മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്താനും ദൈനംദിന ജോലികൾ എളുപ്പമാക്കാനും യോഗ സഹായിക്കും യോഗ വിദഗ്‌ധനായ സൗരഭ് ബോത്ര സംസാരിക്കുന്നു.
പ്രായമായാൽ ഒരിടത്ത് അടങ്ങിയിരിക്കണം എന്നാണ് പലരും പറയാറ്. ഇതുവരെ ഓടി തളർന്ന ശരീരത്തിന് ഇനി അൽപം വിശ്രമം ആവാം എന്ന് പറഞ്ഞ് വാർധക്യത്തിലേക്ക് കടക്കുന്നവരെ പലരും മാറ്റി നിർത്താറുമുണ്ട്. ഇതിന് പ്രധാന കാരണം അവർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്.
പ്രായമാകുന്നതിന് അനുസരിച്ച് പലർക്കും പേശികൾക്ക് ബലവും മെറ്റബോളിസവും ശരീരത്തെ ബാലൻസ് ചെയ്യാനുള്ള ശക്തിയും കുറയും. ലോകാരോഗ്യ സംഘടന നടത്തിയ സർവേ പ്രകാരം 60 വയസും അതിന് മുകളിലുമുള്ളവരിൽ 36 ശതമാനം പേർക്കും പേശികളുടെ ബലക്കുറവും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്.
ഇതിന് പരിഹാരമായി ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത് യോഗ പോലെ മനസിനും ശരീരത്തിനും ലഘുവായി വ്യായാമം നല്‍കാനാണ്. 2025ൽ നടത്തിയ സർവേ പ്രകാരം യോഗ പോലുള്ള വ്യായാമങ്ങൾ പ്രായമയവരിൽ മാനസികാരോഗ്യം, പേശികളുടെ ബലക്കുറവ് എന്നിവ മെച്ചപ്പെടുത്തിയതായി പറയുന്നു.
“മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്താനും ദൈനംദിന ജോലികൾ എളുപ്പമാക്കാനും യോഗ സഹായിക്കും. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന നിരവധി യോഗാസനങ്ങളുണ്ട്”, ഫിറ്റ്നസ് പ്ലാറ്റ്‌ഫോമായ ഹാബിൽഡിൻ്റെ സഹസ്ഥാപകനും യോഗ വിദഗ്‌ധനുമായ സൗരഭ് ബോത്ര പറയുന്നു..
തദാസനം
പ്രായമാകുന്നതിന് അനുസരിച്ച് പലർക്കും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാവാം. തദാസനം ഇത്തരം ബുദ്ധിമുട്ടുകൾ ഒഴുവാക്കുന്നു. കൂടാതെ ശരീരത്തിന് വഴക്കവും ഉന്മേഷവും നൽകാൻ സഹായിക്കുന്നതാണ് തദാസനം.
നേരെ നിവർന്ന് നിൽക്കുക. രണ്ട് പാദങ്ങളും ചേർത്ത് വച്ച് ഇരു കാലുകളുടെയും പെരുവിരലുകൾ പരസ്‌പരം സ്‌പർശിക്കുന്നത് പോലെ നിൽക്കുക. നട്ടെല്ല് നിവർത്തി പിടിച്ച ശേഷം നെഞ്ച് വികസിപ്പിക്കണം. വയറും കഴുത്തുമൊക്കെ ഒരേ നിലയിൽ നിവർത്തി വേണം പിടിക്കാൻ. കൈകൾ ശരീരത്തോട് ചേർത്ത് വച്ച് വേണം നിൽക്കാൻ. ഇങ്ങനെ കുറച്ച് സെക്കൻഡുകൾ നിൽക്കുക.
വൃക്ഷാസനം
ഇത് ശരീരത്തിൻ്റെ ബാലന്‍സ് നിലനിര്‍ത്താൻ സഹായിക്കുന്നു. കൂടാതെ അനാവശ്യ സമ്മര്‍ദത്തെ ഇല്ലാതാക്കുന്നതിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ശരീരത്തിന് ഉറപ്പും കരുത്തും തിളക്കവും എല്ലാം ലഭിക്കും.
നേരെ നിവർന്ന് നിൽക്കുക. കൈകൾ കൂപ്പി മുകളിലോട്ട് ഉയർത്തുക. വലതുകാൽ എടുത്ത് ഇടത് കാലിൻ്റെ തുടയിൽ വയ്‌ക്കുക. ശേഷം ശ്വാസം എടുക്കുകയും പതിയെ പുറത്തേക്ക് വിടുകയും ചെയ്യുക. ഇത് പോലെ മറുവശവും ചെയ്യുക.
ഭുജംഗാസനം
ശരീരത്തിൻ്റെ പുറംഭാഗത്തെ മസിലുകൾക്ക് അയവുനൽകുന്ന ഒരു യോഗാപോസാണ് ഭുജംഗാസനം. നടുവേദനയ്ക്ക് എളുപ്പത്തിൽ ആശ്വാസം ലഭിക്കും. സൂര്യനമസ്‌കാരത്തിലെ പ്രധാനപ്പെട്ട ഒരു യോഗാപോസാണിത്.
കാലുകൾ നിവർത്തിവച്ച് കമിഴ്‌ന്ന് കിടക്കുക. കൈകൾ ഷോൾഡറിന് താഴെ വരുന്ന രീതിയിൽ നിലത്ത് വയ്‌ക്കുക. പതുക്കെ ശ്വാസം ഉള്ളിലേക്കെടുത്ത് തല, നെഞ്ച്, ഉദരഭാഗം എന്നിവ ഉയർത്തുക. പൊക്കിൾഭാഗം നിലത്ത് മുട്ടണം. കഴുത്ത് പുറകോട്ട് വളക്കണം. ഇങ്ങനെ കഴിയുന്നത്ര ആഴത്തിൽ ശ്വാസോച്ഛ്വാസം ചെയ്‌ത് ഈ പോസ് തുടരുക.
