ഇത് വെറുമൊരു സെമിയല്ല…!! ഇംഗ്ലണ്ടും അര്‍ജൻ്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ നിങ്ങളറിയാത്ത ചരിത്രം…

0
2

2026 ഫിഫ ലോകകപ്പ് നാല് ടീമിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. അതും ഫിഫയുടെ റാങ്കിങ്ങിൽ ആദ്യ നാല് സ്ഥാനത്തുള്ളവർ. യൂറോ ചാമ്പ്യന്മാരായ സ്പെയിനും കഴിഞ്ഞതവണത്തെ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസ് ഏറ്റുമുട്ടുമ്പോൾ അതൊരു യൂറോ പോരാട്ടമാണ്. എന്നാൽ രണ്ടാം സെമി ആണ് ഒരുപാട് ചരിത്രശേഷിപ്പുകൾ ഓർമിപ്പിക്കുന്ന പോരാട്ടം. ബുധനാഴ്ച അർദ്ധരാത്രി കഴിയാൻ സമയമെണ്ണി കാത്തിരിക്കുകയാണ് കടുത്ത ആരാധകർ.

ലോകകപ്പിൽ ഏറ്റവും ഒടുവിൽ അർജൻ്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത് 2002ലാണ്. ആ ലോകകപ്പിൽ ഇംഗ്ലണ്ടിനോട് 1-0 ന് തോറ്റതാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജൻ്റീന പുറത്താകാൻ കാരണം. 32 രാജ്യങ്ങൾ പങ്കെടുത്ത കൊറിയ – ജപ്പാൻ ടൂർണമെൻ്റിൽ ഗ്രൂപ്പിലെ 3 മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി സ്വീഡനും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനക്കാരായാണ് അർജൻ്റീന ഫിനിഷ് ചെയ്തത്.

അർജൻ്റീനക്കൊപ്പം നൈജീരിയയും അന്നു ആ ഗ്രൂപ്പിൽ നിന്ന് പുറത്തായി. 44-ാം മിനിറ്റിൽ ഡേവിഡ് ബെക്കാം എടുത്ത പെനാൽറ്റി വെടിയുണ്ട വേഗത്തിൽ ഗോളി നിന്ന അതേ സെൻ്റർ പോയൻ്റിലേക്കാണ് തുളച്ചു കയറിയത്. ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വേഗതയുള്ള പെനാൽറ്റി കിക്കായി പിന്നീട് വിദഗ്ധർ അതിനെ വിലയിരുത്തി. ഇംഗ്ലണ്ട് ടീം ഡെന്മാർക്കിന് 3-0ത്തിന് തോൽപ്പിച്ച് ക്വാർട്ടറിൽ എത്തി.

ക്വാർട്ടർ ഫൈനലിൽ ബ്രസീലിനോട് 2-1ന് പരാജയപ്പെട്ട് ഇംഗ്ലണ്ട് പുറത്തായി. അന്ന് ആ തോൽവി ബ്രസീൽ ഫാൻസിനെക്കാൾ കൂടുതൽ ആഘോഷിച്ചത് അർജൻ്റീന ഫാൻസ് ആയിരുന്നു. ആ ഇംഗ്ലണ്ടിനെ 24 വർഷങ്ങൾക്ക് ശേഷം സെമി ഫൈനലിൽ മുന്നിൽ കിട്ടിയപ്പോൾ “പക വീട്ടാനുള്ളതാണ്” എന്നാണ് അർജൻ്റീന ആരാധകർ ഒന്നടങ്കം പങ്കുവയ്ക്കു‌ന്നത്.

