വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെങ്കിലും, രാജ്യവിരുദ്ധ ശക്തികൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് :പ്രീതി സിന്റ‌

0
37
രാജ്യത്ത് ശക്തി പ്രാപിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ബോളിവുഡ് നടിയും സംരംഭകയുമായ പ്രീതി സിന്റ. വിദ്യാർത്ഥികളുടെ ആവശ്യങ്ങളെയും വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെങ്കിലും, സമാധാനപരമായ ഈ പ്രക്ഷോഭങ്ങളെ രാജ്യവിരുദ്ധ ശക്തികൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിലൂടെ’ പങ്കുവെച്ച വിശദമായ കുറിപ്പിലാണ് പ്രീതി സിന്റ തന്റെ നിലപാട് വ്യക്തമാക്കിയത്. ഡൽഹി ജന്തർ മന്തറിലെയടക്കം വിദ്യാർത്ഥി സമരങ്ങൾ രാജ്യശ്രദ്ധ നേടുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.
”നമ്മുടെ വിദ്യാർത്ഥികളെ പിന്തുണയ്ക്കേണ്ടതും അവരുടെ ഭാവിയെ പോസിറ്റീവായി ബാധിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ആവശ്യപ്പെടേണ്ടതും പ്രധാനമാണെങ്കിലും, വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രക്ഷോഭങ്ങൾ അരാജകത്വം സൃഷ്ടിക്കാനും സമരത്തിന്റെ സ്വഭാവം മാറ്റാനും ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികൾ ഹൈജാക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണ്. ഓൺലൈനിൽ ഇത്രയധികം വിദ്വേഷവും ചേരിതിരിവും കാണുമ്പോൾ, നമ്മുടെ വിദ്യാർത്ഥികളുടെ രോഷത്തെയും നിരാശയെയും ആയുധമാക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള ചില മോശം ശക്തികൾ അഹോരാത്രം പണിയെടുക്കാൻ തുടങ്ങിയോ എന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്.”-പ്രീതി സിന്റെ എക്‌സിൽ കുറിച്ചു.
കഠിനാധ്വാനത്തിലും സമത്വത്തിലും മികവിലുമാണ് താൻ എപ്പോഴും വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു. അതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. നമ്മുടെ ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും നമ്മുടെ സർക്കാരിലും ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഇരുവിഭാഗവും അർത്ഥവത്തായതും സർഗാത്മകവുമായ ചർച്ചകളിൽ ഏർപ്പെടുമെന്നും, ഈ പ്രക്ഷോഭത്തിൽനിന്നും സംഭാഷണങ്ങളിൽനിന്നും എല്ലാവിധ ദുഷ്ടശക്തികളെയും തെറ്റായ അജണ്ടകളെയും പിഴുതെറിയുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അങ്ങനെ നമ്മുടെ യുവാക്കൾക്കും നമ്മുടെ ജനാധിപത്യത്തിനും തിളക്കമുള്ള ഒരു ഭാവി കൈവരട്ടെയെന്നും പ്രീതി സിന്റ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here