ഭീതിയിലാഴ്‌ത്തി അമീബിക് മസ്‌തിഷ്‌ക ജ്വരം; പ്രതിരോധം പ്രധാനം, ലക്ഷണങ്ങള്‍ ഇങ്ങനെ

0
42

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വലിയ ഭീതിയിലാണ് ജനം. അത്യപൂതർവമായി മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണ സംഘ്യയും ഉയർന്നു വരികയാണ്. ആരോഗ്യ രംഗത്ത് വലിയ ആശങ്കയാണ് ഇത് സൃഷ്‌ടിക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന രോഗത്തിന്‍റെ മരണ നിരക്ക് 97 ശതമാനമാണ്. ഈ വർഷത്തിനിടെ 19 പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ആഗോളതലത്തിൽ 500 ൽ താഴെ കേസുകളും കേരളത്തിൽ 120 കേസുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെയും രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അറിയിച്ചുരുന്നു.

എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം?
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ വിഭാഗത്തില്‍പ്പെട്ട അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്‌തിഷ്‌കത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്ന രോഗാവസ്ഥയാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. കെട്ടി കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവരിലും നീന്തുന്നവരിലും അപൂർവമായി ബാധിക്കുന്ന രോഗാവസ്ഥയാണിത്. രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. എന്നാൽ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. വളരെ വേഗത്തിൽ വ്യാപിക്കുന്ന രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ ഒരാഴ്‌ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്.

അമീബിക് മസ്‌തിഷ്‌ക ജ്വരം ഇത്ര മരമാകുന്നത് എന്തുകൊണ്ട് ?
രോഗം വളരെ വേഗത്തിൽ മൂർച്ഛിക്കും എന്നതാണ് പ്രധാന വെല്ലുവിളി. അണുബാധയേറ്റാൽ ഒന്ന് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകൂ. അപ്പോഴേക്കും അണുബാധ മൂർച്ഛിക്കുകയും രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയാത്തത്ര രീതിയിൽ രോഗം വഷളായിട്ടുമുണ്ടാകും. ലോകമെമ്പാടും 5% ൽ താഴെ മാത്രമാണ് ഈ രോഗത്തിന്‍റെ അതിജീവന നിരക്ക്. സിഡിസിയുടെ കണക്കനുസരിച്ച്, അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ആഗോള മരണനിരക്ക് 95-98% ൽ കൂടുതലാണെന്നാണ് സിഡിസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ലക്ഷണങ്ങൾ എന്തൊക്കെ?
അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ പെട്ടന്ന് തന്നെ പ്രത്യക്ഷപ്പെടാമെങ്കിലും കുട്ടികളിലും മുതിർന്നവരിലും ഇത് വ്യത്യസ്‌തമായിരിക്കും. കഠിനമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, മൂക്കൊലിപ്പ് കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങൾ. അമീബ തലച്ചോറിൽ വ്യാപിച്ചു തുടങ്ങുമ്പോൾ ആശയക്കുഴപ്പം, ക്ഷോഭം, ബാലൻസ് നഷ്‌ടപ്പെടുക, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടും. രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്‌മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു.

കുട്ടികളിലെ രോഗലക്ഷണങ്ങൾ
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, അസ്വസ്ഥത പ്രകടിപ്പിക്കുക, അസാധാരണമായ പ്രതികരണങ്ങൾ എന്നിവയെല്ലാം കണ്ടേക്കാം. മിക്ക സമയത്തും ഉറക്കം, ഉണർത്താൻ ബൗദ്ധിമുട്ട് എന്നിവയും അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ഭാഗമായി കുട്ടികളിൽ കണ്ടു വരുന്നു.

ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെട്ടന്ന് വൈദ്യസഹായം തേടണം. വേഗത്തിൽ വ്യാപിക്കുന്ന രോഗമായതിനാൽ കൃത്യസമയത്ത് ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ശുദ്ധജല തടാകങ്ങൾ, നദികൾ, നീരുറവകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കുളിക്കുകയോ നീന്തുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ആ വിവരം ചികിത്സിക്കുന്ന ഡോക്‌ടറെ അറിയിക്കണം.

പ്രതിരോധ മാർഗങ്ങൾ

  • മലിനമായതോ കെട്ടികിടക്കുന്നതോ ആയ ജലാശയങ്ങളുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക
  • പായൽ നിറഞ്ഞതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ ജലാശയങ്ങളിൽ കുളിക്കുകയോ മുഖം കഴുകുകയോ അരുത്
  • പതിവായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കാതിരിക്കുക
  • ക്ലോറിനേറ്റ് ചെയ്‌തതും നന്നായി പരിപാലിക്കുന്നതുമായ വെള്ളത്തിൽ മാത്രം നീന്തുക
  • കുളിക്കുമ്പോഴോ കളിക്കുമ്പോ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക
  • തലയ്ക്ക് ക്ഷതമേറ്റവരോ മൂക്കിലോ തലയിലോ ശസ്ത്രക്രിയക്ക് വിധേയമായാവരോ കുളിക്കാനും മുഖം കഴുകാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പ് വരുത്തുക
  • ചെവിയിൽ പഴുപ്പുള്ള ആളുകൾ കെട്ടികിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം
  • നീന്തുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം
  • മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.

LEAVE A REPLY

Please enter your comment!
Please enter your name here