പിന്നിട്ടത് 86 സ്വരരാഗ വർഷങ്ങൾ, ഗാനഗന്ധർവ്വന് ഇന്ന് പിറന്നാൾ

0
30

ഗാനഗന്ധർവൻ യേശുദാസിന്‍റെ 86-ാമത് ജന്മദിനത്തിൽ ആയുരാരോഗ്യ സൗഖ്യം നേർന്ന് ആയിരങ്ങൾ ആശംസകളുമായെത്തി.

ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സർവരും

സോദരത്വേന വാഴുന്ന

മാതൃകാ സ്ഥാനമാണിത്’

1961ൽ ‘കാൽപാടുകൾ’ എന്ന സിനിമക്കായി ഒരു 21 വയസുകാരൻ പാടിയ പാട്ടിൻ്റെ വരികളാണിത്. ഒരു കാലത്ത് ശബ്‌ദമാധുര്യമില്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച കലാകാരൻ. പിന്നെ ഇന്ത്യൻ സംഗീതലോകം സാക്ഷ്യം വഹിച്ചത് അത്ഭുതകരമായ ഒരു വളര്‍ച്ചയ്ക്കാണ്. പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറി എന്ന് വേണം പറയാൻ. പകരക്കാരൻ ഇല്ലാത്ത ഗായകൻ. ഗന്ധർവ ഗായകൻ കെജെ യേശുദാസിന് ഇന്ന് 86-ാം പിറന്നാൾ.

പതിറ്റാണ്ടുകൾക്കിപ്പുറം മാറ്റിവയ്‌ക്കാനാകാത്ത ശീലമായി മലയാളിക്ക് യേശുദാസ് മാറിക്കഴിഞ്ഞു. പകരം വയ്‌ക്കാനില്ലാത്ത വികാരം, അതാണ് ആ ശബ്‌ദത്തിന്‍റെ മാറ്റ് കൂട്ടുന്നത്. വാക്കുകൾ മതിയാകാതെ വരും ആ സ്വരമാധുരിയ്‌ക്ക് വിശേഷണങ്ങൾ തീർക്കാൻ. ‘ദാസേട്ടാ’ എന്ന ഒറ്റ വിളിയിലുണ്ട് ആ സ്‌നേഹവും ബഹുമാനവും. ഏറെ സ്‌നേഹത്തോടെ മലയാളികൾ നെഞ്ചിൽ ഏറ്റിയ ഗായകന് പിറന്നാൾ ആശംസകൾ.

എല്ലാവർക്കും പ്രിയപ്പട്ടവൻ

മലയാളത്തിലെ മികവുറ്റ സംഗീതജ്ഞരുടെയെല്ലാം പ്രിയപ്പെട്ട ഗായകനായി യേശുദാസ്. ദേവരാജൻ മാഷും കെജെ യേശുദാസും കൈകോർത്തപ്പോഴെല്ലാം സംഗീതാസ്വാദകർക്ക് ലഭിച്ചത് പകരംവയ്‌ക്കാനില്ലാത്ത ഗാനങ്ങളായിരുന്നു. കാതിന് ഇമ്പം മാത്രമല്ല, സിരകളില്‍ പടരുന്ന ലഹരി തന്നെയായിരുന്നു ഓരോ ഗാനങ്ങളും. പുതിയ കാലത്തും സംഗീതജ്ഞർ ദാസേട്ടനെ ചേർത്തുനിർത്തുന്നു.

1940 ജനുവരിയിലാണ് യോശുദാസിൻ്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിൻ്റെയും മകനായാണ് യേശുദാസ് ജനിച്ചത്. സാമ്പത്തിക ദുരിതങ്ങളുടെ കയ്പ്പുനീർ കുടിച്ചുള്ള വിദ്യാഭ്യാസ കാലവും അവസരങ്ങൾ തേടിയുള്ള യാത്രകളും കഴിഞ്ഞ് കഠിനാധ്വാനവും ആത്മാർപ്പണവും കൈമുതലാക്കി യേശുദാസ് നടത്തിയ ജീവിതയാത്ര വലിയ മാതൃകയാണ്.

