കാറ്റിൻ്റെ ഗതിയിലുണ്ടായ മാറ്റം ഇത്തവണ വടക്കൻ കേരളത്തിലും അസാധാരണമായ തണുപ്പിന് കാരണമായിട്ടുണ്ട്
കേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ മഞ്ഞുവീഴ്ചയും തണുപ്പും കടുക്കുന്നു. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കായി കാത്തിരിക്കുന്ന സഞ്ചാരികളെ വരവേൽക്കാൻ മൂന്നാറും വയനാടും വട്ടവടയും പൂർണമായും സജ്ജമായിക്കഴിഞ്ഞു. കാറ്റിൻ്റെ ഗതിയിലുണ്ടായ മാറ്റം ഇത്തവണ വടക്കൻ കേരളത്തിലും അസാധാരണമായ തണുപ്പിന് കാരണമായിട്ടുണ്ട്.
മൂന്നാറിൽ മഞ്ഞുകാലം സജീവം
കഴിഞ്ഞ സീസണിൽ മൈനസ് 3 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന മൂന്നാറിൽ, ഇത്തവണയും തണുപ്പ് റെക്കോർഡുകളിലേക്ക് നീങ്ങുകയാണ്. സൈലൻ്റ് വാലി, ദേവികുളം, ലെച്ച്മി സെക്ഷൻ എന്നിവിടങ്ങളിൽ താപ നില 0°C സെൽഷ്യസ് ആയി കുറഞ്ഞു. സെവൻമല 1 ഡിഗ്രി സെൽഷ്യസ്, ചെണ്ടുവരൈ 1 ഡിഗ്രി സെൽഷ്യസ്, മാടുപ്പെട്ടി 3 °, നല്ലതണ്ണി 2 ° എന്നിങ്ങനെ ആണ് ഇന്നത്തെ കുറഞ്ഞ താപനില. പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണതോടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും മലനിരകളും വെള്ള പുതച്ച നിലയിലാണ്.
വയനാട്ടിലും വിറപ്പിക്കുന്ന തണുപ്പ്
സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി വയനാട്ടിലും ഇത്തവണ തണുപ്പ് നേരത്തെ കടുത്തു. ഡിസംബർ പകുതി പിന്നിട്ടപ്പോൾ തന്നെ തണുത്തു വിറക്കുകയാണെന്ന് വയനാടുകാർ പറയുന്നു. ജില്ലയിലെ പലയിടങ്ങളിലും താപനില 11 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. പുലർച്ചെ അസഹ്യമായ തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിൽ എല്ലാം രാത്രിയും പുലർച്ചെയുമായി 20 ഡിഗ്രി സെൽഷ്യസിന് കുറവാണു താപനില. പുലർച്ചെ അനുഭവപ്പെടുന്ന അസഹ്യമായ തണുപ്പ് ജനജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലും വിനോദസഞ്ചാര മേഖലയ്ക്ക് ഇത് വലിയ ഉണർവാണ് നൽകുന്നത്.
കാറ്റിൻ്റെ ഗതി മാറ്റം
വടക്കൻ കേരളത്തിൽ തണുപ്പ് കൂടാൻ പ്രധാന കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. സാധാരണ തമിഴ്‌നാട് വഴി എത്തുന്ന കാറ്റാണ് കേരളത്തിൽ തണുപ്പ് എത്തിക്കാറുള്ളതെങ്കിൽ, ഇത്തവണ കർണാടകയിൽ നിന്നുള്ള കാറ്റ് വയനാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അതിശൈത്യത്തിന് കാരണമാകുന്നു.
വിനോദസഞ്ചാര മേഖലയിൽ വൻ തിരക്ക്
അവധി ദിനങ്ങൾ എത്തിയതോടെ മൂന്നാറിലും വട്ടവടയിലും സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൊടും തണുപ്പ് അനുഭവപ്പെടുന്ന വട്ടവടയിലാകട്ടെ പുതുവത്സരം വരെ എല്ലാ റിസോർട്ടുകളും ഹോം സ്റ്റേകളും ഇതിനോടകം തന്നെ ബുക്കിങ് പൂർത്തിയായി കഴിഞ്ഞതായി ഉടമകള്‍ പറയുന്നു.
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. ചുരുക്കത്തിൽ, ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ അതിശൈത്യത്തിൻ്റെ അകമ്പടിയോടെയാകും മലയാളി ആഘോഷിക്കുക.