മറക്കാനാവാത്ത 1966

സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജൻ്റീന ടീം ഒരു കറുത്ത ആംബാൻഡ് ധരിച്ചായിരുന്നു കളത്തിലിറങ്ങിയത്. അത് ഫുട്ബോളിലെ ഒരു സുപ്രധാന നിയമത്തിൻ്റെ പിറവിയുമായി ബന്ധപ്പെട്ടതാണ്. മൈതാനത്ത് ഫൗൾ നടന്നാൽ മഞ്ഞ-ചുവപ്പ് കാർഡുകൾ ഉപയോഗിക്കുന്ന ഫിഫ നിയമത്തിന്. 40 വർഷം മുമ്പ് ഒരു അർജൻ്റീനൻ കളിക്കാരനുമായി ബന്ധപ്പെട്ടു‌ കിടക്കുന്ന ഒരു കഥയാണിത്. അർജൻ്റീന ക്യാപ്റ്റൻ ആയിരുന്ന അൻ്റോണിയോ റാറ്റിനുമായി ബന്ധപ്പെട്ട കഥ.1966 ജൂലൈ 23നാണ് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആണ് ഇംഗ്ലണ്ട് അർജൻ്റീന ക്വാർട്ടർ ഫൈനൽ മത്സരം അരങ്ങേറിയത്. കളിയിലെ ഒരു ഫൗളിനെ തുടർന്നുണ്ടായ തർക്കം മൂലം ജർമൻ റഫറി ആയ റുഡോൾഫ് ക്രെയ്റ്റ്ലിൻ അർജൻ്റീനൻ ക്യാപ്റ്റൻ റാറ്റിനെ കളിയിൽ നിന്നു പുറത്താക്കി. അക്കാലത്തൊന്നും മഞ്ഞ-ചുവപ്പ് കാർഡുകൾ ഉണ്ടായിരുന്നില്ല. റഫറിമാർ ആംഗ്യം വഴിയും വാക്കാൽ പറഞ്ഞുമാണ് താക്കീതും ശിക്ഷയുമൊക്കെ നൽകിയിരുന്നത്. റാറ്റിനാകട്ടെ ഇംഗ്ലീഷോ ജർമനോ അറിയുമായിരുന്നില്ല, റഫറിക്ക് തിരിച്ചു സ്പാനിഷും. ഭാഷ അറിയാത്തതിനാൽ റാറ്റിൻ എന്താണു തർക്കിച്ചതെന്ന് മനസ്സിലാക്കുക പോലും ചെയ്യാതെയാണ് റഫറി റാറ്റിനെ പുറത്താക്കിയത്.