മലയാളത്തിൻ്റെ സ്വന്തം

മലയാളിയുടെ ഒരു ദിവസം കടന്നുപോകുമ്പോൾ അതില്‍ യേശുദാസിന്‍റെ ശബ്‌ദം എവിടെയെങ്കിലും കേൾക്കാതിരിക്കില്ല. യേശുദാസ് ജീവിക്കുന്ന കാലത്ത്, അദ്ദേഹം പാടിയ കാലത്ത്, ജീവിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്നവർ നിരവധിയാണ്. പാട്ടിൽ പ്രശസ്‌തിയുടെ കൊടുമുടി കയറുമ്പോഴും സംഗീതമാകുന്ന സാഗരത്തിന്‍റെ ഒരു ചെറിയ തിരമാല പോലും സ്‌പർശിക്കാനായി താൻ വളർന്നിട്ടില്ലെന്ന് നിത്യവസന്തഗായകൻ പറയും.

തലമുറകളെ പാടിയുണർത്തിയ ഗായകൻ… കാലത്തെ അതിജീവിച്ച ഗന്ധർവശബ്‌ദം… ഒരു ദിവസം പല ഭാഷകളിൽ 11പാട്ടുകൾ പാടി റെക്കോഡിട്ട കെ ജെ യേശുദാസ് എന്ന യേശുദാസ്. സിനിമയിലും ആൽബങ്ങളിലുമായി അര ലക്ഷത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യൻ ഗായകന്മാരിൽ തന്നെ അത്യപൂർവം. മലയാളം കടന്ന് തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും അടക്കം ഇന്ത്യയൊട്ടാകെ ആ ഗാനമാധുരി നിറഞ്ഞു. സംഗീതം അതിരുകൾ ഭേദിച്ചപ്പോൾ ദാസേട്ടന്‍റെ ശബ്‌ദം കടല്‍ കടന്നു. അറബി, ഇംഗ്ലീഷ്, റഷ്യൻ, ലത്തീൻ ഭാഷകളിലേക്കും ആ ശബ്‌ദം നാദ വിസ്‌മയമായി ഒഴുകിയെത്തി.

ഒറ്റ ദിവസം അഞ്ചും പത്തും പാട്ടുകളൊക്കെ റെക്കോർഡ് ചെയ്‌ത ചരിത്രമുണ്ട് ഗാനഗന്ധർവന്. സ്‌റ്റുഡിയോയിൽനിന്ന് സ്‌റ്റുഡിയോകളിലേക്കു പാഞ്ഞ കാലവും. സംഗീതത്തിന് സമർപ്പിക്കപ്പെട്ടതാണ് തന്‍റെ ജീവിതമെന്ന് പലകുറി പറഞ്ഞിട്ടുണ്ട് അദ്ദേഹം. തലമുറകളെ തന്‍റെ ആരാധകരാക്കിയ ഇന്ദ്രജാലം ദാസേട്ടൻ തുടർന്ന് കൊണ്ടേയിരിക്കുന്നു. മലയാളികൾ ഉള്ളിടത്തോളം കാലം കെ ജെ യേശുദാസും ആ ശബ്‌ദവും നിലനിൽക്കും എന്നത് തീർച്ചയാണ്.

നേട്ടങ്ങളുടെ കാലം

കാൽപ്പാടുകൾക്ക് വേണ്ടി പാടിയ ആദ്യ രണ്ട് ഗാനങ്ങൾക്ക് ശേഷം വേലുത്തമ്പി ദളവ, ശാന്തി നിവാസ്, പാലാട്ടുകോമൻ എന്നിങ്ങനെ സിനിമകൾ. 1962ൽ പുറത്തിറങ്ങിയ കണ്ണും കരളിനും വേണ്ടി പാടിയ കാണാനലയുന്നു കണ്ണുകൾ എന്ന പാട്ട് ശ്രദ്ധ നേടി. ആദ്യ മെഗാഹിറ്റ് പിറന്നത് ഭാസ്‌കരൻ – ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന ഭാഗ്യജാലകം എന്ന സിനിമയിലൂടെ. പതിയെ തന്‍റെ തട്ടകത്തിന്‍റെ രാജാവായി ആ മനുഷ്യൻ വളർന്നു, സമ്പൂർണ ആധിപത്യം എന്നുതന്നെ പറയാം.