ഭുജംഗാസനം
ശരീരത്തിൻ്റെ പുറംഭാഗത്തെ മസിലുകൾക്ക് അയവുനൽകുന്ന ഒരു യോഗാപോസാണ് ഭുജംഗാസനം. നടുവേദനയ്ക്ക് എളുപ്പത്തിൽ ആശ്വാസം ലഭിക്കും. സൂര്യനമസ്‌കാരത്തിലെ പ്രധാനപ്പെട്ട ഒരു യോഗാപോസാണിത്.
കാലുകൾ നിവർത്തിവച്ച് കമിഴ്‌ന്ന് കിടക്കുക. കൈകൾ ഷോൾഡറിന് താഴെ വരുന്ന രീതിയിൽ നിലത്ത് വയ്‌ക്കുക. പതുക്കെ ശ്വാസം ഉള്ളിലേക്കെടുത്ത് തല, നെഞ്ച്, ഉദരഭാഗം എന്നിവ ഉയർത്തുക. പൊക്കിൾഭാഗം നിലത്ത് മുട്ടണം. കഴുത്ത് പുറകോട്ട് വളക്കണം. ഇങ്ങനെ കഴിയുന്നത്ര ആഴത്തിൽ ശ്വാസോച്ഛ്വാസം ചെയ്‌ത് ഈ പോസ് തുടരുക.
വീരഭദ്രാസനം
വീരഭദ്രാസനം ചെയ്യുന്നതിലൂടെ ശരീരത്തിനും മനസിനും ഉണർവ് ലഭിക്കും. ഇത് നടുവേദന കുറയ്ക്കാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
നേരെ നിവർന്ന് നിൽക്കുക. വലത് കാൽ പിന്നോട്ടും ഇടത് കാൽ മുന്നോട്ടും വയ്‌ക്കുക. ഇടത് കാൽ മടക്കി L ആകൃതിയിൽ വയ്‌ക്കുക. ശ്വാസമെടുത്ത് കൈകൾ കൂപ്പി മുകളിലോട്ട് ഉയർത്തുക. ഒപ്പം നട്ടെല്ല് വികസിപ്പിക്കുകയും വേണം. ശ്വാസം പുറത്തേക്ക് വിടുമ്പോൾ കൈകൾ താഴ്‌ത്തി നേരെ നിൽക്കുക. ഇനി ഇത് മറു വശവും ചെയ്യാം.
പശ്ചിമോത്താനാസനം
നട്ടെല്ലിനെ അയവുള്ളതാക്കുന്നു. കൂടാതെ സന്ധികളെ ചലനാത്മവും ആന്തരികാവയവങ്ങളെ പ്രസരിപ്പുള്ളതുമാക്കുന്നു. ഇതിനെ ഉഗ്രാസനം എന്നും ബ്രഹ്മചര്യാസനം എന്നും അറിയപ്പെടുന്നു.
കാലുകൾ നീട്ടി നിലത്തി ഇരിക്കുക. കാൽ വിരലുകൾ ശരീരത്തിന് അഭിമുഖമായിരിക്കണം. ശ്വസിച്ച് കൊണ്ട് രണ്ട് കൈകളും തലക്ക് മുകളിലേക്ക് ഉയർത്തുക. നട്ടെല്ലിനെ കഴിയുന്നത്ര വലിച്ചു നീട്ടണം. കുറച്ച് സെക്കൻഡുകൾക്ക് ശേഷം ശ്വാസം വിട്ടുകൊണ്ട് അരക്കെട്ട് മുന്നോട്ട് വളഞ്ഞ് കാൽ വിരലുകളിൽ തൊടുക. ഇങ്ങനെ ആവർത്തിച്ച് ചെയ്യുക.
സുഖാസനം
മനസിനെ ശാന്തമാക്കുകയും സന്തോഷം നൽകുകയും വിഷാദം കുറക്കുകയും ചെയ്യുന്ന ഒരു യോഗാസനമാണിത്. മനസിൻ്റെയും ശരീരത്തിൻ്റെയും വിശ്രമം പ്രോത്സാഹിപ്പിക്കുന്നു. ഏത് പ്രായത്തിലുള്ളവർക്കും ഈ യോഗാസനം ചെയ്യാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.
കാലുകൾ നീട്ടി നട്ടെല്ല് നിവർത്തി നിലത്ത് ഇരിക്കുക. ഒരു പാദം മറ്റേ കാലിൻ്റെ തുടയുടെ അടിയിലായി വയ്‌ക്കുക. രണ്ട് കൈകളും തുടയിൽ നീട്ടി വച്ച് ചിൻ മുദ്രയിൽ പിടിക്കുക. ശ്രദ്ധ എപ്പോഴും കൺപുരികങ്ങളിൽ കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് കുറച്ച് അധിക സമയം തുടരേണ്ട യോഗാസനമാണ്.
ഇതുകൊണ്ട് മാത്രം എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും മാറണമെന്നില്ല. കാര്യമായ പ്രശ്‌നങ്ങൾ കാണുകയാണെങ്കിൽ വൈദ്യപരിശോധന തേടണം. അതുപോലെ പുതിയൊരു ദിനചര്യ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്‌ടറെയോ പരിശീലനം ലഭിച്ച ഒരു യോഗ പ്രൊഫഷണലിനെയോ സമീപിക്കുന്നത് നല്ലതാണെന്ന് സൗരഭ് ബോത്ര പറഞ്ഞു.









