ഏഷ്യാകപ്പ്; വിറപ്പിച്ച് ഒമാന്‍, പോരാട്ടത്തിനൊടുവില്‍ ഇന്ത്യക്ക് 21 റണ്‍സ് വിജയം

0
34

അബുദബി: ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ അവിശ്വസനീയമായ പോരാട്ടം കാഴ്ചവെച്ച് ഒമാൻ. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ, ഒരു ഘട്ടത്തിൽ അട്ടിമറി വിജയം നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു.

20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് ഒമാൻ നേടിയത്. ടീമിന് മികച്ച തുടക്കം നൽകിയ നായകൻ ജതീന്ദർ സിങ് 33 പന്തിൽ 32 റൺസ് നേടി പുറത്തായെങ്കിലും, ആമിർ കലീമും ഹമ്മദ് മിർസയും ചേർന്ന് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. തകർപ്പൻ ഫോമിലായിരുന്ന ആമിർ കലീം 46 പന്തിൽ 7 ഫോറുകളും 2 സിക്സറുകളും സഹിതം 64 റൺസ് നേടിയാണ് പുറത്തായത്. ഹർഷിത് റാണയുടെ പന്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകിയാണ് കലീം മടങ്ങിയത്.

റൺവേട്ട തുടർന്ന ഹമ്മദ് മിർസ 33 പന്തിൽ 51 റൺസ് നേടി ഹാർദിക് പാണ്ഡ്യയുടെ പന്തിൽ പുറത്തായി. ഇരുവരുടെയും പ്രകടനം ഒമാന് വലിയ പ്രതീക്ഷ നൽകി. ഹര്‍ഷിത് റാണയും അര്‍ഷദീപ് സിങ്ങും കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഭിഷേക് ശര്‍മ്മയുടെയും സഞ്ജു സാംസണിന്റെയും മികവിലാണ് ഇന്ത്യ ഒമാനെതിരെ 188 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടിയത്

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പവര്‍പ്ലേയില്‍ ഒമാന്‍ ബോളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച അഭിഷേക് ശര്‍മ്മ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. വെറും 15 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളുമടക്കം 38 റണ്‍സാണ് അഭിഷേക് നേടിയത്.

അഭിഷേക് പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ആദ്യം പതുക്കെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു. 41 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സഞ്ജു, ഇന്ത്യയുടെ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നു. എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഹര്‍ഷിത് റാണ എട്ട് പന്തില്‍ നിന്ന് പുറത്താകാതെ 13 റണ്‍സ് നേടി ഇന്ത്യന്‍ സ്‌കോര്‍ 188-ല്‍ എത്തിച്ചു.

എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗിനിറങ്ങാതിരുന്നത് ശ്രദ്ധേയമായി. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇന്ത്യയുടെ പരീക്ഷണ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

ഒമാനു വേണ്ടി ഫൈസല്‍ ഷാ, ജിതന്‍ രാമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here