തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ ഭീഷണി മുഴക്കിയെന്ന പരാതിയിൽ ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.കോവിൽപട്ടിയിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നും ഭീഷണി മുഴക്കിയത്. പുലർച്ചെ വിളാത്തികുളത്തെ മാർക്കണ്ഡേയന്റെ വസതിയിലെത്തിയ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് വിവരമറിഞ്ഞ് വസതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും പോലീസ് വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പോലീസ് ഇവരെ നീക്കം ചെയ്തു.
ചോദ്യം ചെയ്യലിനായി എംഎൽഎയെ സൂപ്രണ്ട് ഓഫ് പോലീസ് ഓഫീസിലേക്ക് കൊണ്ടുപോയതായും കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കോവിൽപട്ടിയിലെ പൊതുയോഗത്തിൽ വിജയിക്കെതിരെ മാർക്കണ്ഡേയൻ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റ്. ഇദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.അറസ്റ്റിനെ ശക്തമായി അപലപിച്ച ഡിഎംകെ, ഇത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും പ്രതിപക്ഷ നേതാക്കളെ സർക്കാർ ലക്ഷ്യമിടുകയാണെന്നും ആരോപിച്ചു. മൂന്ന് തവണ എംഎൽഎയായ മുതിർന്ന ഡിഎംകെ നേതാവ് മാർക്കണ്ഡേയന്റെ ദീർഘകാലത്തെ പൊതുപ്രവർത്തനവും മണ്ഡലത്തിലെ ശക്തമായ ജനപിന്തുണയും അവഗണിച്ചുകൊണ്ട് തികച്ചും ഏകപക്ഷീയമായ രീതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
വിമർശനങ്ങളോടുള്ള സർക്കാരിന്റെ അസഹിഷ്ണുതയാണ് ഈ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്നും അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണിതെന്നും പാർട്ടി ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താനും വിയോജിപ്പുകളെ ഇല്ലാതാക്കാനും സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ ഡിഎംകെ, ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും കൂട്ടിച്ചേർത്തു. ഭരണകക്ഷിയിലെ ജനപ്രതിനിധികൾ ഉൾപ്പെട്ട മറ്റ് കേസുകളിൽ നടപടിയെടുക്കാത്ത അധികാരികൾ, പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ട് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പാർട്ടി ചോദ്യം ചെയ്തു.









