അക്കി വിനായക്
തെക്കൻ കേരളത്തിൽ ക്ഷേത്രോത്സവങ്ങൾക്ക് ഇനി ഏകദേശം 60 ദിവസങ്ങൾക്കപ്പുറം ആരംഭം കുറിക്കുകയാണ്. ഡിസംബർ അവസാനവാരം മുതൽ മെയ് മാസം വരെയാണ് ഇവിടങ്ങളിലെ മിക്ക ക്ഷേത്രങ്ങളിലൊക്കെയും ഉത്സവം കൊണ്ടാടുന്നത്.
മൈക്കിലൂടെ കേൾക്കുന്ന സിനിമാപാട്ടുകളും ഭക്തിഗാനങ്ങളും രാത്രിയിലെ ഗാനമേളകളും കോമഡി ഷോകളും പാരമ്പര്യ കലകളും ഉത്സവ അന്തരീക്ഷത്തിന് മാറ്റുകൂട്ടുമെങ്കിലും, തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്ത്, ഉത്സവകാലങ്ങളിൽ തുടർച്ചയായി നാലു മാസത്തോളം മുഴങ്ങിക്കേൾക്കുന്ന ഒരു പാരമ്പര്യ അനുഷ്ഠാനകലയുണ്ട് ,തോറ്റംപാട്ട്. പ്രദേശങ്ങൾ മാറുന്നതിനനുസരിച്ച് കലാരൂപത്തിന്‍റെ ഭാവത്തിലും ആഖ്യാനത്തിലും വ്യത്യാസം വരുന്നുണ്ടെങ്കിലും, ഭദ്രകാളി ക്ഷേത്രങ്ങളിലാണ് തോറ്റംപാട്ട് പ്രധാനമായും അരങ്ങേറുന്നത്. ദേവി മാഹാത്മ്യം വിളിച്ചോതുന്ന കാവ്യശകലങ്ങളാണ് തോറ്റംപാട്ടുകൾ.
തോറ്റംപാട്ടുകൾ അനുഷ്ഠാനമായുള്ള അമ്പലങ്ങളിൽ ഏഴ് ദിവസമാണ് സാധാരണ ഉത്സവം. പത്ത് ദിവസം വരെ ഉത്സവം നീളുന്ന ചില ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഉത്സവത്തിന്‍റെ ഒന്നാം ദിവസം മുതൽ ഏഴാം ദിവസം വരെയാണ് രാവിലെയും വൈകിട്ടും ദേവീചരിതം കാവ്യരൂപത്തിൽ കലാകാരന്മാർ അവതരിപ്പിക്കുന്നത്.
ദേവിചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളായ ‘കൊന്നു തോറ്റു പാട്ട്’, ‘കല്യാണം’, ‘മാലപ്പുറം പാട്ട്’ തുടങ്ങിയവ അരങ്ങേറുമ്പോൾ നാട്ടിലെ വിശ്വാസികളായ ആസ്വാദകർ തോറ്റംപുരയ്ക്ക് ചുറ്റും വട്ടം കൂടും. ഭക്തിയും ആസ്വാദനവും ഒരുപോലെ സമന്വയിക്കുന്ന അപൂർവ കലാസൃഷ്ടികളിലൊന്നാണ് തോറ്റംപാട്ട്.
അവ്യക്തമായ ചരിത്രം, കൂടുതല്‍ പ്രദേശങ്ങളിലേക്ക്
പ്രധാനമായും തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലാണ് തോറ്റംപാട്ടുകൾ അരങ്ങേറുന്നത്. എന്നാൽ, പുതിയ കാലത്ത് ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളിലുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലും തോറ്റംപാട്ടുകൾ ആചാരാനുഷ്ഠാനമായി നടത്തുന്നുണ്ട്.
