തസ്തികയ്ക്ക് 1 കോടി; കേരള പിഎസ്‌സിയെ കടത്തിവെട്ടി കർണാടക പിഎസ്‌സി;

0
3

ബെംഗളൂരു: ഇന്ത്യയില്‍ ഏറ്റവും മികവോടെ പ്രവർത്തിക്കുന്ന പിഎസ്‌സി എന്ന് കേരളത്തിലെ പിഎസ്‌സിയെക്കുറിച്ച് പലരും പറയാറുണ്ട്. സമാനമായ പ്രചാരണം കർണാടകയിൽ ചെന്നാലും കേൾക്കാം. രാജ്യത്തെ ഏറ്റവും മികച്ച പിഎസ്‌സി സംവിധാനമാണ് കർണാടകയിലുള്ളത് എന്ന സംസ്ഥാനത്തെ പൊതുധാരണയെ കടപുഴക്കി എറിയുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പിഎസ്‍സി ചെയർമാൻ ശിവശങ്കരപ്പ എസ് സഹുകർ അടക്കമുള്ളവർ നേരിട്ട് അഴിമതികളിൽ പങ്കാളികളാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇയാളെ ഗവർണർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വെറ്ററിനറി ഓഫീസർ നിയമന അഴിമതിയിൽ ക്രിമിനൽ അന്വേഷണം നേരിടുന്ന പിഎസ്‌സി അംഗം ശാന്ത ഹൊസമണി ഒളിവിലാണ്.

സിഐഡിയും ഇഡിയും ശാന്ത ഹൊസമണിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പിഎസ്‌സി ചെയർമാൻ ശിവശങ്കരപ്പ തന്റെ രണ്ട് പെൺമക്കളെ ജോലിയിൽ കയറ്റിയെന്നാണ് ആരോപണം. ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാർ നിയമന അഴിമതിയിൽ അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരനായ കണ്ണാലെയും അറസ്റ്റിലായി.

 

80 ലക്ഷം മുതൽ 1 കോടി വരെ കോഴ

വെറ്ററിനറി ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിൽ ഒരു തസ്തികയ്ക്കായി 80 ലക്ഷം മുതൽ 1 കോടി രൂപ വരെ കോഴ ഇടപാടുകൾ നടന്നതായി ആരോപണമുണ്ട്. ഒഎംആർ‌ ഷീറ്റുകളിൽ കൃത്രിമം നടത്തിയാണ് പല തട്ടിപ്പുകളും നടന്നിരിക്കുന്നത്. പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പറും ഉത്തരങ്ങളും വാട്സാപ്പിൽ ചോർത്തി നൽകി. ചോദ്യപേപ്പറിന് 80 ലക്ഷം രൂപ ആവശ്യപ്പെടുന്ന വീഡിയോ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

മുൻ ചെയർമാൻ ശിവശങ്കരപ്പ സാഹുകാറിന്റെ പെൺമക്കൾ വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സംവരണ ആനുകൂല്യങ്ങൾ കൈപ്പറ്റിയാണ് ജോലി സംഘടിപ്പിച്ചതെന്നാണ് ആരോപണം. 400 വെറ്ററിനറി ഓഫീസർമാരുടെ നിയമനത്തിൽ 400 കോടി രൂപയുടെ വൻ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് ബിജെപി ആരോപിക്കുന്നു. സർക്കാർ ഇതിൽ നടപടിയൊന്നും എടുക്കുന്നില്ലെന്നും ആരോപണമുയർത്തുന്നു ബിജെപി. അതെസമയം നിലവിലെ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നിയമിച്ചത് ബിജെപി സർക്കാരാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

പിഎസ്‌സിയിലുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണമായി നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്. ഇതോടെ പ്രധാനപ്പെട്ട പല നിയമന പരീക്ഷകളും കർണാടക എക്സാമിനേഷൻസ് അതോറിറ്റിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. വെറ്ററിനറി ഓഫീസർ തസ്തികകൾ, ഗസറ്റഡ് പ്രൊബേഷണർ തസ്തികകൾ, ജൂനിയർ എഞ്ചിനീയർ തസ്തികകൾ (ജലവിഭവ വകുപ്പ്), എക്സ്റ്റൻഷൻ ഓഫീസർ തസ്തികകൾ (വ്യവസായ വാണിജ്യ വകുപ്പ്) തുടങ്ങി നിരവധി തസ്തികകളിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

 

കേരളവും പിന്നില്ലല്ല

അഴിമതികളുടെ കാര്യത്തിൽ കേരള പിഎസ്‌സി കർണാടക പിഎസ്‌സിയെക്കാൾ ഒട്ടും പിന്നിലല്ല. പിഎസ്‌സി അംഗങ്ങളെ നിയമിച്ചതിൽ തന്നെ വൻ അഴിമതിയാരോപണം ഉയർന്നിരുന്നു. പിഎസ്‌സി അംഗമായി നിയമിക്കപ്പെട്ട പ്രിൻസി കുര്യാക്കോസിന്റെ പിഎച്ച്ഡി തിസീസ് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജ് ഹൈടെക് കോപ്പിയടി സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. 2019ൽ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം തുടങ്ങിയവർ യൂണിവേഴ്സിറ്റി ബെറ്റാലിയൻ സിവിൽ പോലീസ് ഓഫീസർ (CPO) പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ സംഭവമായിരുന്നു ഇത്.

2023 – 2026 കാലത്ത് പ്ലാനിങ് ബോർഡ് പരീക്ഷ മൂല്യനിർണ്ണയ ക്രമക്കേട് ആണ് മറ്റൊന്ന്. സംസ്ഥാന പ്ലാനിങ് ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്ക് നടത്തിയ ഡിജിറ്റൽ ഓൺ-സ്‌ക്രീൻ മൂല്യനിർണ്ണയത്തിൽ വൻ കൃത്രിമം നടന്നതായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കണ്ടെത്തി. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥിക്കായി ചില ചോദ്യങ്ങൾ മൂല്യനിർണ്ണയത്തിൽ നിന്ന് തന്ത്രപൂർവം ഒഴിവാക്കിയെന്നും, മറ്റ് ഉദ്യോഗാർത്ഥികളുടെ മാർക്ക് വെട്ടിക്കുറച്ച് ഇഷ്ടക്കാർക്ക് ഉയർന്ന റാങ്ക് നൽകിയെന്നുമാണ് ആക്ഷേപം.

പിഎസ്‌സി അംഗത്തിനെതിരായ കോഴ ആരോപണമാണ് മറ്റൊന്ന്. മുൻപ് നടന്ന ഹൈക്കോടതി ഡ്രൈവർ പരീക്ഷയിലും സമാനമായ രീതിയിൽ കോപ്പിയടിയും ക്രമക്കേടുകളും നടന്നതായി ആരോപണം ഉയർന്നുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here