ആണവ പ്രശ്‌നങ്ങൾക്ക് അറുതിയാകുമോ ?

0
10

മസ്‌കത്ത്: മൂന്നാം ഘട്ട ആണവ ചർച്ചയ്‌ക്ക് ഒരുങ്ങി ഇറാനും യുഎസും. വ്യാഴാഴ്‌ച (ഫെബ്രുവരി 26) ജനീവയിൽ വച്ചായിരിക്കും ചർച്ച നടക്കുകയെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി അറിയിച്ചു. യുഎസ് – ഇറാൻ ചർച്ചകൾ വ്യാഴാഴ്‌ച ജനീവയിൽ വച്ച് നടക്കുന്നതിൽ സന്തോഷമുണ്ടെന്ന് സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.

അമേരിക്ക ഏത് നിമിഷവും സൈനിക നടപടി സ്വീകരിക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന പ്രഖ്യാപനം. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും ഇറാൻ്റെ ആണവ സമ്പുഷ്‌ടീകരണം അംഗീകരിക്കുകയും ചെയ്‌താൽ ആണവ പദ്ധതിയിൽ പുതിയ വിട്ടുവീഴ്‌ച്ചകൾക്ക് തായാറാകുമെന്ന് ഇറാൻ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ആണവ സമ്പുഷ്‌ടീകരണം ഇറാൻ്റെ അവകാശമാണെന്നും അത് തുടരുമെന്നും ഉറപ്പിച്ചാണ് ഇറാൻ്റെ മുന്നോട്ട് പോക്ക്. ഇക്കാര്യം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇറാൻ – യുഎസ് ചർച്ചയിൽ സമീപകാല ചർച്ചകൾ അഭിമുഖീകരിക്കാനുള്ള ഇറാൻ്റെ സന്നദ്ധത ചൂണ്ടിക്കാട്ടി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ ചർച്ചയിൽ ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആദ്യ ഘട്ട ചർച്ച നടന്നത്. അതേസമയം ചർച്ചയ്‌ക്ക് മുന്നോടിയായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ആണവ കേന്ദ്രം വികസിക്കാനുള്ള ഇറാൻ്റെ പദ്ധതി തടയുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ഡിസംബറിൽ ഇറാനിലുണ്ടായ ജനകീയ പ്രക്ഷോഭമാണ് എല്ലാ പ്രശ്‌നങ്ങൾക്ക് കാരണമായത്.

ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരായ ഏതൊരു അമേരിക്കൻ ആക്രമണവും ഒരു പ്രാദേശിക യുദ്ധത്തിന് കാരണമാകുമെന്ന് ഇറാൻ്റെ പരമോന്നത നേതാവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇരു രാജ്യങ്ങളുടെ സാമ്പത്തിക നേട്ടത്തിനായി ഒരു കരാറിൽ ഏർപ്പെടാൻ ഇറാൻ അമേരിക്കയുമായി ശ്രമിക്കുന്നുണ്ടെന്ന് ഇറാൻ സാമ്പത്തിക നയതന്ത്ര ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമീദ് ഗൻബാരി പറഞ്ഞു. പ്രത്യേകിച്ച് വ്യോമയാനം, ഖനനം, എണ്ണ, വാതകം തുടങ്ങിയ മേഖലകളിൽ. ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ പതിറ്റാണ്ടുകളായി സ്വിറ്റ്സർലൻഡും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ നല്‍കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഇറാൻ്റെ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ നിരവധി ഷിപ്പിങ് സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here