്‌ണൻ, ട്വൻ്റി-20 ചെയർമാൻ സാബു ജേക്കബ്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ക്രൈസ്‌തവ വോട്ടുകൾ സമാഹരിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹം സഭാ നേതാക്കളുമായി ചർച്ചകൾ നടത്തുന്നു. ഇതിനായി കാക്കനാട് സെൻ്റ് തോമസ് മൗണ്ടിലുള്ള സീറോ മലബാർ സഭ ആസ്ഥാനം അദ്ദേഹം സന്ദർശിക്കും. അതേസമയം, സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ഔദ്യോഗിക പ്രചാരണം നേമം മണ്ഡലത്തിൽ നിന്നും ഇന്ന് ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here