തോറ്റംപാട്ടുകളുടെ ചരിത്ര പരിശോധന ദുഷ്‌കരമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പല ദേവീക്ഷേത്രങ്ങളിലും ഈ കലാരൂപം തുടക്കം മുതൽക്കേ അനുഷ്ഠിച്ചു പോന്നതായി ചരിത്ര രേഖകളുണ്ട്. തോറ്റംപാട്ടുകളുടെ ഉത്ഭവത്തെക്കുറിച്ചും കാലപ്പഴക്കത്തെക്കുറിച്ചും വ്യക്തമായ രേഖകൾ ലഭ്യമല്ല. വർഷങ്ങളായി ഈ കലാരൂപം അനുഷ്ഠിച്ചുവരുന്ന കലാകാരന്മാർക്ക് പോലും നൂറുവർഷങ്ങൾക്കപ്പുറമുള്ള കാര്യങ്ങൾ അവ്യക്തമാണ്.
തോറ്റംപാട്ട് എന്ന കലാരൂപം ദൃശ്യവൽക്കരിക്കാൻ ഇ ടിവി ഭാരത് എത്തിച്ചേർന്നത് ബാബു ആശാന്‍റെയും ശിഷ്യന്മാരുടെയും അടുത്താണ്. ഈ അനുഷ്ഠാന കലയുടെ കഥ പറഞ്ഞു നല്‍കിയ് ജയകുമാർ ആശാൻ 45 വർഷമായി തോറ്റംപാട്ടിനൊപ്പം സഞ്ചരിക്കുന്നു. 150-ൽ അധികം വിദ്യാർഥികൾക്ക് ഇപ്പോഴും അദ്ദേഹം തോറ്റംപാട്ട് ചൊല്ലിക്കൊടുക്കുന്നുണ്ട്.
എഴുതാത്ത താളം, പാടുന്ന വൃത്തം
ഭദ്രകാളി ദേവിയുടെ ജനനം മുതൽ വിവാഹമടക്കമുള്ള കാര്യങ്ങൾ പ്രതിപാദിച്ച് ദാരിക പാണ്ഡ്യ നിഗ്രഹം വരെയുള്ള കഥയാണ് തോറ്റംപാട്ടായി അരങ്ങേറുന്നത്. ഏഴു ദിവസം മുതൽ 10 ദിവസം വരെ നീളുന്ന തരത്തിലാണ് കഥ പറഞ്ഞവസാനിക്കുന്നത്. കാവ്യരൂപത്തിലുള്ള വായ്ത്താരികളാണ് തോറ്റംപാട്ടിന്‍റെ ഘടന. മേടമാസം ഒന്നാം തീയതി മുതൽ തോറ്റംപാട്ടിനായുള്ള പരിശീലനം ആരംഭിക്കും.
എഴുതി പഠിക്കാൻ പാടില്ല എന്നുള്ളതാണ് തോറ്റംപാട്ടിനെ വ്യത്യസ്തമാക്കുന്നത്. ആശാൻ കുട്ടികൾക്ക് കഥ ചൊല്ലിക്കൊടുക്കും. പ്രത്യേക താളത്തിലുള്ള കവിതകളായി കഥ പാടുന്ന രീതിയിലാണ് തോറ്റംപാട്ട്. ലിഖിത രൂപമില്ലാത്തതുകൊണ്ടുതന്നെ ആശയം വ്യക്തമാക്കുന്ന തരത്തിലാണ് ആശാനും ശിഷ്യനും പാടുന്നത്.
അതുകൊണ്ടുതന്നെ ഓരോ ആശാനും തോറ്റംപാട്ട് പാടുന്ന രീതികൾ വ്യത്യസ്തമായിരിക്കും. കഥ ഒന്നുതന്നെയാണെങ്കിലും പാടുന്ന വരികളുടെ വാക്കുകൾ വ്യത്യാസപ്പെട്ടിരിക്കുമെന്ന് മാത്രം. തോറ്റംപാട്ട് പാടുന്നതിന് ഒരു പ്രത്യേക താളമുണ്ട്. ആ താളവും നീട്ടലും തെറ്റിയാൽ തോറ്റംപാട്ടിന്‍റെ ആത്മാവ് നഷ്ടപ്പെടും. തോറ്റംപാട്ടിലെ ഓരോ വാക്കുകളും വൃത്തത്തിനനുസരിച്ചായിരിക്കണം.
