ഹൈഡ്രജൻ ട്രെയിനുകളുടെ വേഗത 110 കിലോമീറ്ററിലേക്ക്; ട്രയലുകൾ പൂർത്തിയായി

0
2

ഇൻഡോർ: ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനുകൾ മണിക്കൂറിൽ 110 കിലോമീറ്റര്‍ വേഗതയിൽ ഓടുമെന്ന സൂചന നൽകി ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സതീഷ് കുമാർ. ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിക്കൂറിൽ 120 കിമീ വേഗതയിലുള്ള ട്രയലുകൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. നിലവിൽ 75 കിമീ വേഗത നിശ്ചയിച്ചിട്ടുള്ള ഈ ട്രെയിൻ സർവീസ് മണിക്കൂറിൽ 110 കി.മീ വേഗതയിൽ പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

നിലവിൽ മണിക്കൂറിൽ 75 കി.മീ വേഗതയിലാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്.

സാങ്കേതിക വശങ്ങളും ഇന്ധന വിതരണ സൗകര്യങ്ങളും പരിശോധിച്ച്, ഏതൊക്കെ റൂട്ടുകളിൽ സർവീസ് നടത്തണമെന്ന് വിവിധ ഭാഗങ്ങളുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും. ഹരിയാനയിലെ ജിന്ദ്-സോണിപ്പത് (89 കിമീ) റൂട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. 89 കിമീ ദൂരം ഏകദേശം 2 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും.

ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനം വഴി ട്രെയിനിനുള്ളിൽ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഊർജത്തിനായി ഈ ട്രെയിൻ ചെയ്യുന്നത്. അന്തരീക്ഷത്തിലെ ഓക്സിജനും ഹൈഡ്രജനും തമ്മിൽ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. പുകയും കാർബൺ പുറന്തള്ളലും ഉണ്ടാകില്ല. ജലബാഷ്പവും ചൂടും മാത്രമാണ് ഉപ ഉൽപ്പന്നങ്ങൾ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ആണ് ഈ ട്രെയിൻ നിർമ്മിച്ചത്. ആകെ 10 കോച്ചുകളാണുള്ളത്. ഇതിൽ 2 ഹൈഡ്രജൻ പവർ കാറുകളും 8 പാസഞ്ചർ കോച്ചുകളും ഉൾപ്പെടുന്നു.

2,600-ഓളം യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയും ഈ ട്രെയിനിൽ. 1,200 കിലോവാട്ട് (kW) ഹൈഡ്രജൻ ഫ്യുവൽ സെൽ പവർ ശേഷിയുണ്ട് ട്രെയിനിന്. നിരവധി സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിൻ ഓടുന്നത്. ഹൈഡ്രജൻ ചോർച്ച കണ്ടെത്തുന്നതിനുള്ള സംവിധാനം ട്രെയിനിൽ ഉണ്ട്. തീയോ പുകയോ കണ്ടാൽ ഇന്ധന വിതരണം സ്വയം നിർത്തുന്ന സംവിധാനവും ഉണ്ട്.

ഈ ട്രെയിനിന്റെ പ്രവര്‍ത്തനത്തിനായി ഹരിയാനയിലെ ജിന്ദ് കേന്ദ്രീകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ഹൈഡ്രജൻ ഫ്യുവലിംഗ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. 3,000 കിലോഗ്രാം ഹൈഡ്രജൻ വരെ സംഭരിക്കാൻ ഈ പ്ലാന്റിന് ശേഷിയുണ്ട്. വെള്ളത്തിൽ നിന്ന് ഇലക്ട്രോലിസിസ് വഴി ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്ന പ്ലാന്റാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here