അൻ്റോണിയോ റാറ്റിൻ

നീതികിട്ടിയില്ലെന്ന തോന്നലും സംസാരത്തിലെ ആശയക്കുഴപ്പവും മൂലം റാറ്റിൻ മൈതാനം വിട്ടു പോകാൻ തയ്യാറായില്ല. അയാൾ റഫറിയുമായി സംസാരിക്കുവാൻ ഒരു വിവർത്തകനെ ആവശ്യപ്പെട്ടു കളത്തിൽ പ്രതിഷേധിച്ചു നിന്നു. ഒടുവിൽ 10 മിനിട്ടോളം കഴിഞ്ഞ്‌ പൊലീസെത്തിയാണ് റാറ്റിനെ കളത്തിൽ നിന്ന് നീക്കിയത്. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്തിനു ഒരുക്കിയിരുന്ന ചുവന്ന പരവതാനിയിൽ കുത്തിയിരുന്നാണ് അന്നു റാറ്റിൻ പ്രതിഷേധിച്ചത്. ആ കളി അർജൻ്റീന ഒരു‌ ഗോളിനു ഇംഗ്ലണ്ടിനോട് തോൽക്കുകയും പിന്നാലെ സെമിയും ജയിച്ച് ഇംഗ്ലണ്ട് ആ ലോകകപ്പ് നേടുകയും ചെയ്തു.ആ സംഭവം ഫിഫയെ ചിന്തിപ്പിച്ചു. ഫൗൾ സംഭവിച്ചാൽ ഒരു ആധികാരിക നിയമം വേണമെന്ന് അവർ തീരുമാനിച്ചു. ഫിഫയുടെ റഫറി കമ്മിറ്റിയുടെ തലവനായിരുന്ന കെൻ ആസ്റ്റനാണ് അതിനൊരു പരിഹാരം കണ്ടത്. അന്നു റോഡിൽ ഡ്രൈവ് ചെയ്യവേ ശ്രദ്ധിച്ച ട്രാഫിക്‌ സിഗ്നലുകൾ കെന്നിൻ്റെ ചിന്തയെ ഉണർത്തി. താക്കീതുകൾക്ക് മഞ്ഞ, കടുത്ത കുറ്റങ്ങൾക്ക് ചുവപ്പ് എന്ന കാർഡ് സിസ്റ്റത്തിൻ്റെ ആശയം ആ റോഡിൽ വച്ച് അദ്ദേഹത്തിൻ്റെ തലയിൽ ഉദിക്കുകയും അത് കെൻ ഫിഫയ്ക്കു മുന്നിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തു. അങ്ങനെ, ബ്രസീൽ ജേതാക്കളായ 1970-ലെ ലോകകപ്പിൽ ആദ്യമായി മഞ്ഞ-ചുവപ്പു കാർഡുകൾ അവതരിപ്പിക്കപ്പെട്ടു. അന്നത്തെ വിവാദ നായകൻ അൻ്റോണിയോ റാറ്റിൻ‌ കഴിഞ്ഞ ദിവസം അന്തരിച്ചു. ഫുട്ബോളിലെ കാർഡ് നിയമങ്ങൾക്കു കാരണക്കാരനായ അദ്ദേഹത്തിൻ്റെ സ്മരണാർത്ഥമാണ് അർജൻ്റീനൻ ടീം ഒന്നാകെ കറുത്ത ബാൻഡ് കെട്ടി കളിച്ചത്.1966-ലെ ആ ക്വാർട്ടർ ഫൈനൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു. കളിക്കു ശേഷം ഇംഗണ്ട് മാനേജർ ആൽഫ് റാംസേ അർജൻ്റീനൻ ടീമിനെ വിശേഷിപ്പിച്ചത് “മൃഗങ്ങൾ” എന്നായിരുന്നു. തോൽവിക്കും വിവാദമായ റഫറിയിംഗിനും ഒപ്പം ഇതും അർജൻ്റീനൻ ജനതയെ വല്ലാതെ പ്രകോപിപ്പിച്ചു. “നൂറ്റാണ്ടിൻ്റെ മോഷണം” എന്നാണ് അർജൻ്റീനക്കാർ ആ കളിയെ വിളിച്ചത്. അതോടെ കളിക്കുപരിയായി ഒരു വൈരം അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിൽ ഉടലെടുത്തു.1982-ൽ അർജൻ്റീനയുടെ തെക്കൻ തീരത്തെ ദ്വീപുസമൂഹമായ ഫോക്‌ലാൻഡിൻ്റെ അധികാരത്തെ ചൊല്ലി ബ്രിട്ടനും അർജൻ്റീനയും യുദ്ധത്തിൽ ഏർപ്പെടുകയും അതിൽ അർജൻ്റീന പരാജയപ്പെടുകയും ചെയ്തു. അർജൻ്റീന-ഇംഗ്ലണ്ട് ടീമുകൾ കാൽപന്ത് മൈതാനത്ത് ഇറങ്ങുമ്പോഴും ഈ വൈരം കത്തിജ്വലിച്ചു.