പിന്നീടിറങ്ങിയ സിനിമകളിലെല്ലാം യേശുദാസ് എന്ന ഗായകൻ അവിഭാജ്യ ഘടകമായി മാറി. മലയാളിക്ക് സിനിമ പാട്ടെന്നാൽ യേശുദാസായി മാറി. ചുരുക്കത്തിൽ സംഗീതം എന്നതിന്‍റെ പര്യായമായി യേശുദാസെന്ന പേര് വളർന്നു. സംഗീതത്തിലെ സംഭാവനകള്‍ക്ക് യുനെസ്‌കോയുടെ പ്രത്യേക ബഹുമതി, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങി രാജ്യത്തിന്‍റെ പരമോന്നത അംഗീകാരങ്ങൾ. മികച്ച ഗായകനുള്ള എട്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റവും കൂടുതൽ സംസ്ഥാന പുരസ്‌കാരങ്ങൾ 24 തവണ.

1973 മുതൽ 77 വരെ തുടർച്ചയായ അഞ്ച് വർഷം സംസ്ഥാന പുരസ്‌കാരം എതിരാളികളില്ലാതെ ദാസേട്ടന് സ്വന്തമായി. 1979, 1980, 1981, 1982, 1983, 1984, 1985, 1986 വർഷങ്ങളിൽ നേട്ടങ്ങൾ വീണ്ടും ആവർത്തിച്ചു. തനിക്ക് ഇനി പുരസ്‌കാരങ്ങൾ നൽകരുതെന്നും പുതിയ പാട്ടുകാർക്ക് അവസരം നൽകണമെന്നും യേശുദാസിന് അഭ്യർഥിക്കേണ്ടി വന്നതും ചരിത്രം.

ഏതാണ്ട് എല്ലാ ഇന്ത്യൻ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. ഏട്ട് തവണയാണ് അദ്ദേഹത്തെ തമിഴ്‌നാട് സർക്കാരിന്‍റെ സംസ്ഥാന അവാർഡ് തേടിയെത്തിയത്. ആറ് തവണ മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡും അഞ്ച് തവണ കർണാടക സംസ്ഥാന അവാർഡും ഒരു തവണ പശ്ചിമബംഗാൾ സംസ്ഥാന അവാർഡും യേശുദാസ് നേടി.

ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരം യേശുദാസിന് ലഭിക്കുന്നത് 1973ൽ ആണ്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു’ എന്ന ഗാനത്തിനായിരുന്നു അവാർഡ്. തൊട്ടടുത്ത വർഷം ‘ഗായത്രി’ എന്ന സിനിമയിലെ ഗാനത്തിന് രണ്ടാമതും അദ്ദേഹം പുരസ്‌കാരത്തിൽ മുത്തമിട്ടു.

1976ൽ ‘ചിറ്റ്‌ചോർ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ദാസേട്ടനെ തേടി മൂന്നാം തവണ ദേശീയ പുരസ്‌കാരമെത്തുന്നത്. 1982ൽ തെലുഗു ചിത്രമായ ‘മേഘസന്ദേശ’ത്തിലെ ഗാനങ്ങൾ ആലപിച്ച് നാലാമത്തെ ദേശീയ പുരസ്‌കാരവും അദ്ദേഹം തന്‍റെ പേരിലാക്കി. ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന പാട്ടിന് 1987ലാണ് ആദ്ദേഹം പിന്നീട് ദേശീയ പുരസ്‌കാരത്തിന് അർഹനാവുന്നത്.

ഭരത’ത്തിലെ ‘രാമകഥ ഗാനലയം’ എന്ന ഗാനത്തിലൂടെ 1991ലും ‘സോപാനം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് 1993ലും യേശുദാസ് ദേശീയ പുരസ്‌കാരം നേടി. പിന്നീട് 25 വർഷങ്ങളുടെ ഇടവേളയ്‌ക്കിപ്പുറം 2018ൽ ‘പോയിമറഞ്ഞ കാലം’ എന്ന ഗാനത്തിലൂടെ എട്ടാം തവണയും ഗാനഗന്ധർവൻ നേട്ടം ആവർത്തിച്ചു.

വർഷങ്ങൾ ഇനിയെത്ര കടന്നുപോയാലും അദ്ദേഹം പാടിത്തീർത്ത ഗാനങ്ങൾ അനശ്വരമാണ്. വരും തലമുറക്ക് പാടാനും പഠിക്കാനും ആസ്വദിക്കാനുമായി അദ്ദേഹം അത്രക്കേറെ ഇവിടെ പാടിവെച്ചിട്ടുണ്ട്. ദൈവങ്ങളെ പോലും മന്ത്രിച്ചുണർത്തിയും പാടിയുറക്കിയും പതിറ്റാണ്ടുകളുടെ സംഗീത വിസ്‌മയമായി ദാസേട്ടൻ ഇവിടെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here