ബ്യൂണസ് ഐറിസ്: അംഗോളയ്‌ക്കെതിരായ അന്താരാഷ്ട സൗഹൃദമത്സരത്തിനുള്ള 24 അംഗ അർജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. നവംബർ 14 ന് ലുവാണ്ടയിൽ നടക്കുന്ന മത്സരത്തിൽ സൂപ്പര്‍ താരം ലയണൽ മെസ്സി നയിക്കും. ബെൻഫിക്ക വിംഗർ ജിയാൻലൂക്ക പ്രെസ്റ്റിയാനി, സ്ട്രാസ്ബർഗ് ഫോർവേഡ് ജോക്വിൻ പാനിചെല്ലി, കോമോ മിഡ്‌ഫീൽഡർ മാക്‌സിമോ പെറോൺ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. അംഗോളയ്‌ക്കെതിരായ മത്സരം വരാനിരിക്കുന്ന ഫിഫ അന്താരാഷ്‌ട്ര വിൻഡോയിലെ അര്‍ജന്‍റീനയുടെ ഏക സൗഹൃദ മത്സരമായിരിക്കും.
ലൗട്ടാരോ മാർട്ടിനെസും ജൂലിയൻ അൽവാരെസും ഉൾപ്പെടുന്ന ആക്രമണ നിരയ്‌ക്ക് മെസ്സി നേതൃത്വം നൽകും. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇല്ലാതെയാണ് ടീം കളത്തിലിറങ്ങുന്നത്. കാൽക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് താരം പുറത്താണ്. 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുമ്പ് ടീമിൽ പരീക്ഷണം നടത്താനുള്ള സ്‌കലോണിയുടെ അവസാന അവസരങ്ങളിൽ ഒന്നായിരിക്കും ഈ സൗഹൃദ മത്സരം.
കഴിഞ്ഞ മാസം, ചേസ് സ്റ്റേഡിയത്തിൽ പ്യൂർട്ടോ റിക്കോയെ അർജന്‍റീന 6-0 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതോടെ മെസ്സി പുരുഷ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ കളിക്കാരനായി. ഇതോടെ ക്ലബ്ബിനും രാജ്യത്തിനുമായി എല്ലാ മത്സരങ്ങളിലും 397 അസിസ്റ്റുകളാണ് സൂപ്പർ താരം നേടിയത്.
2025 ലെ മേജര്‍ സോക്കര്‍ ലീഗിലെ ഗോൾഡൻ ബൂട്ട് നേടിയ മെസ്സി, മയാമിയുമായുള്ള തന്‍റെ രണ്ടാം സീസണിൽ ലീഗിലെ ടോപ് സ്കോററായി (29). മിയാമിയുടെ ആദ്യ ഗോൾഡൻ ബൂട്ട് ജേതാവും 2021 ൽ ന്യൂയോർക്ക് സിറ്റി എഫ്‌സിയിൽ വാലന്റൈൻ “ടാറ്റി” കാസ്റ്റെല്ലാനോസ് നേടിയതിനുശേഷം അവാർഡ് നേടുന്ന ആദ്യ അർജന്‍റീനക്കാരനുമാണ് അദ്ദേഹം.
- അർജന്‍റീന
ഗോൾകീപ്പർമാർ: ജെറോണിമോ റുള്ളി, വാൾട്ടർ ബെനിറ്റസ്. പ്രതിരോധനിര: നഹുവൽ മൊലിന, ജുവാൻ ഫോയ്ത്ത്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, മാർക്കോസ് സെനെസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലൻ്റൈൻ ബാർകോ. മധ്യനിര: അലക്സിസ് മാക് അലിസ്റ്റർ, മാക്സിമോ പെറോൺ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ജിയോവാനി ലോ സെൽസോ, നിക്കോളാസ് പാസ്. മുന്നേറ്റനിര: ലയണൽ മെസ്സി, ജിയൂലിയാനോ സിമിയോണി, ജിയാൻലൂക്ക പ്രെസ്റ്റിയാനി, നിക്കോളാസ് ഗോൺസാലസ്, ലൗട്ടാരോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപ്പസ്, ജൂലിയൻ അൽവാരസ്, ജോക്വിൻ പാനിചെല്ലി.







