താക്കോൽദ്വാര ചികിത്സയിലൂടെ കൃത്രിമ ഹൃദയവാൽവ് തകരാർ പരിഹരിച്ചു

0
5

തിരുവനന്തപുരം: ഹൃദയത്തിൽ രണ്ട് കൃത്രിമ വാൽവുകൾ ഘടിപ്പിച്ചിട്ടുള്ള രോഗിയുടെ വാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ വിജയകരമായി പരിഹരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. കാർഡിയോളജി, അനസ്‌തേഷ്യ, കാർഡിയോതൊറാസിക് വിഭാഗങ്ങൾ സംയുക്തമായാണ് അപൂർവമായ ഈ ചികിത്സാനേട്ടം കൈവരിച്ചത്.

ഗുരുതരമായ ഹൃദ്രോഗത്തെത്തുടർന്ന് മൈട്രൽ വാൽവും അയോട്ടിക് വാൽവും നീക്കം ചെയ്‌ത് പകരം കൃത്രിമ ലോഹ വാൽവുകൾ ഘടിപ്പിച്ച 55 വയസുള്ള സ്ത്രീയുടെ മൈട്രൽ വാൽവിന് സമീപം പുതിയ ചോർച്ച (ലീക്ക്) രൂപപ്പെടുകയായിരുന്നു. ഇത്തരം ചോർച്ച പരിഹരിക്കാൻ സാധാരണയായി നെഞ്ച് തുറന്ന് നടത്തുന്ന സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്. എന്നാൽ, രോഗിക്ക് വീണ്ടും നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരാതിരിക്കാനായി നൂതനമായ കത്തീറ്റർ അധിഷ്ഠിത ചികിത്സാരീതിയാണ് ഡോക്ടർമാർ തെരഞ്ഞെടുത്തത്.

കാലിലെ ഫെമറൽ സിരയിലൂടെ നേർത്ത കുഴൽ (കത്തീറ്റർ) ഹൃദയത്തിനുള്ളിലേക്ക് കടത്തിവിട്ട് ചോർച്ചയുള്ള ഭാഗം പ്രത്യേക പ്ലഗ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. ഇതിലൂടെ നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയും അതുമായി ബന്ധപ്പെട്ട മുറിവുകളും തുന്നലുകളും ഒഴിവാക്കാൻ സാധിച്ചു. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഇത് സഹായകരമായി. ആരോഗ്യനില തൃപ്‌തികരമായതിനാൽ രോഗിയെ വൈകാതെ ഡിസ്‌ചാർജ് ചെയ്യും.

കേരളത്തിൻ്റെ ആരോഗ്യരംഗത്ത് കൂടുതൽ കരുത്തെന്ന് ആരോഗ്യമന്ത്രി

സാധാരണക്കാരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഇത്തരം മുന്നേറ്റങ്ങൾ കേരളത്തിൻ്റെ ആരോഗ്യരംഗത്ത് കൂടുതൽ കരുത്ത് പകരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. ശസ്ത്രക്രിയിൽ പങ്കാളിയായ ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. രണ്ട് കൃത്രിമ ഹൃദയവാൽവുകൾ ഘടിപ്പിച്ചിട്ടുള്ള രോഗിയിൽ ഇത്തരത്തിൽ വാൽവ് ചോർച്ച അടയ്ക്കുന്നത് സാങ്കേതികമായി ഏറെ സങ്കീർണവും അപൂർവവുമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ മാത്യു ഐപ്പ് പറഞ്ഞു.

ഡോ ലെയിസ് മുഹമ്മദ്, ബിജേഷ് എസ്, ലക്ഷ്‌മി തമ്പി, ആർ ബൈജു, കൃഷ്‌ണകുമാർ, സുരേഷ് മാധവൻ, ആരതി, ശ്രുതി എന്നിവർ ചികിത്സാസംഘത്തിലുണ്ടായിരുന്നു. അനസ്‌തേഷ്യ വിഭാഗത്തിൽനിന്ന് ഡോ ശോഭ, ഡോ അരുൺകുമാർ, ഡോ മിർസാ മൂസ എന്നിവരും കാർഡിയോതൊറാസിക് വിഭാഗത്തിൽനിന്ന് ഡോ രവികുമാർ, ഡോ രതീഷ് എന്നിവരും സംഘത്തിന്റെ ഭാഗമായി. കാർഡിയാക് ടെക്‌നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോർ, അസീം, അമൽ എന്നിവരും കാർഡിയോളജി നഴ്‌സുമാരായ റീന, അനിത, അനു, സൂസൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here