തെരുവു നായ പ്രശ്‌നം; കോടതിയുത്തരവിന് പുല്ലുവില,

0
29

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലേത് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത്തയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നവംബര്‍ മൂന്നിനാണ് ചീഫ് സെക്രട്ടറിമാര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. തെരുവുനായ വിഷയത്തിലാണ് കോടതിയുടെ നിര്‍ദേശം.

ജസ്റ്റിസുമാരായ വിക്രം നാഥിന്‍റെയും സന്ദീപ് മെഹ്‌ത്തയുടെയും ബെഞ്ചിന് മുമ്പാകെയാണ് തുഷാര്‍ മെഹ്‌ത്ത വിഷയം അവതരിപ്പിച്ചത്. നവംബര്‍ മൂന്നിന് ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് തന്നെ കോടതിക്ക് മുന്നില്‍ ഹാജരായേ തീരൂ എന്ന് കോടതി കല്‍പ്പിച്ചു.കാര്യങ്ങള്‍ ബോധിപ്പിക്കണമെന്നും സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടും അവര്‍ ഇതിന് മുകളില്‍ ഉറങ്ങുകയാണെന്നും കോടതി ആരോപിച്ചു. കോടതിയുത്തരവിനെ അവര്‍ മാനിക്കുന്നില്ല. ഏതായാലും ഇനി അവര്‍ നേരിട്ട് തന്നെ എത്തട്ടെ എന്നും കോടതി തീര്‍പ്പാക്കി. നേരിട്ട് എത്തുന്നതിന് പകരം അവര്‍ ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാകാമെന്നായിരുന്നു തുഷാര്‍ മെഹ്‌ത്തയുടെ നിര്‍ദ്ദേശം.

ഒക്‌ടോബര്‍ 27ന് തെരുവുനായ വിഷയം കോടതി പരിഗണിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് നവംബര്‍ മൂന്നിന് സുപ്രീം കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കോടതിയുടെ ഓഗസ്റ്റ് 22ലെ ഉത്തരവില്‍ അനുബന്ധ സത്യവാങ് മൂലം സമര്‍പ്പിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

തെരുവ് നായ പ്രശ്‌നം ദേശീയ തലസ്ഥാന വിഷയം മാത്രമല്ലെന്ന് കാട്ടി രാജ്യത്തെമുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കക്ഷി ചേരണമെന്ന് കോടതി ഓഗസ്റ്റ് 22ന് നിര്‍ദ്ദേശിച്ചിരുന്നു.

നായ കേന്ദ്രങ്ങള്‍, മൃഗ ഡോക്‌ടര്‍മാര്‍,നായ പിടുത്തക്കാര്‍, മൃഗ പ്രജനന നിയന്ത്രണ നിയമം(എബിസി റൂള്‍സ്) അനുസരിച്ച് പ്രത്യേകം തയാറാക്കിയ വാഹനങ്ങളും കൂടുകളും തുടങ്ങിയവയുടെ അടക്കം കണക്കുകള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണെന്നും മുനിസിപ്പല്‍ അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എബിസി നിയമങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഒരു പോലെ ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ തലസ്ഥാനത്ത് തെരുവു നായകളുടെ കടിയേറ്റ് പേ വിഷ ബാധയുണ്ടായെന്ന മാധ്യമ വാര്‍ത്തകളുട അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജൂലൈ 28നാണ് സംഭവം. കുട്ടികളിലടക്കം പേ വിഷ ബാധ ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here