നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരം ജന്തർ മന്തറിൽ തുടരുകയാണ്. ജന്തർ മന്തറിൽ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം നൽകിയിട്ടില്ലെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. ജന്തർ മന്തറിൽ നടക്കുന്നത് സമാധാനപരമായ സമരം. ചില ഗുണ്ടകൾ ഡൽഹിയിലെ പലയിടത്തും ഒത്തുകൂടി ആക്രമണം നടത്താൻ പദ്ധതി ഇടുന്നുണ്ടെന്നും ഇവരുമായി സിജെപിക്ക് ബന്ധമില്ലെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പാർലമെന്റ് ഇന്ന് പ്രപക്ഷുബ്ധമാകും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് ലോക്‌സഭയും രാജ്യസഭയും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. പരീക്ഷാവീഴ്ചയിലും പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളിലും പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി. സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം ഇന്നും പാർലമെന്റിന് പുറത്തേക്ക് നീണ്ടേക്കും.







