കരളിന്റെ ആരോഗ്യം കാക്കാനുള്ള വഴികൾ നിർദേശിച്ച് ഹെപ്പറ്റോളജിസ്റ്റ്

0
37

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ദഹനം സുഗമമാക്കുന്നതിലും വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിലും നിർണായക പങ്കുവഹിക്കുന്ന കരളിന്റെ ആരോഗ്യം ഇന്ന് പലരിലും മോശമായിക്കൊണ്ടിരിക്കുകയാണ്. ചിലർ ഹൃദയാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുകയോ, ഭാവിയിൽ പ്രമേഹം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയോ ചെയ്യുന്നു. എന്നാൽ പലപ്പോഴും കരളിന്റെ ആരോഗ്യത്തെ അവഗണിക്കാറാണ് പതിവ്.

അടുത്തിടെ ‘ലാൻസെറ്റ് റീജിയണൽ ഹെൽത്ത് – സൗത്ത് ഈസ്റ്റ് ഏഷ്യ’യിൽ ‘ഫിനോം ഇന്ത്യ-സിഎസ്ഐആർ ഹെൽത്ത് കോഹോർട്ട്’ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ 38.9% പേർക്കും ഫാറ്റി ലിവർ രോഗം ബാധിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. പലരിലും ഇതിനോടകം തന്നെ ഫൈബ്രോസിസ് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും, ഇത് ഗുരുതരമായ കരൾ രോഗങ്ങളുടെ തുടക്കമാണെന്നും പഠനം സൂചിപ്പിക്കുന്നു.

 

വ്യായാമമില്ലാത്ത ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും മൂലം ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, കരളിനെ സംരക്ഷിക്കാൻ ഹെപ്പറ്റോളജിസ്റ്റ് ഡോ.സിറിയക് അബി ഫിലിപ്‌സ് നൽകുന്ന പ്രധാന നിർദേശങ്ങൾ നോക്കാം.

1. മദ്യം പൂർണമായും ഒഴിവാക്കുക

കരളിന്റെ ഏറ്റവും വലിയ ശത്രു മദ്യമാണെന്ന് നമുക്കറിയാം. മദ്യപാനം കരൾ കോശങ്ങളെ നശിപ്പിക്കുകയും സിറോസിസ് പോലുള്ള മാരകാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാൽ കരൾ രോഗങ്ങൾ തടയാൻ മദ്യം പൂർണമായും ഉപേക്ഷിക്കുക എന്നതാണ് ആദ്യത്തെ പടി.

2. ശരീരഭാരം നിയന്ത്രിക്കുക

അമിതവണ്ണം കരൾ വീക്കത്തിനും ഫാറ്റി ലിവറിനും കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ആഴ്ചയിൽ ചുരുങ്ങിയത് 150 മിനിറ്റ് എങ്കിലും മിതമായ രീതിയിലുള്ള വ്യായാമം ശീലമാക്കണം.

 

3. ബ്ലാക്ക് കോഫി ശീലമാക്കാം

അത്ഭുതകരമായി തോന്നാമെങ്കിലും, പഞ്ചസാര ചേർക്കാത്ത ബ്ലാക്ക് കോഫി കരളിന് ഗുണകരമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാപ്പിയിലെ ആന്റിഓക്‌സിഡന്റുകൾ കരൾ വീക്കം കുറയ്ക്കാനും ഫൈബ്രോസിസ് തടയാനും സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ കപ്പ് ബ്ലാക്ക് കോഫി കുടിക്കുന്നത് കരളിന് സംരക്ഷണം നൽകും.

4. പഞ്ചസാരയും മധുരപാനീയങ്ങളും കുറയ്ക്കുക

സോഡകൾ, കൃത്രിമ മധുരം ചേർത്ത ജ്യൂസുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത്തരം പാനീയങ്ങൾക്ക് പകരം ധാരാളം വെള്ളം കുടിക്കുന്നത് കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കും.

 

5. വാക്സിനേഷൻ എടുക്കുക

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, എല്ലാവരും ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ സ്വീകരിക്കുകയും, ജീവിതത്തിൽ ഒരിക്കലെങ്കിലും എച്ച്.ബി.വി, എച്ച്.സി.വി പരിശോധനകൾക്ക് വിധേയരാവുകയും വേണം. വിട്ടുമാറാത്ത അണുബാധകൾ, സിറോസിസ്, കരൾ അർബുദം എന്നിവയെ 95 ശതമാനത്തിലധികം തടയാൻ എച്ച്.ബി.വി വാക്സിനിലൂടെ സാധിക്കും. ഹെപ്പറ്റൈറ്റിസ് സി-യും 8 മുതൽ 12 ആഴ്ചകൾക്കുള്ളിൽ 95 ശതമാനത്തിലധികം വിജയനിരക്കോടെ സുഖപ്പെടുത്താൻ സാധിക്കുന്നതാണ്. എന്നാൽ ഈ രോഗം ബാധിച്ച മിക്കവരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വസ്തുത.

 

6. വ്യായാമം കരളിനെ സംരക്ഷിക്കുന്നു

ശരീരഭാരം കുറയുന്നതുമായി ബന്ധമില്ലാതെ തന്നെ വ്യായാമം കരളിനെ സംരക്ഷിക്കും. ആഴ്ചയിൽ 150 മിനിറ്റ് (അല്ലെങ്കിൽ 75 മിനിറ്റ് കഠിനമായ വ്യായാമം) വർക്കൗട്ട് ചെയ്യുന്നത് വഴി കരളിലെ കൊഴുപ്പും കാഠിന്യവും കുറയ്ക്കാൻ നിങ്ങൾക്ക് സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here