അനുഷ്ഠാനക്രമങ്ങളും വേദിയിലെ മാറ്റങ്ങളും
മുൻപ് പച്ചപ്പന്തൽ കെട്ടി ദേവിക്ക് അഭിമുഖമായാണ് തോറ്റംപാട്ട് പാടിയിരുന്നത്. എന്നാൽ പുതിയ കാലത്ത് ഉണങ്ങിയ ഓല മെടഞ്ഞ് മൂന്നു പേർക്കിരിക്കാവുന്ന തരത്തിൽ ഒരു പന്തൽ തയ്യാറാക്കുന്നു. ‘പച്ചപ്പന്തൽ’ എന്ന പ്രയോഗം ഇപ്പോൾ അന്വർത്ഥമല്ലാതായി. കവുങ്ങിൻ തടിയാണ് പന്തലിന്‍റെ ബലം. കലാകാരന്മാർ ബെഞ്ചിലാണ് ഇരുന്നു പാടുന്നത്. കൈത്താളമാണ് പ്രധാന വാദ്യം. ആശാനും രണ്ട് ശിഷ്യന്മാരും ചേർന്നതാണ് സാധാരണ രീതി. ദേവി വിഗ്രഹത്തിന് അഭിമുഖമായി ഇരുന്ന് പാടുന്നു എന്നു പറയുമ്പോഴും, ആറ്റിങ്ങൽ ഭാഗത്തുള്ള ചില ക്ഷേത്രങ്ങളിൽ കിഴക്ക് ദർശനമായി പാടുന്ന രീതിയും അവലംബിക്കുന്നുണ്ട്.
‘കാപ്പുകെട്ടി കുടിയിരുത്തുക’ എന്ന ആദ്യ ഘട്ടത്തിലൂടെയാണ് തോറ്റംപാട്ട് ആരംഭിക്കുന്നത്. മൂലസ്ഥാനത്തുള്ള ഭദ്രകാളി ദേവിയെ പ്രാദേശിക അമ്പലത്തിലെ ദേവീചൈതന്യത്തോട് കൂട്ടിയോജിപ്പിക്കുന്നതാണ് ‘കാപ്പുകെട്ടി കുടിയിരുത്തൽ’ രീതി. ഇത് പൊതുവേ മൈക്കിലൂടെ പാടാറില്ല.
പിന്നീട് ‘കല്യാണം’, ‘മാലപ്പുറം’ തുടങ്ങിയ ഘട്ടങ്ങളിലൂടെ തോറ്റംപാട്ട് മുന്നേറും. പൊതുവെ മൂന്ന് പേരാണ് പാടുന്നതെങ്കിലും, രണ്ട് കലാകാരന്മാർ എപ്പോഴും ക്ഷേത്രസന്നിധിയിൽ ഉണ്ടാകും. ആർക്കെങ്കിലും എന്തെങ്കിലും അസൗകര്യം നേരിട്ടാൽ പകരക്കാരാകാൻ വേണ്ടിയാണ് രണ്ട് പേർ ഒപ്പം കൂടുന്നത്. വെള്ളമുണ്ടും തലയിൽ തോർത്തുമാണ് ആശാന്‍റെ വേഷം. മുണ്ടെടുത്താണ് ശിഷ്യന്മാർ അവതരണം കാഴ്ചവയ്ക്കുന്നത്.
കാപ്പുകെട്ടി കുടിയിരുത്തൽ കഴിഞ്ഞാൽ, ദേവീചരിതം മൈക്കിലൂടെ ദേശം മുഴുവൻ തോറ്റംപാട്ടിന്‍റെ രൂപത്തിൽ വ്യാപിക്കുകയായി. നാനാജാതിയിലുള്ള ജനങ്ങൾ ആ പാട്ടുകൾ കേൾക്കുന്നു, കഥ അറിയുന്നു. ദാരിക പാണ്ഡ്യ നിഗ്രഹ കഥാ പാടുന്ന ‘കൊന്നു തോറ്റു പാട്ട്’ മൈക്കിലൂടെ പാടാറില്ല.
