ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരിക-രാഷ്ട്രീയ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ഈ തന്ത്രപ്രധാന പങ്കാളിത്തം നിലനിൽക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിലെ സ്വാമിനാരായൺ ക്ഷേത്രത്തിൻ്റെ വെർച്വൽ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ യും അവസരങ്ങളുടെയും പ്രതീകമായി ഈ മഹത്തായ ക്ഷേത്രം നൂറ്റാണ്ടുകളോളം നിലകൊള്ളുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “സമീപവർഷങ്ങളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയിട്ടുണ്ട്. എൻ്റെ സുഹൃത്ത് പ്രസിഡൻ്റ് എമ്മാനുവൽ മാക്രോണിനൊപ്പം ചേർന്ന് ഇരുരാജ്യങ്ങളും ഒരു പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പ്രതിരോധം മുതൽ ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം വരെയുള്ള മേഖലകളിൽ പുതിയ ഊർജ്ജത്തോടെയും വേഗതയോടെയും ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. “നമ്മൾ 2026 വർഷത്തെ ‘ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷമായി’ ആഘോഷിക്കുകയാണ്. നമ്മുടെ ദീർഘകാല സാംസ്കാരിക-രാഷ്ട്രീയ ബന്ധങ്ങളുടെ ദൃഢമായ അടിത്തറയിലാണ് ഈ തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുത്തിരിക്കുന്നത് എന്നതിനാൽ ഇത് തികച്ചും സവിശേഷമാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ച് ഈ ദിവസങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ഫ്രാൻസിൽ ഇന്ത്യൻ സൈനികർ ഒഴുക്കിയ ചോരയും അവരുടെ ത്യാഗവും ഇന്നും അവിടുത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു എന്നതിന് ചരിത്രം സാക്ഷിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“സംസ്‌കൃത ഭാഷയെ ജനപ്രിയമാക്കുന്നതിൽ ഫ്രഞ്ച് പണ്ഡിതന്മാർ വഹിച്ച നിർണായക പങ്കിനെക്കുറിച്ച് ഭാഷാസ്നേഹികൾക്ക് അറിയാം. രാമകൃഷ്ണ പരമഹംസരെയും സ്വാമി വിവേകാനന്ദനെയും കുറിച്ച് റൊമെയ്ൻ റോളണ്ട് എഴുതിയ രചനകൾ നമ്മുടെ സമൂഹങ്ങളെ കൂടുതൽ അടുപ്പിച്ചു,” അദ്ദേഹം പറഞ്ഞു.
കൂടാതെ, പാരീസിൽ നിന്ന് പുതുച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമത്തിലേക്കുള്ള ‘ദി മദർ’-ൻ്റെ ആത്മീയ യാത്ര എണ്ണമറ്റ ഇന്ത്യൻ-ഫ്രഞ്ച് ആത്മീയ അന്വേഷകർക്ക് പ്രചോദനമായിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകൾക്ക് മുമ്പ് ശ്രീല പ്രഭുപാദ സ്വാമിയും ഫ്രാൻസ് സന്ദർശിച്ചിട്ടുണ്ടെന്നും, ഇസ്കോണിലൂടെ ആത്മീയ ബന്ധങ്ങളിൽ അദ്ദേഹം ഒരു പുതിയ അധ്യായം തുറന്നതായും അദ്ദേഹം പറഞ്ഞു.
“ഇന്ന്, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ഒരു പാലമായി യോഗ മാറിയിരിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഐഫൽ ടവറിൽ നിന്നുള്ള ചിത്രങ്ങൾ ഫ്രാൻസിൽ യോഗയ്ക്കുള്ള വലിയ ജനപ്രീതിയെയാണ് പ്രതിഫലിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ഈ സാധ്യതകൾക്ക് ഒരു പുതിയ മാനം നൽകുന്നതാണ് സ്വാമിനാരായൺ ക്ഷേത്രമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് ‘മെയ്ഡ് ഇൻ ഇന്ത്യ’, ‘ബിൽറ്റ് ഇൻ ഫ്രാൻസ്’ ആണ്. ഇതിനാവശ്യമായ ഭൂരിഭാഗം കല്ലുകളും ഇന്ത്യയിലാണ് കൊത്തിയെടുത്തത്. ഇന്ത്യയുടെ പുരാതന കരകൗശലവിദ്യയും ഫ്രാൻസിലെ ആധുനിക എഞ്ചിനീയറിംഗും ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാരീസിൽ പുതുതായി നിർമിച്ച ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന ഇന്ത്യൻ സംസ്കാരത്തിൻ്റെ മൂല്യങ്ങൾ യൂറോപ്പിലുടനീളമുള്ള ജനങ്ങൾക്ക് പ്രയോജനകരമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭാവിയിൽ സമയം ലഭിക്കുമ്പോഴെല്ലാം താൻ ഈ ക്ഷേത്രം സന്ദർശിക്കുമെന്നും ആദരവ് അർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“ഇപ്പോൾ ഈ ഗംഭീരമായ ബി.എ.പി.എസ് (BAPS) ക്ഷേത്രത്തിലൂടെ നമ്മുടെ സാംസ്കാരിക ബന്ധങ്ങളിൽ മറ്റൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. സ്വാമിനാരായൺ ക്ഷേത്രങ്ങൾ ഭക്തിക്കൊപ്പം തന്നെ എപ്പോഴും ജനസേവനത്തിൻ്റെ കേന്ദ്രങ്ങളായാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഈ ക്ഷേത്രവും അതുപോലെ തന്നെ വിവിധ സേവന പദ്ധതികളുടെ കേന്ദ്രമായി മാറുമെന്ന് എന്നെ അറിയിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കപ്പെടുമ്പോഴെല്ലാം ഇന്ത്യയുടെ പുരാതന ചിന്തകളും മാനവിക മൂല്യങ്ങളും അതോടൊപ്പം സഞ്ചരിക്കാറുണ്ടെന്ന് മോദി പറഞ്ഞു. “ഇന്ന് ഫ്രാൻസിൽ ഒരു ഗംഭീരമായ ക്ഷേത്രം ഒരുങ്ങിയിരിക്കുന്നു, അത് ഫ്രാൻസിൻ്റെ വൈവിധ്യത്തെ സമ്പന്നമാക്കുക മാത്രമല്ല, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾക്ക് പുതിയ ഊർജ്ജം നൽകുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