മറഡോണ

1986-ലെ ലോകകപ്പിൽ, മറ്റൊരു ക്വാർട്ടർ ഫൈനലിൽ വീണ്ടും അർജൻ്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടി. കുപ്രസിദ്ധമായ “ദൈവത്തിൻ്റെ കയ്യും” തൊട്ടുപുറകെ “നൂറ്റാണ്ടിൻ്റെ ഗോളും” സംഭവിച്ച മത്സരം. അത്യന്തം വാശിയും പകയും നിറഞ്ഞാടിയ മത്സരം. മറഡോണയുടെ ഇരട്ട ഗോളിൽ അന്നു അർജൻ്റീന ചിരവൈരികളെ കീഴടക്കി. ആ ലോകകപ്പിൽ ജേതാക്കളാവുകയും ചെയ്തു.

മൽസര ശേഷം മറഡോണ തൻ്റെ ഹാൻഡ് ഗോളിനെ‌ കുറ്റബോധമില്ലാതെ ന്യായീകരിച്ചു. പഴയ “നൂറ്റാണ്ടിൻ്റെ മോഷണത്തിന്” ഉള്ള മറുപടി എന്നായിരുന്നു. ഫോക്‌ലാൻഡിൽ മരിച്ചുവീണ അർജൻ്റീനൻ സൈനികർക്കായി അദ്ദേഹം ആ കളി സമർപ്പിച്ചു. വെറും കളിയായല്ല, ഫോക്‌ലാൻഡ് യുദ്ധത്തിനു ഇംഗ്ലീഷുകാരോടുള്ള അർജൻ്റീനയുടെ പകരം വീട്ടലായാണ് ആ കളിയെ മറഡോണ പ്രഖ്യാപിച്ചത്. ആ മത്സരം നടന്ന മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയവും അതോടെ ചരിത്രത്തിലിടം നേടി.

മറഡോണ

1998-ലെ ലോകകപ്പിൽ വീണ്ടും അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടി. അന്നു അർജൻ്റീനയുടെ സിമിയോണി ഫൗൾ ചെയ്യപ്പെട്ടതായി അഭിനയിച്ചതിനെ തുടർന്നു ഇംഗ്ലീഷ് ഇതിഹാസതാരം ഡേവിഡ് ബെക്കാം വിവാദമായ ചുവപ്പുകാർഡ് കണ്ടു പുറത്തു പോവുകയും അർജൻ്റീന കളി ജയിക്കുകയും ചെയ്തു. 2002-ൽ അതേ ബെക്കാം തന്നെയാണ് പെനാൽറ്റി കിക്കിലെ ഗോളിൽ അർജൻ്റീനയോട് പകരം വീട്ടിയത്.

ബെക്കാം

ബെക്കാം 

അതായിരുന്നു അവസാനമായി ലോകകപ്പിൽ ഇംഗ്ലണ്ടും അർജൻ്റീനയും നേർക്കുനേർ വന്ന മത്സരം. രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന ശത്രുത മൂലം പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും ഒരു സൗഹൃദമൽസരം പോലും കളിക്കാറില്ലായിരുന്നു. കാലം മാറി കളി മാറി. മൈതാനത്തിലെ ഓരോ പുൽത്തരിയിലെയും നീക്കങ്ങളെ ഒപ്പിയെടുക്കാവുന്ന തരത്തിൽ സാങ്കേതികവിദ്യ വളർന്നു.

കെയ്‌ൻ

എന്താണ് സംഭവിച്ചത് എന്ന് കാണികൾക്കും വ്യക്തത വരുന്ന കാലം. അൻ്റോണിയോ റാറ്റിനും മാറഡോണയും മാറി. ലോക ഫുട്ബോളിൻ്റെ നെറുകയിൽ നിൽക്കുന്ന മെസ്സി നയിക്കുന്ന അർജൻ്റീന. കളിക്കളത്തിലെ മാന്യതയുടെ മുഖമായ ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട്. മത്സരഫലം എന്തായാലും അവർ മാന്യതയോടെ കൈകൊടുത്ത് പിരിയുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. കളത്തിന് പുറത്ത് പക്ഷേ വീറും വാശിയും കാൽപാദം മുതൽ തലവരെ പെരുപ്പിക്കുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here