അവിലും പഴങ്ങളും മറ്റ് ഫലങ്ങളും പൂജാദ്രവ്യങ്ങളും ചേരുന്ന ‘പടുക്ക’ ഇട്ട ശേഷമാണ് ഓരോ ദിവസവും തോറ്റംപാട്ട് അരങ്ങേറുന്നത്. രാവിലെ മുതൽ ഉച്ചവരെയും വൈകുന്നേരം മുതൽ രാത്രി വരെയും ആണ് തോറ്റംപാട്ട് പാടുന്നത്.
തുച്ഛമായ വരുമാനം, ഭാവിയെക്കുറിച്ച് ആശങ്ക
അനുഷ്ഠാനകലയാണെങ്കിലും തോറ്റംപാട്ടിന് ആരാധകർ ഏറെയാണെന്ന് ജയകുമാർ ആശാൻ വ്യക്തമാക്കി. കലാരൂപം അരങ്ങേറുമ്പോൾ ആ സംഗീതത്തിൽ ആകൃഷ്ടരായ ധാരാളം കുട്ടികൾ ഇപ്പോൾ തോറ്റംപാട്ട് പഠിക്കാൻ മുന്നോട്ട് വരുന്നുണ്ട്. എന്നാൽ, ഒരു വരുമാനമാർഗ്ഗം എന്നുള്ള രീതിയിൽ തോറ്റംപാട്ടിനെ നോക്കിക്കാണാനാവില്ല എന്നും ജയകുമാര്‍ ആശാന്‍ പറയുന്നു. അമ്പലങ്ങളിൽ അരങ്ങേറുന്ന മറ്റു കലാരൂപങ്ങൾക്ക് ലഭിക്കുന്ന വരുമാനം തോറ്റംപാട്ട് കലാകാരന്മാർക്ക് ലഭിക്കാറില്ല. ലഭിക്കുന്നത് വളരെ തുച്ഛമായ തുകയാണ്; കൂലിയെക്കാൾ ‘ദക്ഷിണ’ എന്ന പ്രയോഗമാണ് ഉചിതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല അനുഷ്ഠാന ആചാര കലകളും അന്യം നിന്നുകൊണ്ടിരിക്കുന്ന കാലത്ത് തോറ്റംപാട്ടിന്റെ സ്ഥിതിയും വ്യത്യസ്തമല്ല എന്നുതന്നെയാണ് ജയകുമാർ ആശാന്‍റെ അഭിപ്രായം. അന്യംനിൽക്കൽ ആരംഭിച്ചു കഴിഞ്ഞു. എത്രകാലം ഇതുപോലുള്ള മനോഹര കലകൾ ഈ ഭൂമിയിൽ നിലനിൽക്കുമെന്ന് അറിയില്ല. ഒന്നോ രണ്ടോ തലമുറകൾ കൂടി ഇതൊക്കെ തുടരുമെന്നാണ് പ്രതീക്ഷ. അതിനപ്പുറം എല്ലാം അവ്യക്തമാണ്.
ഏഴ് ദിവസത്തെ ദേവീചരിതം കേട്ട് ആസ്വദിക്കാൻ താത്പര്യമുള്ളവർക്ക് ജനുവരി മുതൽ മെയ് വരെയുള്ള കാലഘട്ടത്തിൽ തിരുവനന്തപുരത്തേക്ക് വണ്ടി കയറാം. കണക്കനുസരിച്ച് ഓരോ 20 കിലോമീറ്ററിലും 5-ൽ അധികം ഭദ്രകാളി ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. കഴക്കൂട്ടം, കണിയാപുരം, പള്ളിപ്പുറം, പോത്തൻകോട്, കഠിനംകുളം തുടങ്ങിയ ഭാഗങ്ങളിൽ പരിശോധിച്ചാൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തന്നെ പത്തിലധികം ഭദ്രകാളി ക്ഷേത്രങ്ങളുണ്ട്. തോറ്റംപാട്ടുകളാൽ മുഖരിതമായ പ്രഭാതങ്ങളും സായാഹ്നങ്ങളും തെക്കൻ കേരളത്തിന്‍റെ മാത്രം സവിശേഷതയാണ്.








