അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പ്: പാവങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

0
28

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സർക്കാർ പ്രഖ്യാപിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി ഒരു തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാവങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും, കള്ളക്കണക്കുകൾ കൊണ്ട് കൊട്ടാരം പണിയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ പാവപ്പെട്ടവർക്ക് നീതി നിഷേധിച്ചുകൊണ്ട് അവരെ സർക്കാർ ഉപയോഗിക്കുകയാണെന്നും വിഡി സതീശൻ വിമർശിച്ചു.

അതിദരിദ്രരുടെ എണ്ണത്തിലെ വൈരുധ്യം

എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പരമദരിദ്രരായ കുടുംബങ്ങളുടെ എണ്ണം 4.5 ലക്ഷത്തിൽ അധികം വരില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പദ്ധതി നടപ്പിലാക്കി തുടങ്ങിയപ്പോൾ അതിദരിദ്രരുടെ എണ്ണം 4.5 ലക്ഷത്തിൽ നിന്ന് 64006 ആയി കുറഞ്ഞത് എങ്ങനെയാണെന്ന് അദ്ദേഹം ചോദ്യമുയർത്തി. ഒരു മാനദണ്ഡവുമില്ലാതെയാണ് ഈ 64006 പേരെ ഉൾപ്പെടുത്തി അവർക്ക് മാത്രം സഹായം നൽകുന്നത്.

ദരിദ്രരിൽ അതിദരിദ്രർക്ക് കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം നൽകുന്ന അന്ത്യോദയ (എവൈ) വിഭാഗം കാർഡ് 5,90,000 പേർക്ക് നിലവിലുണ്ട്. കേരളം അതിദരിദ്രമാണെന്ന് പ്രഖ്യാപനം നടത്തിയാൽ ഈ വിഭാഗത്തിലുള്ളവർക്ക് റേഷൻ കടകൾ വഴി സൗജന്യമായി നൽകിവരുന്ന അരിയും ഗോതമ്പും വരെ കേന്ദ്രസർക്കാർ നിർത്തിവെക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക സാമ്പത്തിക, സാമൂഹിക വിദഗ്ധർ സർക്കാരിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ആരാണ് അതിദരിദ്രർ, അഗതികളാണോ എന്ന സംശയവുമുണ്ട്.

ഉപരിതല സ്പർശിയായി തയ്യാറാക്കിയ പട്ടിക പ്രകാരം കണ്ടെത്തിയവർക്ക് നൽകിയ സഹായത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആഘോഷമായി പ്രഖ്യാപനം നടത്താൻ സർക്കാർ ഒരുങ്ങുന്നത്. കേരളത്തിൽ അതീവ ദരിദ്രരും പരമദരിദ്രരുമായ നിരവധി ആളുകൾ ഇപ്പോഴുമുണ്ട്, ഇവരെല്ലാം പട്ടികയ്ക്ക് പുറത്താണ്. പരമദരിദ്രരും ദരിദ്രരിൽ ദരിദ്രരുമായവർ നോക്കിനിൽക്കുമ്പോളാണ് അതിദരിദ്രരുടെ കണക്ക് സർക്കാർ അവതരിപ്പിക്കുന്നതെന്നും, ഇത് രാഷ്ട്രീയ പ്രചാരണങ്ങൾ എത്രമാത്രം അധഃപതിച്ചുവെന്നതിൻ്റെ ഉദാഹരണമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

ആശാ പ്രവർത്തകരുടെ ഹോണറേറിയം വർധന

ആശാ പ്രവർത്തകരുടെ ഹോണറേറിയം വർധനവിന് പ്രതിപക്ഷം എതിരല്ലെന്നും, എന്നാൽ നാല് വർഷം ഒന്നും ചെയ്യാതിരുന്നിട്ട് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കണ്ടാണ് ഈ 1000 രൂപയുടെ വർധന പ്രഖ്യാപനമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സമരത്തെ ആദ്യം പുച്ഛിച്ചവരാണ് ഇപ്പോൾ ആശാ പ്രവർത്തകരെയും അങ്കണവാടി ജീവനക്കാരെയും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെയും കാണുന്നത്.

ക്ഷേമ പെൻഷൻ 2500 രൂപയാക്കി വർധിപ്പിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനം. അത് 2000 രൂപയാക്കി വർധിപ്പിച്ചശേഷം ഇപ്പോൾ കൊട്ടിഘോഷിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് വ്യക്തമാണ്. മലയാളികളുടെ സാമാന്യബുദ്ധിയാണ് സർക്കാർ ചോദ്യം ചെയ്യുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here