പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിൽ ഉന്നതതല സംഘം നിലയ്ക്കലിൽ പരിശോധന നടത്തി. തീർഥാടന കാലം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെയാണ് അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്.
പാർക്കിങ് സൗകര്യങ്ങൾ വിപുലമാക്കും
ദേവസ്വം മന്ത്രി കെ. മുരളീധരൻ, മന്ത്രി പി.സി വിഷ്ണുനാഥ്, ദേവസ്വം ബോർഡ് പ്രസിഡൻ്റ്, ജനപ്രതിനിധികൾ, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കലക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നിലയ്ക്കൽ ബേസ് ക്യാമ്പിലെ പാർക്കിങ് സൗകര്യങ്ങൾ, വാഹനങ്ങൾ കയറിയിറങ്ങുന്നതിലെ ക്രമീകരണങ്ങൾ എന്നിവ സംഘം നേരിട്ട് പരിശോധിച്ചു.
വനംവകുപ്പിൽ നിന്ന് ദേവസ്വം ബോർഡിന് വിട്ടുകിട്ടിയ ഭൂമിയിലാണ് നിലവിൽ പാർക്കിങ് ഗ്രൗണ്ടുകൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇവിടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ മൂവായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇത് പരമാവധി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തുന്ന തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള വിശ്രമകേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, കുടിവെള്ള വിതരണം എന്നിവയുടെ നിലവിലെ അവസ്ഥയും സംഘം വിലയിരുത്തി.
അടിയന്തര അറ്റകുറ്റപ്പണികൾക്ക് നിർദേശം
നിലയ്ക്കൽ ബേസ് ക്യാമ്പിലെ സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി നേരിട്ടിറങ്ങി പരിശോധന നടത്തിയത്. റോഡുകളുടെ ടാറിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർദേശം നൽകി. വെർച്വൽ ക്യൂ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത് പൊലീസാണ്. ഇതിനായുള്ള പ്രത്യേക കൺട്രോൾ റൂമുകളുടെ പ്രവർത്തനവും വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന കാര്യവും ചർച്ചയായി.
പരിശോധനയ്ക്കിടെ നിലയ്ക്കലിൽ ഉണ്ടായിരുന്ന തീർഥാടകരുമായി മുഖ്യമന്ത്രി നേരിട്ട് ആശയവിനിമയം നടത്തി. അവരുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ അദ്ദേഹം, സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. നവംബർ പതിനാറിന് മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കണമെന്നാണ് നിർദേശം.
പാർക്കിങ് ഗ്രൗണ്ടുകളിലെ ചെളി ഒഴിവാക്കാൻ മെറ്റൽ വിരിക്കുന്ന ജോലികൾ വേഗത്തിലാക്കാനും, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൃത്യമായ പ്ലാനിങ് നടത്താനും നിർദേശിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം, ശരണവഴികൾ എന്നിവിടങ്ങളിലെ ഒരുക്കങ്ങളും വരും ദിവസങ്ങളിൽ വിലയിരുത്തും. സുഗമമായ ദർശനം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






