ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന സുവർണ നേട്ടം ഇനി ഗൗതം അദാനിക്ക്. റിലയൻസ് ഇൻഡസ്‌ട്രീസിൻ്റെ ചെയർമാൻ മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാൻ്റെ നേട്ടം. ബ്ലൂംബെർഗ് ബില്യണയേഴ്‌സിൻ്റെ ശതകോടീശ്വര പട്ടിക പ്രകാരം 92.6 ബില്യൺ യുഎസ് ഡോളർ ആസ്‌തിയുമായി ഗൗതം അദാനി ആഗോളതലത്തിൽ 19 ആം സ്ഥാനത്ത് നിൽക്കുമ്പോൾ, 90.8 ബില്യൺ യുഎസ് ഡോളർ ആസ്‌തിയുമായി മുകേഷ് അംബാനി 20 ആം സ്ഥാനത്താണ്. ആഗോള സമ്പത്ത് റാങ്കിങിൽ അദാനിയുടെ ആസ്‌തിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതോടെയാണ് ഈ നേട്ടം.
ആഗോളതലത്തിലെ ഒന്നാം സ്ഥാനം
അതേസമയം, ആഗോളതലത്തിൽ ശതകോടീശ്വര പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് എലോൺ മസ്‌കാണ്. 656 ബില്യൺ യുഎസ് ഡോളർ ആസ്‌തിയാണ് എലോൺ മസ്‌കിനുള്ളത്. 286 ബില്യൺ യുഎസ് ഡോളറുമായി ആമസോണിൻ്റെ സഹസ്ഥാപകനും ബോർഡ് അംഗവുമായ ലാറി പേജും 269 ബില്യൺ യുഎസ് ഡോളറുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും തൊട്ട് പിന്നിലുണ്ട്. ആഗോള പട്ടികയിലെ മറ്റ് പ്രമുഖ പേരുകളിൽ മെറ്റയുടെ സ്ഥാപകൻ മാർക്ക് സക്കർബർഗ്, ഒറാക്കിളിൻ്റെ സഹസ്ഥാപകനായ ലാറി എലിസൺ എന്നിവരുമുണ്ട്.
അദാനി ഗ്രൂപ്പിൻ്റെ നേട്ടത്തിന് പിന്നിൽ
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഇൻഫ്രാസ്ട്രക്‌ചർ ഗ്രൂപ്പാണ്. ഒന്നിലധികം മേഖലകളിൽ അതിൻ്റെ കാൽപ്പാടുകൾ വികസിച്ചിരിക്കുന്നു. അദാനി ഗ്രൂപ്പ് തങ്ങളുടെ ബിസിനസ് സാമ്രാജ്യം കേവലം അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രം ഒതുക്കാതെ, ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തുന്ന ബിടുസി (Business-to-Consumer) മേഖലയിലേക്ക് അതിവേഗം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് നേട്ടത്തിന് പിന്നിലെ പ്രധാന കാരണം.
ഗ്രൂപ്പിൻ്റെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ ഗതാഗത ലോജിസ്‌റ്റിക്‌സ്, ഉത്പാദനം, പ്രക്ഷേപണം, വിതരണം എന്നിവയുൾപ്പെടെയുള്ള സംയോജിത ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതിവിഭവങ്ങൾ, വിമാനത്താവളങ്ങൾ, പ്രതിരോധം, എയ്‌റോസ്‌പേസ്, ഡാറ്റാ സെൻ്ററുകൾ, സിമൻ്റ്, മീഡിയ, റോഡുകൾ, റെയിൽ, മെട്രോ, റിയൽ എസ്‌റ്റേറ്റ്, നഗര വികസനം, ഭക്ഷണം, എഫ്എംസിജി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ബിസിനസ് ഇൻക്യുബേഷൻ എന്നിവയെല്ലാം ഉൾപ്പെടുന്നു.
ഇന്ത്യയിലെ ഗ്രാമീണ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം 7 ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുന്നു. ഇന്ത്യയുടെ ഹരിത ഊർജ്ജ പരിവർത്തനം സുഗമമാക്കുന്നതിനായി 70 ബില്യൺ യുഎസ് ഡോളറാണ് വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്. 150 ബില്യൺ യുഎസ് ഡോളറിലധികം രഷ്‌ട്രനിർമാണത്തിനും സംഭാവന നൽകുന്നു. ലോകത്തിലെ ഏറ്റവും ധനികരായ സംരംഭകരുടെ തുടർച്ചയായ ആധിപത്യത്തെയാണിത് പ്രതിഫലിപ്പിക്കുന്നത്. 200 ബില്യൺ യുഎസ് ഡോളറിലധികം വിപണി മൂലധനത്തിലേക്ക് ഒരു ബിസിനസ് ഗ്രൂപ്പിനെ നയിച്ച ഇന്ത്യയിലെ ആദ്യത്തെ സ്ഥാപകനും ആദ്യ സംരംഭകനുമാണ് ഗൗതം അദാനി.






